സ്‌കോട്ട്ലൻഡിലെ കിൽമാർനോക്കിലെ കത്തോലിക്കാ ഓർഫനേജിൽ വച്ച് തനിക്ക് കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത് വിട്ട് ഇപ്പോൾ 59 വയസുള്ള ഹെലെൻ ഹോളണ്ട് എന്ന സ്ത്രീ രംഗത്തെത്തി. സ്‌കോട്ടിഷ് ചൈൽഡ് അബ്യൂസ് എൻക്വയറിക്ക് മുന്നിൽ ഇന്നലെ നടന്ന വിചാരണക്കിടെയാണ് ഹെലെൻ തന്റെ ദുരനുഭവങ്ങളുടെ ചുരുളഴിച്ചത്. കിൽമാർനോക്കിലെ നസ്റത്ത് ഹൗസ് ഹോമിൽ കഴിയവെ 1960നും 1970നും ഇടയിലായിരുന്നു താൻ പീഡിപ്പിക്കപ്പെട്ടിരുന്നതെന്ന് ഹെലെൻ ഞെട്ടലോടെ വെളിപ്പെടുത്തുന്നു.

ഇവിടുത്തെ ഒരു കന്യാസ്ത്രീയുടെ ഉപദ്രവം സഹിക്കാനാവാതെ എട്ടു വയസുകാരിയായ താൻ ഒരു പുരോഹിതന്റെ അടുത്ത് പരാതി പറയാൻ ചെന്നപ്പോൾ ആ അച്ചൻ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഹെലെൻ ആരോപിക്കുന്നത്. ഇതിനായി തന്റെ തുണിയഴിച്ച് പിടിച്ച് കൊടുത്തത് ഒരു കന്യാസ്ത്രീയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളോളം താൻ ഈ ഓർഫനേജിൽ കടുത്ത ലൈംഗിക ചൂഷണങ്ങൾക്ക് ഇരയായെന്നാണ് ഈ സ്ത്രീ പരാതിപ്പെട്ടിരിക്കുന്നത്. തന്റെ ഉള്ളിൽ പിശാച് കടന്ന് കൂടിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇവിടുത്തെ കന്യാസ്ത്രീ ഹാൻഡ് ബ്രഷെടുത്ത് പതിവായി അടിച്ചിരുന്നതെന്നും ഹെലെൻ വെളിപ്പെടുത്തുന്നു.

തുണിയഴിപ്പിച്ച് നിർത്തിയായിരുന്നു തന്നെ കന്യാസ്ത്രീ അടിച്ചിരുന്നതെന്നും ഹെലെൻ വേദനയോടെ ഓർക്കുന്നു. ഇത്തരത്തിൽ കന്യാസ്ത്രീയുടെ പീഡനം സഹിക്കാനാവാതെ വന്നപ്പോൾ പുരോഹിതനോട് പരാതി പറയാൻ ചെന്നപ്പോൾ അദ്ദേഹം തന്നെ റൂമിലെ ബോർഡ് റൂം ടേബിളിൽ കിടത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് സ്ത്രീ പരാതിപ്പെട്ടിരിക്കുന്നത്. ഈ സമയത്ത് കന്യാസ്ത്രീ ഹെലെന്റെ കൈകൾ ടേബിളിനോട് ചേർത്ത് ബലമായി പിടിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നാല് വർഷങ്ങൾക്കിടെ നിരവധി പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്ന് ഹെലെൻ വെളിപ്പെടുത്തുന്നു.

ആരോണവിധേയായ ഇവിടുത്തെ കന്യാസ്ത്രീ കുട്ടികളെയെല്ലാം അതിക്രൂരമായി ശിക്ഷിക്കാറും മർദിക്കാറുമുണ്ടായിരുന്നുവെന്നാണ് എൻക്വയറിക്ക് മുന്നിൽ ഈ സ്ത്രീ ബോധിപ്പിച്ചിരിക്കുന്നത്. മുളവടി കൊണ്ടായിരുന്നു കന്യാ സ്ത്രീ കുട്ടികളെ അടിച്ചിരുന്നത്. ഇതിന് പുറമെ തൊഴിക്കുകയും മുഖത്തിടിക്കുകയും ചെയ്യുന്നതും പതിവായിരുന്നു. മുതിർന്നപ്പോൾ ഈ പീഡനങ്ങളെ കുറിച്ച് താൻ പ്രൊക്യൂറേറ്റർ ഫിസിക്കലിൽ പരാതിപ്പെട്ടിരുന്നുവെങ്കിലും പ്രതിസ്ഥാനത്തുള്ള കന്യാസ്ത്രീക്ക് അപ്പോഴേക്കും വളരെ പ്രായമായതിനാൽ കേസ് മുന്നോട്ട് പോയില്ലെന്നും ഹെലെൻ പറയുന്നു.

നിലവിൽ ഇൻ-കെയർ അബ്യൂസ് സർവൈവേർസ് ഗ്രൂപ്പിന്റെ ചെയർവുമണാണ് ഹെലെൻ. ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്നവർക്ക് നീതി നേടിക്കൊടുക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണിത്.എഡിൻബർഗിലെ ലേഡി സ്മിത്തിന് മുന്നിൽ നടക്കുന്ന എൻക്വയറി ഇന്നും തുടരുന്നതാണ്.