ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനുമായി യാതൊരു വിധത്തിലുള്ള കരാറുകളുമില്ലാതെ യുകെ യൂണിയൻ വിട്ട് പോയാൽ മറ്റ് യൂണിയൻ രാജ്യങ്ങൾ ബ്രിട്ടനോട് നിലപാട് കടുപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. നോ-ഡീൽ സാഹചര്യമുണ്ടായാൽ ഫ്രാൻസിന്റെ അതിർത്തിയിൽ വച്ച് യൂറോസ്റ്റാർ ട്രെയിനുകൾ തടയുമെന്നാണ് ഫ്രാൻസിന്റെ യൂറോപ്പ് മിനിസ്റ്ററായ നതാലി ലോയ്സ്യൂ മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാൽ നോ-ഡീൽ ബ്രെക്സിറ്റുണ്ടായാലും ബ്രിട്ടീഷുകാർക്ക് അയർലണ്ടിലേക്ക് പോകാനും ഐറിഷ് പൗരന്മാർക്ക് യുകെയിൽ എത്താനും നിയന്ത്രണം ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് ബ്രെക്സിറ്റിൽ തെറ്റിയാലും ബ്രിട്ടന് ഐറിഷ് ബന്ധം തുടരാൻ സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്.

നോ ഡീൽ സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നുമുള്ള വിമാനങ്ങൾക്ക് ഫ്രാൻസിന്റെ അതിർത്തി കടന്ന് സഞ്ചരിക്കാനാവില്ലെന്നും ലോയ്സ്യൂ മുന്നറിയിപ്പേകുന്നുണ്ട്. അടുത്ത വർഷം യാതൊരു വിധ നീക്കുപോക്കുമില്ലാതെ യുകെ യൂണിയൻ വിട്ട് പോകുന്നതിനെ തുടർന്ന് അന്നേ ദിവസം മുതൽ തന്നെ മറ്റ് യൂണിയൻ രാജ്യങ്ങളും ഇത്തരം കടുത്ത നിലപാടുകളെടുത്താൽ കടുത്ത യാത്രാ ബുദ്ധിമുട്ടുകൾ ബ്രിട്ടൻ നേരിടേണ്ടി വരുമെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ചാത്താം ഹൗസ് ഇവന്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇന്നലെ ലോയ്സ്യൂ ഇത് സംബന്ധിച്ച മുന്നറിയിപ്പേകിയിരിക്കുന്നത്.

നിലവിൽ യൂണിയന്റെ സിംഗിൾ മാർക്കറ്റിലെ അംഗമെന്ന നിലയിലാണ് യുകെയ്ക്ക് യൂണിയൻ രാജ്യങ്ങളിലേക്ക് വാഹനങ്ങളെയും ആളുകളെയും യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ അയക്കാൻ സാധിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് യുകെ-ഫ്രാൻസ് അതിർത്തിയിൽ യാതൊരു വിധത്തിലുള്ള പരിശോധനകളുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും വാഹനങ്ങളും ആളുകളും കടന്ന് പോകുന്നത്. എന്നാൽ നോ ഡീൽ ബ്രെക്ര്സിറ്റിനെ തുടർന്ന് ഇതിനെല്ലാം അവസാനമാകുന്നതോടെയാണ് ഫ്രാൻസ് ഇക്കാര്യത്തിൽ യുകെയോട് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ നോ ഡീൽ ബ്രെക്സിറ്റുണ്ടായാലും ഐറിഷ് പൗരന്മാർക്ക് യുകെയിൽ ജോലി ചെയ്യാനും ജീവിക്കാനും സാധിക്കുമെന്ന ഉറപ്പേകി ബ്രിട്ടീഷ് ഗവൺമെന്റ് രംഗത്തെത്തിയിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം യുകെയ്ക്കും അയർലണ്ടിനുമിടയിൽ കോമൺ ട്രാവൽ ഏരിയ നിലനിർത്തുന്നതിനെ തുടർന്നാണ് ഇത് സാധ്യമാകുന്നതെന്നും ബ്രിട്ടീഷ് മന്ത്രിമാർ വെളിപ്പെടുത്തുന്നു. നോ ഡീൽ സാഹചര്യത്തിലും നിലവിൽ യുകെയിൽ അയർലണ്ടുകാർ അനുഭവിക്കുന്ന അവകാശങ്ങൾക്ക് മാറ്റമൊന്നുമുണ്ടാവില്ലാണ് വ്യക്തമായിരിക്കുന്നത്.

യുകെയ്ക്കും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിനും ഇടയിൽ കോമൺ ട്രാവൽ ഏരിയ നിലനിർത്താൻ തങ്ങൾ ബാധ്യസ്ഥരാണെന്നാണ് ബ്രിട്ടീഷ് മിനിസ്റ്റർമാർ ഉറപ്പേകിയിരിക്കുന്നത്. കരാറുകളൊന്നുമില്ലാതെ യുകെ യൂണിയൻ വിട്ട് പോയാൽ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കുന്ന അടുത്ത സെറ്റ് ടെക്നിക്കൽ പേപ്പറുകൾ ഗവണ്മെന്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഐറിഷ് പൗരന്മാരുടെ ആശങ്ക വർധിച്ചതിനെ തുടർന്നാണ് അവരെ സമാധാനിപ്പിക്കാനായി പുതിയ ഉറപ്പ് ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയിരിക്കുന്നത്. ഈ പേപ്പറിൽ തന്നെ ഈ ഉറപ്പ് ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയിട്ടുണ്ട്.

ഐറി,് പൗരന്മാർക്ക് യുകെയിൽ തുടർന്നും അനായാസം പ്രവേശിക്കാനും ജോലി ചെയ് ജീവിക്കാനും സാധിക്കുമെന്നും നിലവിലെ സ്റ്റാറ്റസ് പരിരക്ഷിക്കാൻ അവർ പ്രത്യേകമായി യാതൊന്നും ചെയ്യേണ്ടെന്നുമാണ് ഈ പേപ്പർ വ്യക്തമാക്കുന്നത്.