ലണ്ടൻ: കൗണ്ടി ദർഹാമിലെ ഷിൽഡനിലുള്ള അൽബിയോൺ അവന്യൂവിൽ രണ്ട് സ്ത്രീകൾ തമ്മിൽ ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കൈയാങ്കളി സോഷ്യൽമീഡിയയിൽ വൈറലായി. ഇതിന്റെ വീഡിയോ 24 മണിക്കൂറിനുള്ളിൽ 1.5 മില്യൺ പേരാണ് കണ്ടിരിക്കുന്നത്. ഷിൽഡൻ പ്രദേശത്തുകാർ ബ്ലാക്ക് ജ്യൂസി എന്ന് വിളിക്കുന്ന ഇരുണ്ട നിറക്കാരിയായ സ്ത്രീയും വെളുത്ത നിറമുള്ള ലിൻഡ്സിയും തമ്മിലായിരുന്നു പട്ടാപ്പകൽ ഏവരും കാണെ ഏറ്റ് മുട്ടിയത്. അടിക്കിടെ ഒരുത്തി തുണി പൊക്കി കാണിച്ചപ്പോൾ മറ്റവൾ ചായക്കപ്പ് കൊണ്ടെറിയുന്നത് വീഡിയോയിൽ കാണാം.

അടിയുടെ ഒരു ഘട്ടത്തിൽ രണ്ട് പേരും മുടിക്ക് പിടിച്ചും കഴുത്തിന് കടിച്ചും അടിയോടടിയായിരുന്നു. ഇതിൽ ഇടപെടാൻ എത്തിയ അയൽപക്കക്കാരനെ ശകാരിക്കാൻ ചെന്നവൾക്ക് ഒന്നാംതരം ചവിട്ടാണ് കിട്ടിയത്. അയൽപക്കത്തെ രണ്ട് സ്ത്രീകൾ തമ്മിൽ ഇത്തരത്തിൽ നടത്തിയ ഉഗ്രൻ അടി ശ്രദ്ധേയമായിരിക്കുകയാണ്. അടിക്ക് ശേഷം ഇതിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കൂടുതൽ നടപടിയെടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്നാണ് ഈ തല്ലിന്റെ വീഡിയോ പകർത്തിയ ജോൺ കാന്റി വെളിപ്പെടുത്തുന്നത്. രണ്ട് സ്ത്രീകളും നന്നായി മദ്യപിച്ചിരുന്നുവെന്നാണ് സൂചന.

രണ്ട് പേരും തെരുവിൽ നിന്ന് എന്തോ പ്രശ്നത്തെ ചൊല്ലി വാഗ്വാദം നടക്കുന്നിടത്ത് നിന്നാണീ വീഡിയോ ആരംഭിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ബ്ലാക്ക് ജ്യൂസി എന്നറിയപ്പെടുന്ന സ്ത്രീ തന്റെ വീടിന് മുന്നിൽ നിന്ന് മറ്റേ സ്ത്രീയോട് ശബ്ദമുയർത്തി സംസാരിക്കുന്നത് കാണാം. തുടർന്ന് വെളുത്ത സ്ത്രീ താൻ ധരിച്ച പിങ്ക് സ്ട്രാപ്ലെസ് പ്ലേസ്യൂട്ട് വസ്ത്രം ബ്ലാക്ക് ജ്യൂസിക്ക് നേരെ ആഭാസപൂർവം ഉയർത്തിക്കാട്ടി കുലുക്കുന്നതും കാണാം.ഇതിനുള്ള തിരിച്ചടിയെന്നോണം '' വൃത്തികെട്ട സ്ത്രീ'' എന്ന് വിളിച്ച് കറുത്ത സ്ത്രീ ലിൻഡ്സിയെ അധിക്ഷേപിക്കുന്നുണ്ട്. ഇതിന് പുറമെ ദേഷ്യത്തോടെ ചായക്കോപ്പെടുത്ത് വെളുത്തവളെ എറിയാൻ ഒരുങ്ങാനും അവർ ധൈര്യം കാട്ടിയിരുന്നു.

ഇത് സഹിക്കാനാവാതെ ലിൻഡ്സി കറുത്ത സ്ത്രീക്ക് നേരെ ആക്രമണോത്സുകയായി ചീറിയടുക്കുകയും ദേഷ്യത്തോടെ പിടിച്ച് തള്ളുന്നതും കാണാം. തുടർന്ന് കറുത്ത സ്ത്രീ തന്റ കൈയിലുള്ള ചായക്കോപ്പ് ലിന്ഡ്സിക്ക് നേരെ എറിയുകയും ചെയ്തിരുന്നു.എന്നാൽ ഈ കപ്പ് തന്റെ മുഖത്തുകൊള്ളാതെ വിദഗ്ധമായി തട്ടി മാറ്റാൻ ലിൻഡ്സിക്ക് സാധിച്ചിരുന്നു.

തുടർന്ന് ഇരു സ്ത്രീകളും തമ്മിലുള്ള അടികലശൽ മൂർച്ഛിക്കുകയായിരുന്നു. ഇരുവരും പരസ്പരം മുഖത്തടിച്ചിരുന്നു. യൂട്യൂബിൽ കാന്റിസ് ലേറ്റ് നൈറ്റ് ഷോ ചാനൽ നടത്തുന്ന ആളായ ജോൺ കാന്റിയാണീ വീഡിയോ പകർത്തി വൈറലാക്കിയിരിക്കുന്നത്.