യക്കുമരുന്നടിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ വിശ്രുത ഹോളിവുഡ് നടൻ ബിൽ കോസ്ബിയെ മൂന്ന് വർഷത്തേക്ക് തടവിലിട്ടു. വർഷങ്ങൾക്ക് മുമ്പുള്ള പീഡന പരാതിയെ തുടർന്നാണ് ഇദ്ദേഹത്തെ ജാമ്യം പോലും നിഷേധിച്ച് ഇന്നലെ തടവിലേക്കയച്ചതെന്നത് ശ്രദ്ധേയമാണ്. അമേരിക്കക്കാർ എല്ലാവരും വലിപ്പച്ചെറുപ്പ ഭേദമന്യേ നിയമത്തിന് മുന്നിൽ തുല്യരാണെന്ന് ഈ വിധിയിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.പ്രസ്തുത കേസിൽ 25,000 ഡോളർ പിഴ അടക്കാനും പ്രോസിക്യൂഷൻ ചെലവുകൾ വഹിക്കാനും കോസ്ബിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോസ്ബിയെ നേരത്തെ ജഡ്ജ് സ്റ്റീവൻ ഓ നെയിൽ ' സെക്ഷ്വലി വയലന്റ് പ്രീഡേറ്റർ' ആയി പ്രഖ്യാപിച്ചതിനാൽ അദ്ദേഹത്തിന്റെ പേര് സെക്സ്-ഒഫെൻഡർ രജിസ്ട്രിയിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും. 2004ൽ ഫിലാദൽഫിയയിലെ തന്റെ വീട്ടിൽ വച്ച് മയക്കുമരുന്നുപയോഗിക്കുകയും ആൻഡ്രിയ കൺസ്റ്റൻഡ് എന്ന യുവതിയെ പീഡിപ്പിക്കുകയും ചെയ്തുവെന്ന കുറ്റ് അഞ്ച് മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് മേൽ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ തടവിലിട്ടിരിക്കുന്നത്.ഈ കേസിൽ അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് കോസ്ബിക്ക് വിധിക്കണമെന്നായിരുന്നു പ്രോസിക്യൂട്ടർമാർ വാദിച്ചിരുന്നത്.

എന്നാൽ അദ്ദേഹത്തിന് വളരെയേറെ പ്രായമായതിനാൽ വീട്ട്തടങ്കൽ മാത്രമേ വിധിക്കാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.കോസ്ബിക്ക് തടവ് ശിക്ഷ വിധിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കാമില്ലെ കോടതിയിൽ എത്തിയിരുന്നില്ല. മോൺട്ഗൊമറി കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിലേക്കാണ് കോസ്ബിയെ കൊണ്ട് പോയിരിക്കുന്നത്. തന്റെ തടവ് ശിക്ഷയുടെ ആദ്യത്തെ കുറച്ച് നാളുകൾ അദ്ദേഹത്തെ ഇവിടെയായിരിക്കും പാർപ്പിക്കുന്നത്.രാജ്യത്ത് നടന്ന ഏറ്റവും വംശീയപരവും ലൈംഗികപരവുമായ വിചാരണയായിരുന്നു ഇതെന്നാണ് കോസ്ബിയുടെ വക്താവ് ആൻഡ്ര്യൂ വ്യാറ്റ് പ്രതികരിച്ചിരിക്കുന്നത്.ദൈവം തനിക്ക് മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടെന്ന് കോസ്ബിക്ക് അറിയാമെന്നും ഇവയെല്ലാം കള്ളമാണെന്ന് ദൈവത്തിന് അറിയാമെന്നും വ്യാറ്റ് കൂട്ടിച്ചേർക്കുന്നു.

സ്വതസിദ്ധമായ തന്റെ അഭിനയപ്രതിഭയാൽ അമേരിക്കയെ ഏറെ ചിരിപ്പിച്ച ഈ പ്രതിഭയെ കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടു പോയ രംഗങ്ങൾ ആരെയും കരയിപ്പിക്കുന്നതായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വാച്ച്, ടൈ, ജാക്കറ്റ്, തുടങ്ങിയവ അഴിച്ച് മാറ്റുകയും കൈകളിൽ വിലങ്ങണിയിച്ച് പൊലീസ് അകമ്പടിയോടെ ഊന്ന് വടിയുടെ സഹായത്തോടെയായിരുന്നു കോസ്ബി വേച്ച് വേച്ച് തടവറയിലേക്ക് പോയത്. കോസ്ബി ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കുറ്റമാണെന്നും ആരും നിയമത്തന് അതീതരല്ലാത്തതിനാൽ അദ്ദേഹത്തിന് തടവ് ശിക്ഷ വിധിക്കുന്നുവെന്നുമായിരുന്നു ജഡ്ജ് ഓനെയിൽ പ്രഖ്യാപിച്ചിരുന്നത്.