യുകെ യൂറോപ്യൻ യൂണിയൻ വിടുന്ന വിഷയത്തിൽ ഒരു റഫറണ്ടം കൂടി നടത്താൻ സമയം കിട്ടാൻ വേണ്ടി ബ്രെക്സിറ്റ് തീയതി നീട്ടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ ടോറി-ലേബർ പാളയങ്ങളിലെ കടുത്ത ബ്രെക്സിറ്റ് അനുകൂലികൾ രംഗത്തെത്തി. ഖാന്റെ ആവശ്യം ജനാധിപത്യവിരുദ്ധമാണെന്നാണ് അവർ ആരോപിച്ചിരിക്കുന്നത്. റഫറണ്ടം കഴിഞ്ഞിട്ട് രണ്ട് കൊല്ലം കടന്ന് പോയിട്ടും തീരുമാനമെടുക്കാൻ സമയം തികഞ്ഞില്ലെന്ന ഖാന്റെ കണ്ടെത്തൽ പരിഹാസ്യമാണെന്നാണ് അവർ എടുത്ത് കാട്ടിയിരിക്കുന്നത്.

ഖാന്റെ വിവാദപരമായ പ്രസ്താവന അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ലേബർ കോൺഫറൻസിൽ കടുത്ത വാഗ്വാദങ്ങൾക്കിടയാക്കുമെന്നുറപ്പാണ്. ബ്രെക്സിറ്റ് വിഷയത്തിൽ ലേബർ നിലപാട് മാറ്റണമെന്നും രണ്ടാമത് റഫറണ്ടത്തെ പിന്തുണക്കണമെന്നും ലേബർ പാർട്ടിയിലെ നിരവധി പേർ ആവശ്യപ്പെടുന്നതിനെ പ്രതിരോധിക്കാൻ ലേബർ നേതാവ് ജെറമി കോർബിൻ ഇപ്പോൾ തന്നെ പാടു പെടുന്നുണ്ട്. അതിനിടയിലാണ് ഖാന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നതെന്നത് നിർണായകമാണ്. ബ്രെക്സിറ്റ് വിഷയത്തിൽ കോർബിന്റെ നിലവിലെ നയത്തെ എതിർക്കുന്നതിനായി ലേബർ ആക്ടിവിസ്റ്റുകളും യൂണിയനുകളും നൂറിലധികം നീക്കങ്ങളാണ് ലിവർ പൂളിൽ അടുത്ത ആഴ്ച നടക്കുന്ന കോൺഫറൻസിലെ മേശപ്പുറത്ത് വയ്ക്കാൻ പോകുന്നത്.

2016ലെ റഫറണ്ട സമയത്ത് ലീവ് ക്യാമ്പയിൻകാർ മുന്നോട്ട് വച്ച വാഗ്ദാനങ്ങളെല്ലാം ഇപ്പോഴത്തെ ബ്രെക്സിറ്റ് സംബന്ധമായ അനിശ്ചിതത്വത്തിലൂടെ വെളിപ്പെട്ടിരിക്കുന്നുവെന്നാണ് ഇന്നലെ ഖാൻ ആരോപിച്ചത്. അതിനാൽ നിലവിൽ ബ്രെക്സിറ്റ് വിഷയത്തിൽ ജനത്തിന്റെ നിലപാടറിയാൻ രണ്ടാമതൊരു റഫറണ്ടം കൂടി നടത്തണമെന്നും ഖാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.നിലവിലെ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലം പരിഗണിച്ച് ആദ്യം പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്നും കോർബിനെ പ്രധാനമന്ത്രിയാക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്ന് ബിബിസിയുടെ ആ്ര്രൻഡൂ മാർ ഷോയിൽ പങ്കെടുത്തുകൊണ്ട് കോർബിൻ വെളിപ്പെടുത്തിയിരുന്നു.

ഇത് ആദ്യത്തെ റഫറണ്ടത്തിന്റെ ആവർത്തനമല്ലെന്നും നിലവിലെ സാഹചര്യത്തിൽ വിലപേശലിനെ കുറിച്ച് ബ്രിട്ടീഷ് ജനതയ്ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവസരം നൽകലാണിതെന്നും ഖാൻ വിശദീകരിക്കുന്നു. നേരത്തെ ലീവ് ക്യാമ്പയിൻകാർ വാഗ്ദാനം ചെയ്തതിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്നും അത് പ്രകാരം രാജ്യം യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിൽ നിന്നും വിടാൻ പോകുന്നുവെന്നും എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം ബ്രെക്സിറ്റിനെ തുടർന്ന് രൂക്ഷമാകുമെന്നും പോലുള്ള ആശങ്ക നിറഞ്ഞ വാർത്തകളാണ് ബ്രെക്സിറ്റ് വിലപേശലിൽ നിന്നും കേൾക്കാൻ സാധിക്കുന്നതെന്നും ഖാൻ എടുത്ത് കാട്ടുന്നു.

പുതിയൊരു റഫറണ്ടം നടത്താനുള്ള സമയത്തിനായി നിലവിലെ ബ്രെക്സിറ്റ് വിലപേശൽ പ്രക്രിയ നിർത്തി വയ്ക്കണമെന്ന് ഗവൺമെന്റ് ബ്രസൽസിനോട് ആവശ്യപ്പെടണമെന്നും ഖാൻ നിർദേശിക്കുന്നു. ഖാന്റെ നിർദേശത്തെ നിശിതമായി വിമർശിച്ച് ടോറികളിലെയും ലേബറിലെയും ബ്രെക്സിറ്റ് അനുകൂലികൾ മുന്നോട്ട് വന്നിട്ടുണ്ട്. ഈ വിഷയത്തിൽ ജനം 2016ലെ റഫറണ്ടത്തിൽ ഒരു വട്ടം ഉത്തരം നൽകിയതാണെന്നും പിന്നീട് ഇതിനെക്കുറിച്ച് വീണ്ടും അവരോട് ചോദിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നുമാണ് ബ്രെക്സിറ്റിനെ പിന്തുണക്കുന്ന ടോറി നേതാക്കളിലൊരാളായ തെരേസ വില്ലിയേർസ് പ്രതികരിച്ചിരിക്കുന്നത്.

ഖാന്റെ നിലപാടിനെതിരെ അദ്ദേഹത്തിന്റെ പാർട്ടിയിലെ ഷാഡോ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറിയായ ബാരി ഗാർഡ്നിയർ അടക്കമുള്ള ചില ലേബർ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ സ്വീകരിച്ചിരിക്കുന്ന നയം വളരെ ഉചിതമാണെന്നാണ് ഗാർഡ്നിയർ ഖാനെ എതിർത്തുകൊണ്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.