ണ്ടൻ മേയർ സ്ഥാനത്തുനിന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിവരെയായി വളർന്ന ബോറിസ് ജോൺസണെ അടുത്ത പ്രധാനമന്ത്രിയായി കണ്ടവരേറെയാണ്. എന്നാൽ, തെരേസ മേയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വിദേശകാര്യ മന്ത്രി സ്ഥാനത്തുനിന്ന് പുറത്തായ ബോറിസ്, ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ നിറംപിടിപ്പിച്ച കഥകളിലൂടെയാണ്. കാൽനൂറ്റാണ്ടായി തുടരുന്ന ദാമ്പത്യത്തിന് വിരാമമിട്ട് ഭാര്യ മരിയാന വീലർ വേർപിരിയുന്നതാണ് ഇപ്പോഴത്തെ വലിയ വാർത്ത.

പഠനകാലം മുതൽക്കെ ഒട്ടേറെ യുവതികളുടെ മനസ്സിൽ കുടിയേറിയ വ്യക്തിത്വമായിരുന്നു ബോറിസിന്റേത്. ഓക്‌സ്ഫഡ് സർവകലാശാലയിൽ ഒപ്പം പഠിച്ച അലെഗ്ര മോസ്റ്റിൻ ഓവനെ 1987-ൽ വിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കാമുകിമാർ കയറിയിറങ്ങിക്കൊണ്ടിരുന്നു. മരിയാന വീലറുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിലാണ് 1993-ൽ അലെഗ്ര ബോറിസിനെ വിട്ടുപോയത്. കാൽ നൂറ്റാണ്ടോളം നീണ്ട ദാമ്പത്യത്തിനിടെ പല തവണ വേർപിരിയലിന്റെ വക്കിലെത്തിയെങ്കിലും മരിയാന പിടിച്ചുനിൽക്കുകയായിരുന്നു.

വനിതാ ജേർണലിസ്റ്റും എഴുത്തുകാരിയുമായ പെട്രോനെല്ല വയാറ്റുമായി നാലുവർഷമായി തുടരുന്ന ബന്ധത്തെക്കുറിച്ച് 2004-ൽ വാർത്തകൾ പുറത്തുവന്നപ്പോൾ വിവാഹ ബന്ധം വേർപെടുത്തുന്ന കാര്യം മരിയാന ആലോചിച്ചിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് അന്ന് ആർട്‌സ് ഷാഡോ സെക്രട്ടറി സ്ഥാനത്തുനിന്ന് മൈ്ക്കൽ ഹോവാർഡ് ബോറിസിനെ പുറത്താക്കിയത്. എ്ന്നാൽ, വനിതാ ജേർണലിസ്റ്റുകളോടുള്ള പ്രണയം ബോറിസ് അവിടെയും അവസാനിപ്പിച്ചില്ല.

പത്രപ്രവർത്തകയായ അന്ന ഫസാക്കെർലിയുമായി ബോറിസിന് അവിഹിത ബന്ധമുണ്ടെന്ന് 2006-ൽ ന്യൂസ് ഓഫ് ദ വേൾഡ് റിപ്പോർട്ട് ചെയ്തിരുന്നു. വെസ്റ്റ് ലണ്ടനിലെ അന്നയുടെ ഫ്‌ളാറ്റിൽ നിത്യ സന്ദർശകനായിരുന്നു ബോറിസ് അന്ന്. ഇതിന്റെ പേരിൽ മരിയാന പ്രശ്‌നമുണ്ടാക്കുകയും വീട്ടിൽനിന്ന് ബോറിസ് പുറത്താവുകയും ചെയ്തു. പിന്നീട് ഇരുവരും പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് വീണ്ടും ഒരുമിച്ചു. എങ്കിലും ബോറിസ് തന്റെ ശീലം മറക്കാൻ തയ്യാറായിരുന്നില്ല.

ബോറിസിന് കാമുകിമാരിലൊരാളിൽ കുട്ടി ജനിച്ച വാർത്ത പുറത്തുവന്നത് 2009-ലാണ്. ആർട്ട് കൺസൾട്ടന്റായ ഹെലെൻ മക്കിന്റെയറാണ് ബോറിസിന്റെ കുഞ്ഞിനെ പ്രസവിച്ചത്. ഇതിന്റെ പേരിലും ബോറിസ് വീണ്ടും വീടിന് പുറത്തായി. 2013-ൽ ഈ കുഞ്ഞിന്റെ പിതാവ് ബോറിസാണെന്ന് കോടതി വിധിവന്നു.

സ്ത്രീകളോടുള്ള ബോറിസിന്റെ ആകർഷണത്തെ കുട്ടികളുടേതിന് സമാനമായ ചാപല്യമായാണ് മരിയാന കണ്ടിരുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. അതിൽനിന്ന് ഒരിക്കൽ ബോറിസ് മുക്തനാകുമെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ, വീണ്ടും വീണ്ടും ബോറിസ് പരസ്ത്രീ ബന്ധത്തിലേക്ക്് പോയതോടെ മരിയാനയുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. താനും മരിയാനയും വേർപിരിയാൻ മാസങ്ങൾക്കുമുമ്പേ തീരുമാനിച്ചിരുന്നുവെന്നാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള വാർത്താക്കുറിപ്പിൽ പറയുന്നത്.