''' കൊല്ലും കൊല്ലും കൊല്ലും..' ' എന്ന് ആക്രോശിച്ച് കൂറ്റൻ കത്തിയുമായി ബാൺസ്ലെ ടൗണിൽ കൊലവിളിച്ച് നടക്കുകയും ഷോപ്പിംഗിനെത്തിയ ഒരാളുടെ ചുമലിൽ കുത്തുകയും ചെയ്ത് യുവതി ഇന്നലെ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഇവരെ കണ്ട് മിക്കവരും ഒഴിഞ്ഞ് മാറുകയോ പേടിച്ചോടുകയോ ചെയ്തപ്പോൾ ഏഷ്യൻ വംശജനായ കടക്കാരൻ അബ്ദുൾ റസാക്ക് എന്ന 43 കാരൻ ജീവൻ പണയം വച്ച് മുന്നോട്ട് വരുകയും ബലം പ്രയോഗിച്ച് യുവതിയെ കീഴടക്കിയെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് റസാക്കിന് ഒരു ഹീറോ പരിവേഷം ലഭിക്കുകയും ചെയ്തു. തന്നെ കൊന്നോളാനും എന്നാൽ തന്റെ സഹജീവികളെ തൊടാൻ സമ്മതിക്കില്ലെന്നുമുള്ള ധീരമായി പ്രഖ്യാപിച്ചാണ് റസാക്ക് യുവതിയെ കീഴടക്കിയത്.

ബാൺസ്ലെ ടൗൺസെന്ററിൽ കത്തിയുമായി യുവതി ഇറങ്ങിയതോടെ പരിഭ്രാന്തരായി നിരവധി പേർ ചിതറിയോടിയിരുന്നു. യുവതി കടുത്ത അപകടം വിതയ്ക്കുമെന്ന് തിരിച്ചറിഞ്ഞ റസാക്ക് ഏറെ ദൂരം ഇവരെ പിന്തുടർന്ന ശേഷമായിരുന്നു തന്ത്രപരായി കീഴടക്കിയിരുന്നത്. യുവതി ട്രെയിൻ സ്റ്റേഷനിലുണ്ടെന്ന് റസാക്ക് പൊലീസിന് വിവരം നൽകുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ശനിയാഴ്ച രാവിലെ 8.20ന് സൗത്ത് യോർക്ക് ഷെയർ പൊലീസ് ടൗൺ സെന്റർ പൂട്ടുകയും ചെയ്തിരുന്നു. കൊലപാതകശ്രമം നടത്തിയ സ്ത്രീയെ തങ്ങൾ പിന്നീട് അറസ്റ്റ് ചെയ്തുവെന്ന് സൗത്ത് യോർക്ക് ഷെയർ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അറസ്റ്റിലായ യുവതിക്ക് മാനസികരോഗമുള്ളതായി സൂചനയുണ്ടെന്നും പൊലീസ് പറയുന്നു. ടൗൺ സെന്ററിലൂടെ ഒരാളെ പിന്തുടർന്ന് യുവതി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൂടാതെ മറ്റുള്ള നിരവധി പേരെ കുത്താൻ യുവതി ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. വിൻഡോ ക്ലീനർ, മാർക്കറ്റ് സ്റ്റാൾ ഹോൾഡർ, തുടങ്ങിയ നിരവധി പേർ യുവതിയുടെ കത്തിമുനയിൽ നിന്നും തലനാരിഴക്കായിരുന്നു രക്ഷപ്പെട്ടിരുന്നത്. തുടർന്ന് ട്രെയിൻ സ്റ്റേഷനിൽ വച്ച് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യുവതിയെ ധീരമായി കീഴടക്കിയ റസാക്ക് കഴിഞ്ഞ 15 വർഷമായി പീൽ സ്‌ക്വയറിൽ ക്ലോത്ത്സ് സ്റ്റാൾ നടത്തി വരുകയാണ്. തന്റെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് നിരവധി ഷോപ്പർമാർ അഭിനന്ദിച്ച് കൈ തന്നിട്ടുണ്ടെന്നാണ് റസാക്ക് പറയുന്നത്. തന്റെ കൈയോളം നീളമുള്ള കത്തിയേന്തിയാണ് യുവതി കൊലവിളി നടത്തിയതെന്നും കടുത്ത അപകടം ഒഴിവാക്കാനാണ് താൻ ജീവൻ പണയം വച്ച് അവരെ കീഴടക്കാൻ മുന്നോട്ട് വന്നതെന്നും റസാക്ക് വിശദീകരിക്കുന്നു. ഇവരെ കണ്ട് ഏവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും എന്നിട്ടും താൻ യുവതിയെ ഏറെ നേരം പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നുവെന്നും റസാക്ക് വിവരിക്കുന്നു.

നോർത്ത് ഈസ്റ്റിലെ കൗണ്ടർ ടെററിസം പൊലീസിംഗിലെ ഡിറ്റെക്ടീവുകളുടെ പിന്തുണയോടെയുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലം പരിശോധിക്കാൻ ഫോറൻസിക് ഓഫീസർമാരുമെത്തിയിരുന്നു.