പാക്കിസ്ഥാൻ തങ്ങളുടെ യുകെ അംബാസിഡറായ സാഹെബ്സദ അഹമ്മദ് ഖാനെ അടിയന്തിരമായി ഇസ്ലാമാബാദിലേക്ക് തിരിച്ച് വിളിപ്പിച്ചു. ലണ്ടനിൽ നടന്ന ഒരു അവാർഡ് ദാനച്ചടങ്ങിനിടെ കുടിച്ച് കിന്റായി സ്റ്റേജിലെത്തി പ്രസംഗിച്ചതിനെ തുടർന്നാണ് ഖാന് മാതൃരാജ്യത്തേക്ക് മടങ്ങേണ്ടി വന്നത്. ഖാന്റെ നാവ് കുഴഞ്ഞ സംസാസരവും ഇടറുന്ന കാലുകളിലുള്ള ആട്ടവും കണ്ട് അതിഥികളും കാണികളും നിർത്താതെ ചിരിച്ചുവെന്നാണ് റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ ലണ്ടനിലെ അവാർഡ് ദാനത്തിലെ മോശപ്പെട്ട പ്രകടനത്തെ തുടർന്ന് പാക്കിസ്ഥാന്റെ ബ്രിട്ടീഷ് അംബാസിഡറുടെ പണി തെറിച്ചിരിക്കുകയാണ്.

ഖാന്റെ പരിഹാസ്യമായ പ്രകടനം വെളിപ്പെടുത്തുന്ന നിരവധി വീഡിയോകൾ ചടങ്ങിൽ നിന്നും പകർത്തപ്പെട്ട് പുറത്ത് വിട്ടിട്ടുണ്ട്. ഇവ കണ്ട് രോഷം വന്ന പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മ്മൂദ് ഖുറൈഷി ഖാനെ തിരിച്ച് വിളിക്കുകയായിരുന്നു. പാക്ക് അംബാസിഡർ പദവിയെ അപമാനിക്കുന്ന പ്രകടനമാണ് ഖാൻ കാഴ്ച വച്ചിരിക്കുന്നതെന്ന് വ്യാഴാഴ്ചത്തെ ട്വീറ്റിലൂടെ പാക്ക് വിദേശകാര്യമന്ത്രി വിമർശിക്കുന്നു. ഖാൻ അവാർഡ്ദാന സെറിമണിയിൽ നടത്തിയ പ്രകടനത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ലണ്ടനിലെ ഒ2 അറീനയിൽ നടന്ന ഐപിപിഎ അവാർഡ്സ് 2018ന്റെ വേദിയിലാണ് ഖാൻ മദ്യപിച്ച് മദോന്മത്തനായി പാക്കിസ്ഥാന് നാണക്കേടുണ്ടാക്കിയിരിക്കുന്നത്.

മദ്യത്തിന്റെ ലഹരിയിൽ സ്വയം മറന്ന് സ്റ്റേജിൽ പ്രകടനം നടത്താൻ തുടങ്ങിയ ഖാൻ നിരവധി സെലിബ്രിറ്റികളെ തനിക്കൊപ്പം അണിചേരാൻ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതും വീഡിയോയിൽ കാണാം.ഖാനൊപ്പം വിശ്രുത നടൻ ജാവെദ് ഷെയ്ഖും വേദിയിലെത്തിയിരുന്നു. എന്നാൽ ഖാൻ മദ്യത്തിൽ കുതിർന്ന് പറയുന്ന വാക്കുകൾ മനസിലാക്കാൻ ഷെയ്ഖ് പാട് പെട്ടിരുന്നു. ഖാൻ കുഴഞ്ഞ നാവോടെ വേദിയിൽ കഷ്ടപ്പെട്ട് സംസാരിക്കുന്നത് കണ്ട് വേദിയിലുണ്ടായിരുന്ന അവതാരികരും നടന്മാരുമായ അഷാൻ ഖാൻ, സാർവത് ഗിലാനി തുടങ്ങിയവർ ചിരയിടക്കാൻ പാടുപെടുന്നതും വീഡിയോയിൽ കാണാം.

ലണ്ടനിലെ തങ്ങളുടെ പ്രതിനിധി ഇത്തരത്തിൽ സഭ്യേതരമായി പെരുമാറിയെന്ന് ഇലക്ട്രോണിക്സ് , സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്ക് മനസിലായെന്നാണ് പാക്ക് ഫോറിൻ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. ഇത് വിദേശകാര്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം ഖാനിൽ നിന്നും എഴുത്തിത്തയ്യാറാക്കിയ വിശദീകരണം ആവശ്യപ്പെടുമെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തുന്നു. ഇതിന് പുറമെ പാക്ക് വിദേശകാര്യമന്ത്രി ഖാനെ തന്റെ ഓഫീസിലേക്ക് വിൽച്ച് വരുത്തി വിശദീകരണം തേടുകയും ചെയ്യും. ഇത് സംബന്ധിച്ച് ഖുറൈഷി പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.