ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ മെർക്കലിന്റെ പിതാവ് തോമസ് മെർക്കലിന് അക്രമിയുടെ വധഭീഷണി. ഹാരിയും മേഘനുമായുള്ള വിവാഹത്തിൽ പങ്കെടുക്കാതെ വിവാദത്തിൽപ്പെട്ട തോമസ് മെർക്കലിന് ഒന്നിലേറെ തവണ ഭീഷണി നേരിടേണ്ടിവന്നതായാണ് റിപ്പോർട്ടുകൾ. തോമസിന്റെ സ്ത്രീസുഹൃത്തുക്കളിലൊരാളുടെ മുൻ കാമുകനായ ജോസ് സൻഡോവാലാണ് ഭീഷണിപ്പെടുത്തിയത്. അക്രമസംഭവവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് സൻഡോവൽ.

അനധികൃതമായി അമേരിക്കയിൽ കടന്നതിനും അക്രമത്തിലേർപ്പെട്ടതിനും രണ്ടരവർഷത്തോളം തടവിൽ കഴിയുകയും 2000-ൽ മെക്‌സിക്കോയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തയയാളാണ് സൻഡോവൽ. കഴിഞ്ഞയാഴ്ച തോമസ് മെർക്കലിന്റെ റൊസാരിയോ ബീച്ചിലുള്ള വീട്ടിന് മുന്നിലെത്തിയാണ് ഇയാൾ വധഭീഷണി മുഴക്കിയത്. എന്നാൽ, ആരോപണങ്ങൾ സൻഡോവാൽ തള്ളിക്കളഞ്ഞു. തോമസിന്റെ സുഹൃത്ത് ലോറി ഡേവിസിന്റെ മുൻകാമുകനാണ് ലോറി ഡേവിസ്.

സംഭവത്തെക്കുറിച്ച് ലോറി ഡേവിസും തോമസ് മെർക്കലും പൊലീസിൽ പരാതിപ്പെട്ടു. മെർക്കലിന്റെ വാഹനത്തിന്റെ ടയറുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. തന്നെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചതായി ലോറിയും പരാതിപ്പെട്ടിട്ടുണ്ട്. തന്റെ മുഖത്തടിക്കുകയും തുടർന്ന് തോമസിന്റെ വീടിനുമുന്നിലെത്തിയ വധഭീഷണി മുഴക്കുകയുമാണ് ചെയ്തതെന്ന് ലോറിയുടെ പരാതിയിൽ പറയുന്നു. ലോറി തോമസിന്റെ കാമുകിയാണെന്ന് തെറ്റിദ്ധരിച്ചാണ് സൻഡോവാൽ അക്രമത്തിന് തുനിഞ്ഞതെന്നാണ് കരുതുന്നത്.

എന്നാൽ താനും തോമസുമായി അങ്ങനെയൊരു ബന്ധമില്ലെനന്് ലോറി പറഞ്ഞു. അദ്ദേഹം തന്നെ വളരെയേറെ സ്‌നേഹിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. തന്റെ മകൾ തോമസിന് അങ്കിളെന്നാണ് വിളിക്കുന്നതെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് അദ്ദേഹം വലിച്ചിഴയ്ക്കപ്പെട്ടതിൽ ദുഃഖമുണ്ടെന്നും ലോറി പറഞ്ഞു. തോമസും ലോറിയും മകളും ഒരു ഇറ്റാലിയൻ റെസ്‌റ്റോറന്റിൽ ഒരുമിച്ച് നിൽക്കുന്ന ചിത്രം കണ്ടതോടെയാണ് സൻഡോവാൽ പ്രകോപിതനായതെന്ന് കരുതുന്നു.

ഹാരിയും മേഘനുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ പകർത്താൻ പപ്പരാസി ഫോട്ടോഗ്രാഫറുമായി ഇടപാട് നടത്തിയതോടെ മേഘൻ അച്ഛനുമായി പിണക്കത്തിലാണ്. ഈ പ്രശ്‌നത്തിന്റെ പേരിൽ ഹാരിയുടെയും മേഘന്റെയും വിവാഹത്തിൽ പങ്കെടുക്കുന്നതിൽനിന്നും തോമസ് പിന്മാറിയിരു്ന്നു. വിവാഹശേഷവും തോമസുമായി മേഘൻ ഒരു ബ്ന്ധവും പുലർത്തുന്നില്ല. ഇപ്പോഴത്തെ സംഭവത്തോടെ തോമസ് ആകെ നിരാശയിലായതായാണ് റിപ്പോർട്ടുകൾ.