സന്തുഷ്ട കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാനാണ് മുൻ ബാസ്‌കറ്റ്‌ബോൾ താരം ജെയ്‌സൺ മാക്‌സിയേലും ഭാര്യ ബ്രാൻഡിയും ടെലിവിഷൻ പരിപാടിക്കെത്തിയത്. എന്നാൽ, അഭിമുഖത്തിനിടെ ഭർത്താവ് പറഞ്ഞ കാര്യങ്ങൾ കേട്ട് തല മരവിച്ചുപോയ ബ്രാൻഡി തെറിപറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. താൻ 341 സ്ത്രീകൾക്കൊപ്പം കിടക്കപങ്കിട്ടിട്ടുണ്ടെന്നും ഇതിൽ അമ്പതോളം പേരുമായി ബന്ധപ്പെട്ടത് വിവാഹഹശേഷമാണെന്നുമുള്ള വെളിപ്പെടുത്തൽ ഏതു ഭാര്യക്കാണ് സഹിക്കാനാവുക.

ഓപ്പറ വിൻഫ്രെ നെറ്റ്‌വർക്ക് ചാനലിലെ ഇയാൻല വൻസന്റിന്റെ ടോക്ക് ഷോയിൽ പങ്കെടുക്കാനാണ് എൻബിഎ ടീം ഡിട്രോയി പിസ്റ്റൺസിന്റെ താരമായിരുന്ന ജെയ്‌സണും ഭാര്യയും എത്തിയത്. സംസാരത്തിനിടെയായിരുന്നു ജെയ്‌സണിന്റെ കുറ്റസമ്മതം. ഒമ്പതുവർഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം 2010-ലാണ് ജെയ്‌സണും ബ്രാൻഡിയും വിവാഹിതരായത്. ഇക്കാലമത്രയും ഭാര്യയറിയാതെ താൻ മറ്റു സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നുവെന്നാണ് ജെയ്‌സൺ അഭിമുഖത്തിൽ പറഞ്ഞത്.

ഇയാൻല: ഫിക്‌സ് മൈ ലൈഫ് എന്ന പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ജെയ്‌സണിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ തനിക്ക് അറിയാമായിരുന്നെങ്കിലും അതിത്രത്തോളം വരുമെന്ന ധാരണയുണ്ടായിരുന്നില്ലെന്ന് ബ്രാൻഡി തുറന്നുപറഞ്ഞു. എട്ടോളം പേരുമായുള്ള ബന്ധമാണ് ഇതുവരെ അറിഞ്ഞിരുന്നത്. അതുതന്നെ തനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് കണ്ണീർ തുടച്ചുകൊണ്ട് ബ്രാൻഡി പറഞ്ഞു.

ഹൈസ്‌കൂൾകാലം മുതൽക്ക് പ്രണയിച്ചവരാണ് ജയ്‌സണും ബ്രാൻഡിയും. എന്നാൽ, ഇതിനിടെയും തന്നെ വഞ്ചിച്ച് ജെയ്‌സൺ ഇത്രയധികം പേരെ തേടിപ്പോയെന്നത് താങ്ങാനാവുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബ്രാൻഡി ഷോയിൽനിന്ന് ഇറങ്ങിപ്പോയത്. ബ്രാൻഡിയെ തടയാൻ ഇയാൻല ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ, ്അഭിമുഖം തീരുന്നതുവരെ ജെയ്‌സൺ ശാന്തനായി സീറ്റിലിരുന്നു.

ഇത്രയേറെ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിൽ തനിക്ക് കുറ്റബോധമുണ്ടെന്ന് ജെയ്‌സൺ പറഞ്ഞു. താനൊരു ലൈംഗികരോഗിയാണോയെന്ന കാര്യം പലവട്ടം പരിശോധിച്ചിട്ടുണ്ടെന്നും ഡോക്ടർമാരൊന്നും അതംഗീകരിച്ചിട്ടില്ലെന്നും ജെയ്‌സൺ പറയുന്നു. ജെയ്‌സണും ബ്രാൻഡിയും തമ്മിൽ ദാമ്പത്യത്തിൽ അടുത്തകാലത്ത് ഏറെ സ്വരച്ചേർച്ചയില്ലായ്മ പ്രകടമായിരുന്നു. ജെയ്‌സണിന്റെ മദ്യപാനമാണ് അതിന് പിന്നിലെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ സംഭവത്തോടെ ഇവരുടെ ബന്ധം കൂടുതൽ വഷളായേക്കുമെന്നാണ് ആരാധകർ കരുതുന്നത്.