ബ്രെക്സിറ്റിനായി താൻ മുന്നോട്ട് വച്ച ചെക്കേർസ് പ്ലാൻ യൂറോപ്യൻ യൂണിയൻ ശക്തമായി നിരസിച്ചതോടെ ഇതിനെ പ്രതിരോധിക്കാനുള്ള മറുനീക്കം നടത്താൻ തെരേസ ഒരുങ്ങുന്നുവെന്ന് സൂചന. ഇതിനായി രണ്ടാം വട്ടവും പാർലിമെന്റ് പിരിച്ച് വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ തെരേസ ഒരുങ്ങുന്നുവെന്നാണ് സൂചന. ബ്രെക്സിറ്റ് കരാർ അസാധ്യമായെന്ന് ഉറപ്പായതോടെ കൂടുതൽ കരുത്ത് നേടാനാണ് തെരേസ ഇടക്കാല തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഇത് പ്രകാരം നവംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.

യൂറോപ്യൻ യൂണിയൻ ഞെട്ടിപ്പിക്കുന്ന വിധത്തിൽ ചെക്കേർസ് പ്ലാൻ തട്ടിയെറിഞ്ഞതോടെ ചില സാഹസിക നീക്കങ്ങൾക്കായി യുകെ നിർബന്ധിതമായിരിക്കുന്നുവെന്നും അക്കൂട്ടത്തിൽ പെട്ടതാണ് ഇടക്കാല തെരഞ്ഞെടുപ്പെന്നും സൂചനയുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി കൂടുതൽ ശക്തി നേടാൻ രണ്ട് മുതിർന്ന നമ്പർ പത്ത് ഉപദേശകർ തെരേസയോട് നിർദേശിച്ചുവെന്നും റിപ്പോർട്ടുണ്ട്. സാൽസ്ബർഗ് സമ്മിറ്റിൽ വച്ച് യൂറോപ്യൻ യൂണിയൻ ചെക്കേർസ് പ്ലാനിനെ നിരസിച്ച് അപമാനിച്ചതിനാൽ ഇടക്കാല തെരഞ്ഞെടുപ്പ് മാത്രമാണ് മറുമരുന്നെന്നാണിവർ നിർദേശിച്ചിരിക്കുന്നത്.

ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തി വേണ്ടത്ര ഭൂരിപക്ഷം നേടിയാൽ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ നിന്നും സിംഗിൾ മാർക്കറ്റിൽ നിന്നും യുകെയ്ക്ക് പൂർണമായും വിട്ട് പോകാനും കാനഡ ഒപ്പിട്ടത് പോലെ ഒരു ഫ്രീ ട്രേഡ് ഡീൽ ബ്രസൽസുമായുണ്ടാക്കാൻ സാധിക്കുമെന്നുമാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ പിന്തുക്കുന്നവർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ നിർണായക സാഹചര്യത്തിൽ ടോറിപാർട്ടിയിലെ മിലിട്ടന്റ് വിങ് തെരേസക്ക് പിന്നിലുണ്ട്. നവംബറിൽ തെരഞ്ഞെടുപ്പ് നടത്തി വേണ്ടത്ര ഭൂരിപക്ഷം നേടി നിലവിലെ ഡീലിനെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ട് പോകാൻ തെരേസയ്ക്ക് സാധിക്കുമെന്നാണവർ വിശ്വസിക്കുന്നത്.

ഇതിനെതിരെ റിമെയിൻ ക്യാമ്പിലെ എംപിമാരുടെ എതിർപ്പുണ്ടെങ്കിലും അതിനെ അതിജീവിക്കാൻ ഇതിലൂടെ സാധിക്കുമെന്നും ബ്രെക്സിറ്റ് പക്ഷം വിശ്വസിക്കുന്നുണ്ട്. 2017ലെ തെരഞ്ഞെടുപ്പിൽ ജെറമി കോർബിനെ പിന്തുണച്ചവർ പോലും നിലവിൽ മാറിച്ചിന്തിക്കാൻ തുടങ്ങിയെന്ന് ഏറ്റവും പുതിയ പോളിൽ വെളിപ്പെട്ടത് വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണക്കുന്നവർക്ക് കരുത്തേകുന്നുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം ഗൗരവകരമായി ചർച്ച ചെയ്ത് വരുന്നുവെന്നാണ് പാർട്ടിയിലെ ഒരു ഉറവിടം വെളിപ്പെടുത്തുന്നത്.

നിലവിലെ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായി ഒരു കരാറിലെത്താൻ സാധിച്ചാലും അത് കോമൺസിലൂടെ പാസാക്കിയെടുക്കാൻ തെരേസക്ക് ഭൂരിപക്ഷമില്ലെന്നും അതിനാൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി അതിനുള്ളഭൂരിപക്ഷം നേടേണ്ടിയിരിക്കുന്നുവെന്നുമാണ് ഉറവിടം നിർദേശിക്കുന്നത്. സാൽസ്ബർഗിൽ വച്ച് യൂണിയൻ ചെക്കേർസ് പ്ലാനിനെ നിരസിച്ചുവെങ്കിലും അവർ അതിന് അംഗീകാരം നൽകാൻ തീരുമാനിച്ചാലും കോമൺസിൽ പുതിയ ഡീൽ പാസാക്കിയെടുക്കാൻ തെരേസക്ക് ഏറെ വെല്ലുവിളി നേരിടേണ്ടി വരുമെന്നും തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടുകാണിത് പരിഹരിക്കുന്നതിനുള്ള ഏക മാർഗമെന്നും തെരഞ്ഞെടുപ്പിനെ പിന്തുണക്കുന്നവർ വാദിക്കുന്നു.

2017ൽ ഇതു പോലെ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ഉള്ള ഭൂരിപക്ഷം പോലും നഷ്ടപ്പെടുത്തിയെന്ന വിമർശനം ഇപ്പോഴും തെരേസക്ക് മേൽ നിലനിൽക്കുമ്പോഴാണ് മറ്റൊരു ഇടക്കാല തെരഞ്ഞെടുപ്പിന് കൂടി അവർ ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.