രീക്ഷകളിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വയ്ക്കാഞ്ഞാൽ നിങ്ങൾ മക്കളെ തല്ലാറുണ്ടോ....? എന്നാൽ ഇനി അതിന് മുതിരാതിരിക്കുന്നതായിരിക്കും നല്ലതെന്നാണ് ലങ്കാഷെയറിലെ മാതാപിതാക്കൾക്കുണ്ടായ ദുരനുഭവം മുന്നറിയിപ്പേകുന്നത്. മാർക്ക് കുറഞ്ഞതിന് മക്കളെ തല്ലിയ ഇവർ കുറ്റക്കാരാണെന്നാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. ആറും എട്ടും വയസുള്ള മക്കൾ അച്ഛനും അമ്മയ്ക്കുമെതിരെ മൊഴി കൊടുത്തപ്പോൾ മാതാപിതാക്കൾക്ക് ഇനി അഭയം ജയിൽവാസമാണ്. കടുത്ത വിശ്വാസികളായ ഇരുവർക്കും ഒരു മാസത്തിനകം ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

മക്കൾക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനായിരുന്നു അസോസിയേറ്റ് പാസ്റ്റർ,വർഷിപ്പ് ലീഡർ എന്നീ തസ്തികകളിൽ പ്രവർത്തിക്കുന്ന ചർച്ച് വർക്കർമാരായ ദമ്പതികൾക്കാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. തങ്ങളുടെ എട്ട് വയസുള്ള മകന് പരീക്ഷയിൽ ബി ഗ്രേഡ് മാത്രം ലഭിച്ചതിനായിരുന്നു അവർ അവനെ തല്ലിയിരുന്നത്. ആറ് വയസുള്ള മകൾക്ക് പരീക്ഷയിൽ ' സ്മൈലി ഫേസി' ന് പകരം ' സ്ടെയിറ്റ് ഫേസ് ' ലഭിച്ചതിനായിരുന്നു അവർ അവളെ ശിക്ഷിച്ചിരുന്നത്. അച്ഛന്റെ തല്ലേറ്റ് മകളുടെ ശരീരത്തില് നിന്നും രക്തം വന്നിരുന്നുവെന്നാണ് കേസെടുത്തിരിക്കുന്നത്.

നിലത്ത് വീണതിനാൽ തനിക്ക് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മകൻ ബോധിപ്പിച്ചിട്ടും മാതാപിതാക്കൾ ശിക്ഷിച്ചുവെന്ന് പരാതിയിൽ പറയുന്നു. ലങ്കാഷെയറിലെ മദർവെല്ലിലും ഡുൻഡീയിലുമുള്ള ചർച്ചുകളിൽ ഈ ദമ്പതികൾ സേവനം ചെയ്യുന്നുണ്ട്. ഇതിൽ ഭർത്താവാണ് അസോസിയേറ്റ് പാസ്റ്ററായി വർത്തിക്കുന്നത്. ഭാര്യ വർഷിപ്പ് ലീഡറായിട്ടാണ് സേവനം ചെയ്യുന്നത്. പരാതിയെ തുടർന്ന് ദമ്പതികളെ ഹാമിൽട്ടൻ ഷെറിഫ് കോടതിയിലാണ് വിചാരണക്ക് എത്തിച്ചിരുന്നത്. തങ്ങൾക്കെതിരെ മക്കൾ ആരോപിച്ചതെല്ലാം ദമ്പതികൾ നിഷേധിച്ചിരുന്നുവെങ്കിലും വിചാരണയിലൂടെ ഇവർ കുറ്റക്കാരാണെന്ന് സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

വീഡിയോ ലിങ്കിലൂടെയാണ് ഇരു കുട്ടികളും മാതാപിതാക്കൾക്കെതിരെ തെളിവുകൾ നൽകിയത്. പ്രതീക്ഷിച്ച ഗ്രേഡുകൾ പരീക്ഷകളിൽ ലഭിക്കാത്തതിനാൽ തങ്ങളെ എങ്ങനെയാണ് തല്ലിയതെന്ന് അവർ ഇതിലൂടെ വെളിപ്പെടുത്തുന്നു. പരാതി നൽകാൻ മുന്നോട്ട് വന്ന കുട്ടികളെ ഷെറീഫ് ഷിയോന വാർഡ്രൻ പ്രശംസിച്ചിരുന്നു. ഈ വർഷം ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കുട്ടികളെ മാതാപിതാക്കൾ നിരവധി തവണയായിരുന്നു ശിക്ഷിച്ചിരുന്നത്.

പുറക് വശത്ത് അടിക്കുന്നതിന് മുമ്പ് തങ്ങളുടെ വസ്ത്രങ്ങൾ അഴിപ്പിക്കാറുണ്ടായിരുന്നുവെന്നും കുട്ടികൾ മൊഴി നൽകിയിരുന്നു. കുട്ടികൾ കള്ളം പറയുകയാണെന്നും താൻ ഇത്തരത്തിൽ ശിക്ഷിച്ചിരുന്നില്ലെന്നുമാണ് ഇവരുടെ അച്ഛൻ നിഷേധിച്ചിരുന്നത്. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ദമ്പതികളെ ശിക്ഷിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.