ഫ്ലോറൻസ് കൊടുങ്കാറ്റും കടുത്ത മഴയും ദുരിതം വിതച്ച നോർത്ത് കരോലിനയിൽ പ്രതികൂല സന്ദർഭം മുതലെടുക്കാൻ മോഷ്ടാക്കൾ കൂടുതലായെത്തുന്നുവെന്ന് റിപ്പോർട്ട്. ഇവിടുത്തെ വിൽമിങ്ടൺ സിറ്റിയിലെ ഒരു ഫാമിലി ഡോളർ സ്റ്റോറിൽ നിന്നും നിരവധി പേർ കൈയിൽ കിട്ടിയതൊക്കെ അടിച്ച് മാറ്റാൻ നിരവധി പേർ പരസ്പരം മത്സരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൊടുങ്കാറ്റിൽ തകർന്ന ഈ കടയിൽ നിന്നും മോഷ്ടിക്കാനെത്തിയ ചിലർ തങ്ങളുടെ മുഖം തിരിച്ചറിയാതിരിക്കാനായി ബനിയൻ കയറ്റിയിട്ട് വരെ മോഷ്ടിക്കുന്ന വിഷ്വലുകളാണ് പുറത്തെത്തിയിരിക്കുന്നത്.

ഈ മോഷണം ലോക്കൽ ചാനലിലൂടെ പുറം ലോകത്തെത്തിയതോടെ ഇവരിൽ നിരവധി പേരെ അറസ്റ്റ് ചെയ്യാനായി പൊലീസെത്തുകയും ചെയ്തിരുന്നു. സമ്പന്ന രാജ്യമായ അമേരിക്കയെ നാണം കെടുത്തുന്ന ചില കാഴ്ചകളാണ് പ്രകൃതിദുരന്തത്തിനിടെ പുറത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച ഗ്രീൻഫീൽഡ് സ്ട്രീറ്റിലെ ഈ സ്റ്റോറിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ സ്റ്റോറിൽ മോഷണം നടത്താനെത്തുന്നവർ പെരുകുന്നുവെന്ന് സ്റ്റോർ മാനേജ്മെന്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസ് മോഷ്ടാക്കൾക്ക് മുന്നറിയിപ്പേകിയിരുന്നു. എന്നിട്ടും മോഷണം തുടർന്നതിനെ തുടർന്നാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

സ്റ്റോറിൽ നിന്നും തങ്ങൾക്കാവുന്നതെല്ലാം എടുത്തുകൊണ്ട് പോകുന്ന ഡസൻ കണക്കിന് പേരുടെ വിഷ്വലുകളാണ് ലോക്കൽ ന്യൂസ് ടിവി ചാനലായ ഡബ്ല്യൂഇസിടി പുറത്ത് വിട്ടിരിക്കുന്നത്. ഹൂസ്റ്റൺ മൂറെ എന്നറിയപ്പെടുന്ന പബ്ലിക്ക് ഹൗസിങ് കമ്മ്യൂണിറ്റിയേലേക്കായിരുന്നു സാധനങ്ങൾ അടിച്ച് മാറ്റിയവർ എത്തിയതെന്നും വെളിപ്പെട്ടിരുന്നു. ഇവിടെ മോഷണം നടക്കുന്നുവെന്ന് സ്റ്റോർ മാനേജ് മെന്റ് പരാതിപ്പെട്ടിട്ടും ഇവിടെ പൊലീസുകാരെയൊന്നും കാണാനുണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് വരെ ഇവിടെ പൊലീസ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

പ്രാദേശിക ചാനലിന്റെ വീഡിയോയിലൂടെ ഇവിടെ മോഷണം നടത്തിയ നിരവധി പേരെ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ഫൂട്ടേജിൽ ആരെയെങ്കിലും തിരിച്ചറിയുന്നവർ ഇക്കാര്യം തങ്ങളെ അറിയിക്കണമെന്നും പൊലീസ് നിർദ്ദേശമുണ്ട്. ഇവിടെ നിന്നും സാധനങ്ങൾ എടുത്തുകൊണ്ടു പോകാൻ ആളുകൾ തമമിൽ തല്ലുന്ന അവസ്ഥയാണുണ്ടായിരുന്നതെന്നാണ് മോഷണം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ചാനലിന്റെ റിപ്പോർട്ടർ ചെൽസിയ ഡോനോവാൻ പറയുന്നത്. മോഷണം നടത്തിയ ചിലരെ മാത്രമേ ഇപ്പോൾ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളുവെങ്കിലും മുഴുവൻ പേരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നാണ് പൊലീസ് ഉറപ്പേകുന്നത്.