ണ്ടനിലെ ബേക്കർ സ്ട്രീറ്റ് ട്യൂബ് സ്റ്റേഷനിൽ മൂന്നംഗ കുടുംബം ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് അടിയിൽ പെട്ടിട്ടും തലനാരിഴയ്ക്ക് മരണത്തിൽ നിന്നും രക്ഷപ്പെട്ടു. സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ പ്രാമിൽ കുഞ്ഞിനെയും തള്ളി നീങ്ങവെ പ്രാം തെറ്റി പ്ലാറ്റി കുഞ്ഞും അമ്മയും കുതിച്ച് പാഞ്ഞ് വന്ന ട്രെയിനിന് മുന്നിലേക്ക് വീണു. ഇവരെ രക്ഷിക്കാനായി പിതാവും പാളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ട്രെയിൻ മുകളിലൂടെ പാഞ്ഞ് പോയിട്ടും പരുക്കൊന്നുമില്ലാതെ ഈ കുടുംബം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ട്രാക്കിൽ വീണ തങ്ങൾക്ക് നേരെ ട്രെയിൻ കുതിച്ച് വരുന്നത് കണ്ട കുടുംബം പതറാതെ സമയോചിതമായി ട്രാക്കിന് അടിയിലുള്ള ചെറിയ വിടവിൽ പതുങ്ങിയിരുന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ട്രെയിൽ ഇവരുടെ തലകളെ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ ചീറിപ്പായുകയുമായിരുന്നു. കുഞ്ഞിനെ ഇരുത്തി പ്രാം തള്ളി നടക്കവെ ഇൻഡിക്കേറ്റർ ബോർഡ് ശ്രദ്ധിച്ച അമ്മയ്ക്ക് കാൽതെറ്റിയതിനെ തുടർന്ന് പ്രാമടക്കം ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കുടുംബത്തെ രക്ഷിക്കാനായി ഗൃഹനാഥനും ഒന്നും ചിന്തിക്കാതെ ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 10.15നാണ് സംഭവം അപകടം നടന്നതെന്നാണ് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് വെളിപ്പെടുത്തുന്നത്. താൻ എത്രമാത്രം അപകടത്തിലേക്കാണ് വീണ് പോയതെന്ന് ആദ്യം സ്ത്രീക്ക് മനസിലായിരുന്നില്ല. ഇവർക്ക് ട്രാക്കിലെ ഒരു വിടവിലേക്ക് സമർത്ഥമായി പതുങ്ങിയിരിക്കാൻ സാധിച്ചതിനാലാണ് അവിശ്വസനീയമായ രീതിയിൽ രക്ഷപ്പെടാൻ സാധിച്ചതെന്നാണ് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് പരുക്കൊന്നുമില്ലെങ്കിലും മുൻകരുതലായി ഹോസ്പിററലിലേക്ക് പരിശോധനക്കായി കൊണ്ട് പോയിരുന്നു.

ഇതൊരു അപകടമാണെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്നാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനിലെ ഡയറക്ടർ ഓഫ് നെറ്റ് വർക്ക് ഓപ്പറേഷനായ നിഗെൽ ഹോൽനെസ് പ്രതികരിച്ചിരിക്കുന്നത്. പ്ലാറ്റ് ഫോമിൽ യാത്രക്കാർ ട്രെയിനിന് വേണ്ടി കാത്ത് നിൽക്കുമ്പോഴോ അല്ലെങ്കിൽ പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോഴോ മഞ്ഞ വരയ്ക്കിപ്പുറം നിലകൊള്ളണമെന്ന നിർദ്ദേശം പാലിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കൽ കൂടി ഈ അപകടത്തിലൂടെ അടിവരയിടപ്പെടുന്നുവെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.