പ്രധാനമന്ത്രി തെരേസ മേയും കൂട്ടരും യൂറോപ്യൻ യൂണിയനുമായി നടത്തുന്ന വിലപേശലിലൂടെ ബ്രെക്സിറ്റ് അധികം വൈകാതെ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ച് കഴിയുന്ന അനേകം പേർ ഇപ്പോഴുമുണ്ട്. എന്നാൽ അവരെ തീർത്തും നിരാശാഭരിതരാക്കുന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ബ്രെക്സിറ്റിനായി തെരേസ തയ്യാറാക്കിയിരിക്കുന്ന ചെക്കേർസ് ഡീൽ യൂണിയനുമായി ചർച്ചയിലൂടെ ഡീൽ നേടിയെടുത്താൽ അതും ഒരിക്കലും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടെടുത്ത ടോറി വിമതർക്കൊപ്പം ലേബർ പാർട്ടി കൂടി രംഗത്തെത്തിയതോടെയാണ് ബ്രെക്സിറ്റിന്റെ ഭാവി അവതാളത്തിലായിരിക്കുന്നത്. ഇതിനെ തുടർന്ന് ഇടക്കാതല തെരഞ്ഞെടുപ്പ് നടത്തി മുഖം രക്ഷിക്കുകയെന്ന വഴി മാത്രമാണ് ഇപ്പോൾ തെരേസക്ക് മുമ്പിൽ ഉയർന്ന് വന്നിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പ്രതീക്ഷയോടെ ബ്രെക്സിറ്റ് കാത്തിരിക്കുന്നവർക്ക് മുന്നിൽ എത്താൻ പോകുന്നത് ഇടക്കാല തെരഞ്ഞെടുപ്പാണ്.

ബ്രെക്സിറ്റിന്റെ കാര്യത്തിൽ ടോറികൾ രാജ്യതാൽപര്യത്തിനുപരിയായി രാഷ്ട്രീയ സ്വാർത്ഥ ലാഭങ്ങൾ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ നിലവിൽ തെരേസ തയ്യാറാക്കിയിരിക്കുന്ന ബ്രെക്സിറ്റ് പദ്ധതികളെ തങ്ങൾ ശക്തമായി എതിർക്കുമെന്നുമാണ് ലേബർ പാർട്ടി തറപ്പിച്ച് പറയുന്നത്. ഇതിനാൽ തെരേസ കൊണ്ടു വരുന്ന ബ്രെക്സിറ്റ് ഡീലിനെ എല്ലാ അർത്ഥത്തിലും എതിർത്ത് തോൽപ്പിക്കുമെന്നാണ് ഇസ്ലിങ്ടൺ സൗത്ത് ആൻഡ് ഫിൻസ്ബുറിയിലെ ലേബർ എംപിയും ഷാഡോ ഫോറിൻ സെക്രട്ടറിയുമായ എമിലി തോൺബെറി നിസ്സംശയം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിൽ ഡീൽ പരാജയപ്പെട്ടാൽ പിന്നീട് രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന വഴി മാത്രമേ തെരേസയ്ക്ക് മുന്നിലുള്ളുവെന്നും തോൺബെറി വ്യക്തമാക്കുന്നത്. അതായത് ഇത്തരമൊരു സാഹചര്യത്തിൽ ക്രിസ്മസിന് മുമ്പ് പൊതുതെരഞ്ഞെടുപ്പുണ്ടാകുമെന്നും അവർ പ്രവചിക്കുന്നു. ലീവ്, റിമെയിൻ ക്യാമ്പുകളിലുള്ള നിരവധി ടോറി എംപിമാരുള്ള ബ്രെക്സിറ്റ് ഡെലിവറി ഗ്രൂപ്പ് ലേബറിന്റെ നിലപാടിനെ വിമർശിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. രാജ്യം നിർണായകമായ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് ലേബർ പയറ്റാനൊരുങ്ങുന്നതെന്നും അവർ ആരോപിക്കുന്നു.

ഡീലിനെ ലേബർ എതിർത്ത് വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണ് തോൺബെറി നൽകിയിരിക്കുന്നത്. ഇതോടെ പാർലിമെന്റിലൂടെ ഡീൽ പാസാക്കിയെടുക്കാമെന്ന തെരേസയുടെ പ്രതീക്ഷയും മങ്ങിയിട്ടുണ്ട്. ലേബറിന് മുമ്പ് തന്നെ നിരവധി ടോറി വിമത എംപിമാർ ഇക്കാര്യത്തിൽ തെരേസയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ അവരുടെ എതിർപ്പുണ്ടായാലും ഡീൽ പാസാക്കിയെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തെരേസ പുലർത്തിയിരുന്നു. എന്നാൽ ഇവർക്കൊപ്പം ഇപ്പോൾ ലേബർ കൂടി അണിചേർന്നിരിക്കുന്നതോടെ ഇക്കാര്യത്തിൽ തെരേസയുടെ പ്രതീക്ഷകളെല്ലാം ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്.

നോ- ഡീൽ സാഹചര്യത്തിൽ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയ്ക്ക് എത്രത്തോളം തിരിച്ചടികളുണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറായ മാർക് കാർനെ കടുത്ത മുന്നറിയിപ്പുകളേകി അധികം ദിവസം കഴിയുന്നതിന് മുമ്പാണ് ലേബർ ബ്രെകസിറ്റ് ഡീലിനെതിരെ കലാപക്കൊടിയുയർത്തി മുന്നോട്ട് വന്നിരിക്കുന്നതെ്ന്നത് ഗൗരവം വർധിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ പൗണ്ട് വിലയിടിയുകയും രാജ്യം 2008ലേതിനേക്കാൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമെന്നുമായിരുന്നു കാർനെ മുന്നറിയിപ്പേകിയിരുന്നത്.

യൂറോപ്യൻ യൂണിയനുമായി കടുത്ത ബ്രെക്സിറ്റിലൂടെ വിട പറയണമെന്ന പുതിയ ആഹ്വാനവുമായി ബ്രെക്സിറ്റ് നേതാവും മുൻ ഫോറിൻ സെക്രട്ടറിയുമാ3യ ബോറിസ് ജോൺസൻ കഴിഞ്ഞ രാത്രി മുന്നോട്ട് വന്നതും തെരേസയ്ക്ക് കടുത്ത തിരിച്ചടിയുണ്ടാക്കുന്നുണ്ട്.