2009ൽ നേപ്പാളിൽ 121 കടുവകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 235 ആയി വർധിച്ചിരിക്കുകയാണ്. അതായത് ഒമ്പത് വർഷം കൊണ്ട് ഇവിടുത്തെ കടുവകളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായിത്തീർന്നിരിക്കുകയാണ്. കടുവകളെ കാക്കാനുള്ള നേപ്പാളിന്റെ പ്രത്യേക പദ്ധതി ഗുണം ചെയ്തുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. വംശമറ്റ് പോകുന്ന കടുവകൾ അന്യം നിന്ന് പോകുമെന്ന ആശങ്ക മാതൃകാപരമായ പദ്ധതിയിലൂടെ അകറ്റിയിരിക്കുകയാണ് ഈ ഹിമാലയൻ രാജ്യം.കടുവകളുടെ എണ്ണം അത്ഭുതകരമായ രീതിയിൽ വർധിച്ചുവെന്ന വാർത്തയെ വൈൽഡ് ലൈഫ് ഗ്രൂപ്പുകൾ സ്വാഗതം ചെയ്തിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന ബംഗാൾ കടുവയെ രാഷ്ട്രീയപരമായ ഇടപെടലിലൂടെയും നൂതനായ കൺസർവേഷൻ സ്ട്രാറ്റജികളിലൂടെയും നാശത്തിൽ നിന്നും രക്ഷിക്കാനാവുമെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നുവെന്നും പ്രസ്തുത ഗ്രൂപ്പുകൾ എടുത്ത് കാട്ടുന്നു. ഈ വർഷം നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്താൽ നടത്തിയ സർവേയിലൂടെയാണ് നേപ്പാളിലെ കടുവകളുടെ എണ്ണം വർധിച്ച കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ സർവേയിൽ കൺസർവേഷനിസ്റ്റുകളും വൈൽഡ് ലൈഫ് എക്സ്പർട്ടുകളും 4000ത്തിൽ അധികം ക്യാമറകളും മറ്റുമുപയോഗിച്ചാണ് കടുവകളുടെ എണ്ണം ഇരട്ടിയായ കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

നേപ്പാളിലെ തെക്കൻ സമതലങ്ങളിൽ കടുവകളെ കണ്ട് വരുന്ന 1700 മൈൽ ദൂരത്തിൽ 600 ആനകളെയും പ്രസ്തുത സർവേക്കായി ഉപയോഗിച്ചിരുന്നു. കടുവകളെ വേട്ടയാടുന്നതിനെ പ്രതിരോധിക്കാനും അവയെ സംരക്ഷിക്കാനുമുള്ള കടുത്ത പരിശ്രമത്തിൽ ഗവൺമെന്റിന് പുറമെ പ്രാദേശിക സമൂഹവും മറ്റ് സ്റ്റേക്ക് ഹോൽഡർമാരും ഭാഗഭാക്കായിരുന്നുവെന്നാണ് നേപ്പാളിലെ ഡിപ്പാർട്ട്മെന്റ് ഓഫ് നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ ഡയറക്ടറായ മാൻ ബഹാദൂർ ഖാദ്ക്ക വെളിപ്പെടുത്തുന്നു.

വനനശീകരണവും കടുവകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കലും കാരണമാണ് ഏഷ്യയിൽ കടുവകൾക്ക് ഇത്തരത്തിൽ വംശനാശം സംഭവിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. എന്നാൽ 2022 ഓടെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് നേപ്പാളും മറ്റ് 13 രാജ്യങ്ങളും ഒരു കരാറിൽ ഒപ്പ് വച്ചിരുന്നു.2012ലെ ടൈഗർ കൺസർവേഷൻ പദ്ധതിയെ വിശ്രുത നടൻ ലിയനാർഡോ ഡികാപ്രിയോ അടക്കമുള്ളവർ പിന്തുണച്ചിരുന്നു.

ഒരു നൂറ്റാണ്ടിന് ശേഷം കടുവകളുടെ എണ്ണം വർധിക്കാൻ തുടങ്ങിയിരുന്നുവെന്നാണ് 2016ൽ വേൾഡ് വൈൽഡ് ഫണ്ടും ദി ഗ്ലോബൽ ടൈഗർ ഫോറവും പ്രഖ്യാപിച്ചിരുന്നത്. 1900ത്തിൽ ലോകമാകമാനം ഒരു ലക്ഷം കടുവകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 2010ൽ അത് 3200 ആയി ചുരുങ്ങുകയായിരുന്നു.