ണ്ടനിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജയായ 20 കാരി ഫാത്തിമാ ഖാൻ തന്റെ ഒരു കാമുകനെ കൊണ്ട് മറ്റെ കാമുകനെ കുത്തി കൊല്ലിച്ചിട്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇവർക്ക് ജീവിതാന്ത്യം വരെ തടവിനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. തന്റെ കാമുകനായ റാസാഖാൻ എന്ന 19 കാരനെ കൊണ്ട് മറ്റൊരു കാമുകനും 18കാരനുമായ ഖാലിദ് സാഫിയെ വകവരുത്തിക്കുകയായിരുന്നു ഫാത്തിമ ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് വെസ്റ്റ് ലണ്ടനിലെ നോർത്ത് ആക്ഷനിൽ വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്.

പ്രസ്തുത ദിവസം ട്യൂബ് സ്റ്റേഷനടുത്തുള്ള കോസ്റ്റകോഫിയിൽ വൈകുന്നേരം അഞ്ച് മണിയോടെ ഫാത്തിമയും സാഫിയും ഇരുന്ന് സംസാരിച്ചിരുന്നുവെന്നും സാഫി വളരെ സന്തോഷവാനായിരുന്നുവെന്നും ഓൾഡ് ബെയ്ലെ കോടതിയിൽ വച്ച് നടന്ന വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് അവിടേക്ക് റാസാഖാൻ കടന്ന് വന്നതോടെ രംഗം വഷളാവുകയായിരുന്നുവെന്നാണ് ഒരു ദൃക്സാക്ഷി കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇരു കാമുകന്മാരും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളുണ്ടാവുകയും അത് ഖാൻ സാഫിയെ കൊല്ലുന്നതിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് സാക്ഷിമൊഴി.

സാഫിയെ, ഫാത്തിമ മുൻകൈയെടുത്ത് ഖാനെ കൊണ്ട് കൊല്ലിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടറായ കേറ്റ് ബെക്സ് ക്യൂസി കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ഖാനും ഫാത്തിമയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നുവെന്നും അതിന് സാഫി ഒരു തടസമായിത്തീർന്നപ്പോൾ കൊന്ന് തള്ളുകയായിരുന്നുവെന്നും വെളിപ്പെട്ടിരുന്നു. കോസ്റ്റകോഫിയിൽ താൻ സാഫിയെ എത്തിക്കാമെന്നും അവിടെ എത്തിയാൽ കൃത്യം നിർവഹിക്കാമെന്നും ഫാത്തിമ , ഖാന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. കൊലപാതകം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഖാന്റെ പെരുമാറ്റത്തിൽ നിന്നും ഇതിനൊക്കെയുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടർ വാദിക്കുന്നത്.

റാസാഖാനെ ഉപയോഗിച്ച് സാഫിക്ക് ഗുരുതരമായ പരുക്കേൽപ്പിക്കുകയോ കൊല്ലുകയോ ഫാത്തിമയുടെ ലക്ഷ്യമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ ബോധിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈകുന്നേരം ആറ് മണിയോടെ കോസ്റ്റകോഫിയിൽ എത്തിയ ഖാൻ , സാഫിയുമായി കുറച്ച് നേരം വാഗ്വാദത്തിലേർപ്പെടുകയും കത്തിയെടുത്ത് സാഫിയുടെ നെഞ്ചിൽ തുടർച്ചയായി കുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.എന്നാൽ ആക്രമണം നടക്കുന്നതിനിടെയോ അതിന് ശേഷമോ സാഫിയെ രക്ഷിക്കാനോ സഹായിക്കാനോ ഫാത്തിമ യാതൊരു വിധത്തിലുമുള്ള ശ്രമവും നടത്തിയില്ലെന്നും ജൂറർമാർക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.

രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന സാഫിയുടെ ചിത്രം ഫേസ്‌ബുക്കിലും സ്നാപ് ചാറ്റിലും ഇട്ട് അപമാനിക്കാനായിരുന്നു ഫാത്തിമ ശ്രമിച്ചത്. എന്നാൽ സാഫിയെ കൊല്ലാൻ കൂട്ട് നിന്നുവെന്ന ആരോപണം ഫാത്തിമ ശക്തമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. റാസാഖാനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ഇറക്കിയിട്ടുണ്ടെങ്കിലും അയാളെ കണ്ടെത്തിയിട്ടില്ല. സാഫിയുമായി രണ്ട് വർഷങ്ങളായി ഫ ാത്തിമയ്ക്ക് ബ ന്ധമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി സാഫിയും ഖാനും തമ്മിൽ ഫാത്തിമയുടെ പേരിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നുവെന്നും ഇതിന് മുമ്പ് ഖാൻ ഒരു വട്ടം സാഫിയുടെ ചുമലിൽ കത്തി കൊണ്ട് കുത്തിയിരുന്നുവെന്നും ഇരുവരുടെയും ഒരു സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്.