പെർത്തിൽ നിന്നും ലണ്ടനിലേക്കുള്ള 17 മണിക്കൂർ നോൺസ്റ്റോപ്പ് വിമാനമായ ക്വാന്റാസ് ക്യൂഎഫ്9 ലണ്ടനിലെത്താൻ വെറും രണ്ട് മണിക്കൂർ മാത്രം ബാക്കി നിൽക്കവെ വീണ്ടും പെർത്തിലേക്ക് തിരിച്ച് വിട്ടുവെന്ന് റിപ്പോർട്ട്. തൽഫലമായി രണ്ട് മണിക്കൂറിന് പകരം വിമാന യാത്ര 32 മണിക്കൂർ നീളുകയും ചെയ്തു. ലണ്ടനിലെത്താൻ രണ്ട് മണിക്കൂർ മാത്രം ശേഷിക്കവെ വിമാനത്തിയെ ഒരു യാത്രക്കാരന് അപ്രതീക്ഷിതമായി ഭ്രാന്തിളകി വന്യമൃഗത്തെ ആക്രമണം തുടങ്ങിയതിനാലാണ് വിമാനം തിരിച്ച് വിടേണ്ടി വന്നത്. ശനിയാഴ്ച രാത്രിയാണ് ഏവരെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

പെർത്തിൽ ഇറങ്ങിയ വിമാനത്തിൽ നിന്നും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് പ്രശ്നക്കാരനായ യാത്രക്കാരനെ നീക്കം ചെയ്യുകയായിരുന്നു. യാത്രക്കാരൻ സീറ്റിനും ബാത്ത്റൂമിനുമിടയിൽ പലവട്ടം അലറി വിളിച്ച് നടന്നിരുന്നുവെന്നാണ് മറ്റ് ചില യാത്രക്കാർ വെളിപ്പെടുത്തുന്നത്. ചില യാത്രക്കാരുടെ നേരെ വിരൽ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ആശങ്ക നിറഞ്ഞ ഘട്ടത്തിലും ഏവരെയും ശാന്തരാക്കിയിരുത്തിയ വിമാനജീവനക്കാരെ യാത്രക്കാർ പ്രശംസിക്കുകയും ചെയ്തിരുന്നു. വിമാനത്തിനുള്ളിലെ ഇത്തരം പെരുമാറ്റങ്ങളോട് തങ്ങൾ തീരെ സഹതാപം പ്രകടിപ്പിക്കില്ലെന്നാണ് ക്വാന്റാസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.

തങ്ങളുടെ യാത്രക്കാരുടെ സുരക്ഷക്ക് വർധിച്ച മുൻഗണന നൽകിയാണ് ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യുകയെന്നും എയർലൈൻ വക്താവ് പറയുന്നു. ഈ സംഭവത്തെ തുടർന്ന് വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായതിനെ തുടർന്ന് അതിലെ യാത്രക്കാർക്ക് രാത്രി താമസിക്കാനുള്ള സൗകര്യം പ്രദാനം ചെയ്തിരുന്നുവെന്നും എയർലൈൻ വെളിപ്പെടുത്തുന്നു. തുടർന്ന് വിമാനം പെർത്തിൽ നിന്നും ഇന്നലെയാണ് വീണ്ടും ലണ്ടനിലേക്ക് പറന്നത്.

ദിവസവും പെർത്തിൽ നിന്നും ലണ്ടനിലേക്ക് ഈ നോൺസ്റ്റോപ്പ് വിമാന സർവീസുണ്ട്. ഓസ്ട്രേലിയയിൽ നിന്നും യുകെയിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനമായ ഇത് ക്വാന്റാസ് മാർച്ചിലായിരുന്നു ആരംഭിച്ചിരുന്നത്. യുകെയിൽ നിന്നും ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസാണിത്. 17 മണിക്കൂറിനിടെ 9000 മൈലുകളാണീ വിമാനം പിന്നിടുന്നത്.