ലണ്ടൻ: കന്റ്‌റെമ്പ്റ്റ് ലോ ലംഘിച്ച് കോടതിക്ക് മുമ്പിൽ വച്ച് ഒരു മണിക്കൂറോളം നേരം ഫേസ്‌ബുക്ക് ലൈവ് നടത്തിയെന്ന കുറ്റത്തിന് ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് സ്ഥാപകൻ ടോമി റോബിൻസന് ( 35) ഇനി 13 മാസം അഴിയെണ്ണാം. സ്റ്റീഫൻ ക്രിസ്റ്റഫർ യാക്സ്ലെ-ലെന്നൊൻ എന്ന യഥാർത്ഥ പേരിലുള്ള ഇദ്ദേഹം വലത് വംശീയവാദത്തിനായി നിലകൊള്ളുന്നയാളാണ്. കഴിഞ്ഞ വെള്ളിയാഴ്ച ലീഡ്സ് ക്രൗൺ കോടതിക്ക് പുറത്തുള്ള സ്റ്റെപ്പുകളിൽ വച്ച് തന്റ സംസാരം ലൈവ് സ്ട്രീം ചെയ്തതിനെ തുടർന്നാണ് അറസ്റ്റിലായത്. ഒരു മണിക്കൂറോളം നീളുന്ന ഈ വീഡീയോ ദൃശ്യം ഫേസ്‌ബുക്കിലൂടെ രണ്ടരലക്ഷം പേരായിരുന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടിരുന്നത്.

ജയിൽ വാസത്തിനിടെ തന്റെ ജീവന് കടുത്ത ഭീഷണി നേരിടേണ്ടി വരുമെന്ന ആശങ്ക റോബിൻസൻ രേഖപ്പെടുത്തിയിട്ടുണ്ട്. തീവ്രവലതുപക്ഷ നേതാവായ ഇദ്ദേഹത്തിന് തടവറയിൽ വച്ച് ആക്രമണങ്ങൾക്ക് വിധേയനാകേണ്ടി വന്നേക്കാമെന്ന് ഉത്കണ്ഠ ഇദ്ദേഹത്തിന്റെ ലോയറായ മാത്യു ഹാർഡിംഗും പ്രകടിപ്പിച്ചിരുന്നു. റോബിൻസെ വധിക്കുന്നതിന് പ്രതിഫലമായി ചില സഹതടവുകാർക്ക് മയക്കുമരുന്നും മൊബൈൽ ഫോണുകളും വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ആശങ്കയും ലോയർ ഉയർത്തുന്നുണ്ട്. റോബിൻസൻ അറസ്റ്റിലായ വിവരം അറിഞ്ഞ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ആരാധകരും ശനിയാഴ്ച വൈറ്റ് ഹാളിന് മുന്നിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോബിൻസനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ബാനറുകളും പ്ലേകാർഡുകളും അവർ ഉയർത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ലീഡ്സ് ക്രൗൺ കോടതിയിൽ വിചാരണ നടക്കുമ്പോഴായിരുന്നു റോബിൻസൻ കോടതിക്ക് വെളിയിൽ വച്ച് ഫേസ്‌ബുക്ക് ലൈവ് നടത്തിയത്. അതിനിടെ തന്നെ പൊലീസ് വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ഈ ഫൂട്ടേജിൽ കാണാം. ഫേസ്‌ബുക്ക് ലൈവിനിടെ കടന്ന് വന്ന പൊലീസ് റോബിൻസനോട് അദ്ദേഹത്തിന്റെ ഫോൺ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ താൻ ഫോൺ എന്തിനാണ് നൽകുന്നതെന്ന് റോബിൻസൻ പൊലീസിനോട് ചോദിക്കുന്നുമുണ്ട്. സമാധാനം ലംഘിച്ചുവെന്ന കുറ്റത്തിനാണ് ഫോൺ ചോദിക്കുന്നതെന്ന് പൊലീസ് പറയുന്നതും ഫൂട്ടേജിൽ കാണാം.

തുടർന്ന് നടന്ന വിചാരണയിൽ റോബിൻസൻ കോടതിയെ നിന്ദിച്ചുവെന്ന് തെളിയുകയും തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. റോബിൻസൻ കോടതിക്ക് വെളിയിൽ വച്ച് നടത്തിയ ഫേസ്‌ബുക്ക് ലൈവ് കോടതിക്ക് അകത്ത് നടന്ന് കൊണ്ടിരുന്ന വിചാരണയെ തടസപ്പെടുത്തിയെന്നായിരുന്നു ജഡ്ജ് ജിയോഫെറി മാർസൻ ക്യൂസി പറഞ്ഞത്. ഇതിലൂടെ നികുതിപ്പണത്തിൽ നിന്നും ആയിരക്കണക്കിന് പൗണ്ട് വെറുതെയായെന്നും ജഡ്ജി റോബിൻസനോട് വിചാരണ വേളയിൽ വിശദീകരിച്ചിരുന്നു.

തന്റെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ റോബിൻസൻ ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചത്. കോടതി നടപടികളെ തടസപ്പെടുത്തുന്ന രീതിയിലല്ല തന്റ കക്ഷി കോടതിക്ക് പുറത്ത് ഫേസ്‌ബുക്ക് ലൈവ് നടത്തിയതെന്ന് അദ്ദേഹം വാദിച്ചെങ്കിലും റോബിൻസനെ ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ സാധിക്കാതെ പോവുകയായിരുന്നു.