ബ്രിട്ടീഷ് ജയിലുകളിൽ ബൈബിൾ ക്ലാസ് എടുക്കാൻ പോകുന്ന പാസ്റ്റർമാർക്കും വൈദികർക്കും ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി നേരിടേണ്ടിവരുന്നതായി പരാതി. ക്ലാസെടുക്കാൻ ചെന്ന തന്നെ കൂട്ടത്തോടെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പാസ്റ്റർ പോൾ സോങ് പരാതിപ്പെട്ടതോടെ മറ്റ് പാസ്റ്റർമാരും വൈദികരും ബൈബിൾ ക്ലാസ്ലെടുക്കാൻ വിമുഖത കാണിക്കുകയാണ്. താൻ ക്ലാസെടുത്തുകൊണ്ടിരിക്കെ ഇരച്ചെത്തിയ തടവുകാരായ ഇസ്ലാമിക തീവ്രവാദികളാണ് തന്നെ മർദിച്ചതെന്ന് പോൾ സോങ് പറയുന്നു.

സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റൺ ജയിലിൽ ബൈബിൾ ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം. ജയിലിലുള്ള ഇസ്ലാം മതവിശ്വാസികളായ തടവുകാർ ബൈബിൾ ക്ലാസ് നടന്നുകൊണ്ടിരുന്ന ജയിലിലെ ചാപ്പലിലേക്ക് വരികയും ബഹളമുണ്ടാക്കുകയുമായിരുന്നു. സൈനികനായ ലീ റിഗ്‌ബിയെ തെരുവിൽ കുത്തിക്കൊലപ്പെടുത്തിയ തീവ്രവാദികൾക്ക് അനുകൂലമായി ഇവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതായും പാസ്റ്റർ പറഞ്ഞു.

ജയിലിൽ ഇത്തരം സംഘങ്ങൾ വർധിച്ചുവരുന്നതായും അദ്ദേഹം പറയുന്നു. സാധാരണ തടവുകാരെ ഭീഷണിപ്പെടുത്തിയും അവരെ ഒറ്റപ്പെടുത്തിയുമാണ് ഇത്തരം തീവ്രവാദ സ്വഭാവമുള്ളവർ ഒന്നിച്ചുചേർന്ന് പ്രവർത്തിക്കുന്നത്. സ്വയരക്ഷയ്ക്കായി ഇസ്ലാം മതത്തിലേക്ക് മാറാൻ മറ്റു തടവുകാരെ ഇവർ ഭീഷണിപ്പെടുത്തുന്നതായും പാസ്റ്റർ പറയുന്നു. ഭീഷണിയും ജയിലുകളിൽനിന്നുള്ള മോശം സമീപനവും കാരണം തന്റെ സഹപ്രവർത്തകരായ പല പാസ്റ്റർമാരും ജയിൽ ക്ലാസ്സുകളിൽനിന്ന് പിന്മാറിയതായും അദ്ദേഹം പറഞ്ഞു.

തന്റെ ക്ലാസ്സുകൾ പലപ്പോഴും തടസ്സപ്പെടുത്താറുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെ അനുകൂലിച്ച് പരസ്യമായി സംസാരിക്കുകയും ചാവേറുകൾക്കുവേണ്ടി മുദ്രാവാക്യം മുഴക്കിയും അവർ ക്ലാസ്സുകളിൽ ബഹളമുണ്ടാക്കുന്നു. ബ്രി്ട്ടനോടുള്ള അനിയന്ത്രിതമായ വെറുപ്പാണ് ഇസ്ലാമിക തീവ്രവാദികൾ ജയിലിനുള്ളിൽ വളർത്തുന്നതെന്നും പാസ്റ്റർ പറഞ്ഞു. ദക്ഷിണകൊറിയൻ വംശജനായ പോൾ തനിക്ക് ജയിലിൽ വംശീയ വിദ്വേഷവും നേരിടേണ്ടിവന്നിട്ടുള്ളതായി ആരോപിച്ചു.

ബ്രിക്സ്റ്റൺ ജയിലിലെ പ്രധാന ചാപ്പലിന്റെ നിയന്ത്രണം ഒരു ഇമാം ഏറ്റെടുത്തതായും തന്നെ ബൈബിൾ ക്ലാസ്സുകൾ എടുക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തതായും പോൾ പറയുന്നു. ജയിലുകളിലെ തടവുകാരുടെ എണ്ണം വർധിക്കുകയും ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയും ചെയ്യുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതിനിടെയാണ് ഇസ്ലാമിക തീവ്രവാദം ജയിലുകളിൽ ശക്തമാകുന്നുവെന്ന പാസ്റ്ററുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ലണ്ടനിലെ നാല് ജയിലുകളുടെ അവസ്ഥ വളരെ മോശമായി മാറിയെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ജയിലുകളിലെ അക്രമസംഭവങ്ങൾ ജീവനക്കാർക്ക് നിയന്തിക്കാവുന്നതിലും അധികമായിരിക്കുകയാണെന്ന് വെള്ളിയാഴ്ച ജയിൽ ജീവനക്കാർ നടത്തിയ ആറ് മണിക്കൂർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തവർ പറയുന്നു. ജയിലുളിലെ അക്രമസംഭവങ്ങൾ പരിവിട്ടിരിക്കുകയാണെന്നും ഏതുവിധേനയും ഇത് നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതായും നീതിന്യായ വകുപ്പ് മന്ത്രി ഡേവിഡ് ഗോക്ക് പറഞ്ഞു.