2019 മാർച്ചിൽ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകാനിരിക്കവെ ഇനിയും ഒരു കരാറിലെത്താൻ സാധിക്കാത്തതിനാൽ ബ്രിട്ടൻ മറ്റ് വഴികൾ തേടുന്ന നടപടികൾ ശക്തിപ്പെടുത്തിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും കരാർ ലഭിക്കുന്നത് നോക്കിയിരിക്കാതെ ബ്രിട്ടൻ ഇതിന്റെ ഭാഗമായി അമേരിക്കയുമായി പുതിയ കരാറുകൾക്ക് രൂപം നൽകാനൊരുങ്ങുകയാണ്. ട്രംപിനെ കണ്ട് ഡീൽ ഉറപ്പിക്കുന്നതിനായി തെരേസ ഇന്ന് അമേരിക്കയിലേക്ക് പോകുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ബ്രെക്സിറ്റ് വിഷയത്തിൽ കടുംപിടിത്തം തുടരുന്ന യൂറോപ്യൻ യൂണിയൻ ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

തെരേസ ഈ ആഴ്ച ന്യൂയോർക്കിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഈ വിഷയത്തിൽ ചർച്ച നടത്തുമെന്ന കാര്യം ഡൗണിങ് സ്ട്രീറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്തതതിന് ശേഷമായിരിക്കും തെരേസ ട്രംപിനെ കാണുന്നത്. രാസായുധങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യുഎൻ നടത്തുന്ന ചർച്ചയിലും തെരേസ പങ്കെടുക്കും. മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിനും മകൾ യുലിയക്കുംനേരെ സാലിസ്‌ബറിയിൽ വച്ച് റഷ്യ നടത്തിയ നെർവ് ഏജന്റ് ആക്രമണത്തെ തെരേസ ആ അവസരത്തിൽ വീണ്ടും അപലപിക്കുകയും ചെയ്യും.

ട്രംപും തെരേസയും നടത്തുന്ന വ്യാപാര ചർച്ച നിർണായകമായിരിക്കുമെന്ന പ്രതീക്ഷയാണ് ഈ അവസരത്തിൽ ശക്തമാകുന്നത്. സാൽസ്ബർഗ് സമ്മിറ്റിൽ കഴിഞ്ഞ ആഴ്ച തെരേസ ബ്രെക്സിറ്റിനായി മുന്നോട്ട് വച്ച ചെക്കേർസ് പ്ലാനിനെ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുൻ പിൻ നോക്കാതെ നിരസിച്ചതിനെ തുടർന്നാണ് വ്യാപാരക്കരാറുകൾക്കായി മറ്റ് വഴികൾ തേടാൻ തെരേസ വാശിയോടെ ശ്രമമാരംഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് യുകെയുടെ നിർണായക സഖ്യകക്ഷിയായ അമേരിക്കയുമായി വ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ത്വരിത ഗതിയിലുള്ള ചർച്ചക്ക് തെരേസ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

അമേരിക്കൻ യാത്രക്ക് മുമ്പ് തെരേസ സിബിഎസ് ബ്രേക്ക്ഫാസ്റ്റ് ടിവി ഷോയായ ദിസ് മോണിംഗിൽ ഇതിനെക്കുറിച്ച് വിവരിച്ചിരുന്നു. ട്രംപ് തെരേസയുമായി ചർച്ചക്കിരിക്കുമോ എന്ന ചോദ്യം അവതാരകനായ ജോൺ ഡിക്കേർസൻ തെരേസയോട് ചോദിച്ചിരുന്നു. തങ്ങൾ വ്യാപാരവിഷയം മുൻനിർത്തി നല്ലൊരു ചർച്ച നടത്തുമെന്നാണ് തെരേസ ഇതിനായി മറുപടിയേകിയിരിക്കുന്നത്. പ്രത്യേക ബന്ധമുണ്ടാക്കുന്നതിനായി ഇരു രാജ്യങ്ങൾക്കും തുറന്ന ചർച്ചകൾ നടത്താൻ സാധിക്കുമെന്നും തെരേസ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.