റ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് എന്താവും? അടുത്ത സീറ്റിൽ വന്നിരിക്കുന്നത് അലോസരപ്പെടുത്താത്ത യാത്രക്കാരനായിരിക്കണേ എന്നാകും. വലിയ തടിയുള്ളയാളോ യാത്ര പുറപ്പെടുമ്പോൾമുതൽ ഉച്ചത്തിൽ കൂർക്കംവലിക്കുന്നയാളോ ആണ് അടുത്തിരിക്കുന്നതെങ്കിൽ ആ യാത്ര കുളമാകാൻ മറ്റൊന്നും വേണ്ട. അത്തരം ചില കുളമായ യാത്രാ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

വിമാനയാത്രയ്ക്കിടെ മറ്റ് യാത്രക്കാരെ അലോസരപ്പെടുത്തുന്ന മര്യാദയില്ലാത്ത യാത്രക്കാരുടെ ചിത്രങ്ങളാണിവ. നിങ്ങളും ഇത്തരം സ്വഭാവക്കാരാണെങ്കിൽ അറിയാതെ നിങ്ങളുടെയും ചിത്രങ്ങൾ മറ്റുള്ളവർ പകർത്തിയിട്ടുണ്ടാവാം. ചിത്രങ്ങളെടുത്തില്ലെങ്കിലും, നിങ്ങളെക്കൊണ്ടുള്ള ശല്യത്തിന്റെ പേരിൽ അപ്പനപ്പൂന്മാരെ വരെ മറ്റു യാത്രക്കാരും വിമാന ജോലിക്കാരും പ്രാകിയിട്ടുണ്ടാവാം. അല്ലെങ്കിൽ ഈ ചിത്രങ്ങൾ കണ്ടുനോക്കൂ.

ഉറങ്ങുമ്പോൾ മുൻസീറ്റിലേക്ക് കാൽ നീട്ടിവെക്കുക, അടുത്തിരിക്കുന്നയാളുടെ സ്ഥലംകൂടി അപഹരിച്ച് കാലുകൾ വിടർത്തിവെക്കുക, കാൽ സീറ്റിലേക്ക് കയറ്റിവെക്കുക, വിമാനതത്തിലിരുന്ന നഖം മുറിക്കുക, സീറ്റ് പോക്കറ്റിൽ ഉള്ള ചപ്പുചവറെല്ലാം തിരുകിവെക്കുക, മുടി പിൻസീറ്റിലിരിക്കുന്നയാൾക്ക് ശല്യമായി വിടർത്തിയിടുക തുടങ്ങിയവയൊക്കെ മിക്ക വിമാനത്തിലും നാം കണ്ടിട്ടുള്ള കാഴ്ചയാണ്. നമ്മുടെ സൗകര്യത്തിനുവേണ്ടി ചെയ്യുന്ന ഈ പ്രവർത്തികൾ മറ്റുള്ളവർക്ക് എത്രത്തോളം അസൗകര്യമാകുന്നുണ്ടെന്ന് ആരും ചിന്തിക്കുന്നുമില്ല.

തൊട്ടടുത്തിരിക്കുന്നയാൾ ശ്രദ്ധിക്കുമെന്ന ധാരണപോലുമില്ലാതെ മൊബൈലിൽ നീലച്ചിത്രം കാണുന്നവരുമുണ്ട്. ഫോണിന്റെ സക്രീൻ കൈകൊണ്ട് മറച്ചുപിടിച്ചാവും കാഴ്ച. എന്നാൽ, വിൻഡോയുടെ ചില്ലിലൂടെ ഇതിന്റെ പ്രതിഫലനം എല്ലാവർക്കും കാണാനാവുമെന്ന് ആരും ഓർക്കില്ലെന്ന് മാത്രം. ദീർഘയാത്രയ്ക്കുശേഷം വിമാനം ഇറങ്ങുന്നതിന് മുമ്പ് മറ്റു യാത്രക്കാർക്കുമുന്നിൽനിന്ന് വസ്ത്രം മാറാൻ പോലും ചിലർ തയ്യാറാകാറുണ്ട്.

യാത്രകൾക്കിടെയുണ്ടാകുന്ന ഇത്തരം അലോസരപ്പെടുത്തലുകൾക്കായി ഇൻസ്റ്റഗ്രാമിൽ ഒരു പേജുതന്നെയുണ്ട്. യാത്രക്കാരും വിമാനജീവനക്കാരും പകർത്തിയ ധാരാളം ചിത്രങ്ങൾ നിങ്ങൾക്കവിടെ കാണാനാകും. മുൻ ഫ്‌ളൈറ്റ് അറ്റൻഡന്റ് ഷ്വാൻ കാത്‌ലീൻ തുടങ്ങിയ പാസഞ്ചർ ഷെയ്മിങ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ചിത്രങ്ങളുള്ളത്.