ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാഹങ്ങളെല്ലാം വലിയ വാർത്തയാണ്. ലോർഡ് ഐവർ മൗണ്ട്ബാറ്റണിന്റെ വിവാഹം വാർത്തയാകുന്നത് സവിശേഷമായ കാര്യത്തിലാണ്. ബ്രിട്ടീഷ് രാജകുടുംത്തിലെ ആദ്യ സ്വവർഗ വിവാഹമാണിത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്ന മൗണ്ട്ബാറ്റൺ രണ്ടുവർഷം മുമ്പാണ് താനൊരു സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് ദാമ്പത്യബന്ധം ഉപേക്ഷിച്ചത്. സുഹൃത്തായ ജയിംസ് കോയ്‌ലിനെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിനിർത്തി മൗണ്ട്ബാറ്റൺ ജീവിതത്തിലേക്ക് കൂട്ടിയത്. മൗണ്ട്ബാറ്റണിന്റെ മൂന്ന് പെൺമക്കളും അച്ഛന്റെ പുതിയ ദാമ്പത്യബന്ധത്തിന് സാക്ഷിയാവാൻ ചടങ്ങിനെത്തിയിരുന്നു.

എലിസബത്ത് രാജ്ഞിയുടെ അർധസഹോദരനായ മിൽഫഡ് ഹാവനിലെ മാർക്വേസിന്റെ ഇളയ മകനാണ് മൗണ്ട്ബാറ്റൺ. 24 വർഷംമുമ്പാണ് മൗണ്ട്ബാറ്റണും പെന്നിയും വിവാഹിതരായത്. ഈ ബന്ധത്തിൽ മൂന്ന് പെൺകുട്ടികളും ജനിച്ചു. ഇതിനിടെയാണ് മൗണ്ട്ബാറ്റണിന് ജെയിംസ് കോയ്‌ലുമായി ബന്ധം തുടങ്ങിയത്. ഉറ്റസുഹൃത്തെന്ന നിലയിൽ കോയ്‌ലിനെ പെന്നിക്കും അറിയാമായിരുന്നു. എന്നാൽ, രണ്ടുവർഷം മുമ്പ് താനൊരു സ്വവർഗാനുരാഗിയാണെന്ന കാര്യം മൗണ്ട്ബാറ്റൺ പ്രഖ്യാപിച്ചതോടെ, ബന്ധം പിരിയുകയായിരുന്നു. കോയ്‌ലുമായുള്ള മൗണ്ട്ബാറ്റണിന്റെ വിവാഹം കാണാൻ പെന്നി എത്തിയിരുന്നില്ല.

രാജകുടുംബത്തിലെ ആദ്യ സ്വവർഗ വിവാഹമെന്ന നിലയിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ, രാജകുടുംബത്തിൽനിന്ന് പ്രധാനപ്പെട്ടവരൊന്നും വിവാഹത്തിന് സാക്ഷിയാകാൻ എത്തിയിരുന്നില്ല. ബ്രിഡ്‌വെൽ പാർക്കിലെ സ്വകാര്യ ചാപ്പലിൽ നടന്ന വിവാഹത്തിൽ 60-ഓളം പേരാണ് പങ്കെടുത്തത്. മൗണ്ട് ബാറ്റണും പെന്നിയും രണ്ടുദശകത്തിലേറെ ജീവിച്ച ഡെവണിലാണ് ഈ ചാപ്പൽ. വിവാഹത്തിനുശേഷം വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു. ക്രൊയേഷ്യയിലോ ഗ്രീസിലോ ആയിരിക്കും തങ്ങളുടെ മധുവിധുവെന്ന് മൗണ്ട്ബാറ്റണും ജയിംസും പറഞ്ഞു.

2011-ലാണ് മൗണ്ട് ബാറ്റണിന്റെയും പെന്നിയുടെയും ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ ഉരുത്തിരുഞ്ഞുവന്നത്. എന്നാൽ, രണ്ടുവർഷം മുമ്പ് താനൊരു സ്വവർഗാനുരാഗിയാണെന്നും ഒരുമിച്ചുതാമസിച്ച 17 വർഷവും പെന്നിയുമായുള്ള ബന്ധം വളരെയേറെ സംഘർഷങ്ങളിന്നുലൂടെയാണ് കടന്നുപോയതെന്ന് മൗണ്ട്ബാറ്റൺ വെളിപ്പെടുത്തി. തനിക്ക് സ്ത്രീകളോടെന്ന പോലെ പുരുഷന്മാരോടും അഭിനിവേശമുണ്ടെന്ന് കൗമാരകാലത്തുതന്നെ തിരിച്ചറിഞ്ഞിരുന്നതായും മൗണ്ട്ബാറ്റൺ വെളിപ്പെടുത്തിയിരുന്നു.

തന്റെ സ്വഭാവത്തെക്കുറിച്ച് പെന്നിക്ക് അറിയാമായിരുന്നുവെന്നും അതവർ ഉൾക്കൊള്ളാൻ തയ്യാറായിരുന്നുവെന്നും മൗണ്ട്ബാറ്റൺ പറഞ്ഞു. എന്നാൽ, 2011 മുതൽ ദാമ്പത്യത്തിൽ സ്വരച്ചേർമയില്ലായ്മ പ്രകടമായി. ഇതിനിടെ സ്വിസ് ആൽപ്‌സ് റിസോർട്ടായ വെർബിയറിൽവെച്ച് 2014-ൽ ജെയിംസിനെ മൗണ്ട്ബാറ്റൺ കണ്ടെത്തി. ഇവരുടെ ബന്ധം ദൃഢമായതോടെ, പെന്നി പതുക്കെ ജീവിതത്തിൽനിന്ന് അകലുകയായിരുന്നു. പെന്നിയുമായുള്ള ബന്ധത്തിൽ മൗണ്ട്ബാറ്റണിന് മൂന്ന് പെൺമക്കളാണുള്ളത്. എല്ല (22), അലിക്‌സ് (20), ലൂലി (16) എന്നിവർ.