ലണ്ടൻ: പട്ടാളക്യാമ്പിനുസമീപം ദമ്പതികളെ അബോധാവസ്ഥയിൽ കണ്ടെത്തിയത് ലണ്ടനിൽ കുറേനേരത്തേക്കെങ്കിലും മറ്റൊരു രാസായുധാക്രമണത്തിന്റെ ഭീതി പരത്തി. സുരക്ഷാ മുൻകരുതലെന്നോണം സെൻട്രൽ ലണ്ടനിലെ റോഡ് അടച്ച് വിശദപരിശോധന നടത്താൻ പോലും അധികൃതർ തയ്യാറായി. ഒടുവിൽ, അമിതമായ തോതിൽ മയക്കുമരുന്ന് ഉപയോഗിച്ചതാണ് ദമ്പതികളുടെ ബോധം നഷ്ടപ്പെടുത്തിയതെന്ന് വ്യക്തമായതോടെ, ആശങ്ക ഒഴിവായി.

നൈറ്റ്‌സ്ബ്രിഡ്ജിലെ ഹൈഡ് പാർക്ക് ബാരക്‌സിന് സമീപമുള്ള സൗത്തി ലോഡ്ജിലെ വീട്ടിലാണ് ദമ്പതികളെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ലണ്ടൻ ആംബുലൻസ് സർവീസ് സ്ഥലത്തെത്തി. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാസായുധപ്രയോഗത്തിന്റെ ആശങ്ക നിലനിന്നതുകൊണ്ട് ഇതുവഴിയുള്ള ഗതാഗതം മെട്രൊപൊലിറ്റൻ പൊലീസ് പൂർണമായും അടച്ചു. സ്‌കോച്് കോർണറിനും എന്നിസ്‌മോർ ഗാർഡൻസിനും ഇടയിൽ എ315 നൈറ്റ്‌സ്ബ്രിഡ്ജ് റോഡിലൂടെയുള്ള ഗതാഗതമാണ് നിരോധിച്ചത്.

രാത്രി ഒമ്പതുമണിയോടെ നിരോധിച്ച ഗതാഗതം പത്തേമുക്കാലോടെയാണ് പുനഃസ്ഥാപിച്ചത്. വെസ്റ്റ്മിൻസ്റ്റർ സിനഗോഗിന് സമീപം ആംബുലൻസുകൾ ംനിരന്നതിന്റെയു ഫൊറൻസിക് സംഘങ്ങൾ പരിശോധന നടത്തുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാനും തുടങ്ങി. ഇത് വലിയ തോതിലുള്ള ആശങ്ക ജനിപ്പിക്കുകയും ചെയ്തു. ഒരാഴ്ചമുമ്പ് സാലിസ്‌ബറിയിലെ ഒരു റെസ്റ്റോറന്റിൽവെച്ച് ബോധം നഷ്ടപ്പെട്ട റഷ്യൻ മോഡലിനെയും ഭർത്താവിനെയും ആശുപത്രിയിലാക്കേണ്ടിവന്നിരുന്നു.

മാർച്ചിൽ റഷ്യൻ ഏജന്റ് സെർജി സ്‌ക്രിപാലിനും മകൾക്കും നേരെയുണ്ടായ രാസായുധാക്രമണത്തോടെയാണ് ബ്രിട്ടനിൽ ആശങ്ക ശക്തമായത്. റഷ്യയിൽനിന്നുള്ള രഹസ്യപ്പൊലീസെത്തിയാണ് ഇവർക്കുനേരെ ആക്രമണം നടത്തിയതെന്ന് അടുത്തിടെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുശേഷം മാസങ്ങൾക്കുശേഷം സാലിസ്‌ബറിയിൽനിന്ന് വിഷബാധയേറ്റ ദമ്പതികളിൽ ഭാര്യ മരിച്ചതും ആശങ്ക ശക്തമാക്കി. അതിനിടെയാണ് കഴിഞ്ഞയാഴ്ച സാലിസ്‌ബറിയിലെ പ്രെസ്സോ ഇറ്റാലിയൻ റസ്റ്ററന്റിൽവെച്ച് മോഡലിനും ഭർത്താവിനും അസ്വസ്ഥത അനുഭവപ്പെട്ടത്.

അന്ന ഷാപ്പിറോയെയും ഭർത്താവ് അലക്‌സ് കിങ്ങിനെയുമാണ് അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ ഗുരുഗതരമായ സാഹചര്യമാണെന്ന പ്രഖ്യാപിച്ച അധികൃതർ പ്രദേശമാകെ ബന്തവസ്സാക്കുകയും ചെയ്തിരുന്നു. റെസ്റ്ററന്റ് പൂട്ടി സീൽചെയ്ത് പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. റഷ്യയിൽ ജനിച്ച അന്ന ഷാപ്പിറോ തനിക്കെതിരെ വിഷപ്രയോഗം നടന്നതായി സംശയിക്കുന്നുണ്ടെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, സെർജി സ്‌ക്രിപാലിനെതിരേ പ്രയോഗിച്ച നോവിചോക്ക് രാസായുധം ഇവരെ ബാധിച്ചിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി.