മേരിക്കയിൽ നാളിത് വരെയുണ്ടായ മറ്റൊരു ഭരണകൂടവും ചെയ്യാത്ത വിപ്ലകരമായ പരിഷ്‌കാരങ്ങൾ രണ്ട് കൊല്ലം തികയുന്നതിന് മുമ്പ് തന്റെ ഗവണ്മെന്റ് നടപ്പിലാക്കിയെന്നും അത് ചരിത്രത്തിൽ ഇടംപിടിക്കുമെന്നുമുള്ള അവകാശവാദവുമായി യുഎൻ ജനറൽ അസംബ്ലിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കത്തിക്കയറി. ഇത് കേട്ടിരുന്ന മറ്റ് ലോകരാഷ്ട്ര തലവന്മാർ ഇത് കേട്ട് കൈയടിക്കുന്നതിന് പകരം പരസ്പരം നോക്കി പരിഹാസമടക്കി ചിരിച്ചുവെന്നാണ് റിപ്പോർട്ട്. താൻ നിർണായകമെന്ന് കരുതുന്ന തന്റെ പ്രസംഗം കേട്ട് മറ്റ് രാജ്യങ്ങളുടെ നേതാക്കൾ ചിരിച്ചതിൽ കടുത്ത അസംതൃപ്തി ട്രംപ് പിന്നീട് പ്രകടിപ്പിക്കുകയും ചെയ്തു.

താൻ മുൻകൂട്ടി എഴുതി തയ്യാറാക്കി അവതരിപ്പിച്ച സുപ്രധാനമായ കാര്യങ്ങൾ നിറഞ്ഞ ആ പ്രസംഗത്തോട് ലോക നേതാക്കൾ ഈ വിധത്തിൽ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് യുഎൻ പൊതുസഭയിൽ പ്രസംഗിക്കവെ ഉത്തരകൊറിയക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് പറഞ്ഞായിരുന്നു ട്രംപ് ആഞ്ഞടിച്ചിരുന്നത്. എന്നാൽ ഇന്ന് തന്റെ നയതന്ത്ര വിജയത്തിന്റെ ഭാഗമായി ഉത്തരകൊറിയയുമായി സമാധാന ചർച്ചകൾ നടത്താൻ സാധിച്ചുവെന്നും ആ രാജ്യം ആണവനിരായുധീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നും അത് തന്റെ ഗവൺമെന്റിന്റെ കഴിവാണെന്നും ഇന്നലത്തെ പ്രസംഗത്തിൽ ട്രംപ് അവകാശപ്പെട്ടിരുന്നു.

ഇതിന് സഹകരിച്ച ഉത്തരകൊറിയൻ നേതാവ് കിം ജോൻഗ് ഉന്നിന് ട്രംപ് നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇറാൻ തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യമാണെന്നും ചൈന കറൻസിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുകയും ബൗദ്ധിക സ്വത്തുകൾ മോഷ്ടിക്കുകയും ചെയ്യുന്നുവെന്നുമുള്ള ശക്തമായ ആരോപണങ്ങൾ ഇപ്രാവശ്യത്തെ പ്രസംഗത്തിൽ ട്രംപ് ഉയർത്തിക്കാട്ടിയിരുന്നു. ഇനി അധികകാലം ഇത്തരം നെറികേടുകൾ സഹിക്കാൻ സാധിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പേകിയിരുന്നു. തങ്ങളുടെ തൊഴിലാളികളെ ഇനിയും ഇരകളാക്കാനും തങ്ങളുടെ കമ്പനികളെ ചതിക്കാനും ഇനിയും അനുവദിക്കാൻ സാധ്യമല്ലെന്നും അമേരിക്കൻ പ്രസിഡന്റ് പ്രസംഗത്തിൽ താക്കീതേകിയിരുന്നു.

അമേരിക്കയെ ചൂഷണാത്മകമായി മുതലാക്കാൻ സുഹൃദ് രാജ്യങ്ങളെയും ശത്രുരാജ്യങ്ങളെയും താൻ അനുവദിക്കില്ലെന്ന് ട്രംപ് ഗൗരവപൂർവം പ്രസംഗിക്കുമ്പോഴും മറ്റ് ചില ലോകനേതാക്കൾ ചിരിയടക്കാൻ പാട് പെട്ടിരുന്നു. ട്രംപിന്റെ പ്രസംഗത്തിൽ ചിലർക്ക് അടക്കിപ്പിടിച്ച അമർഷമുണ്ടെന്നും അവരുടെ മുഖഭാവത്തിൽ നിന്നും വെളിപ്പെട്ടിരുന്നു. ഊർജത്തിന്റെ കാര്യത്തിൽ ജർമനി റഷ്യയോട് അമിതവിധേയത്വം കാണിക്കുന്ന രീതി ഇനിയെങ്കിലും മാറ്റണമെന്നും ട്രംപ് നിർദേശിച്ചു.

മറ്റ് രാജ്യക്കാരെല്ലാം തങ്ങളുടെ പരമാധികാരത്തിനും രാജ്യസ്നേഹത്തിനും വൻ പ്രാധാന്യമാണ് നൽകി വരുന്നതെന്നും താനടക്കമുള്ള അമേരിക്കക്കാർ മാത്രം ആ വികാരം പ്രകടിപ്പിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമെതിരെ താൻ സ്വീകരിച്ച് വരുന്ന കടുത്ത നടപടികളെ ന്യായീകരിച്ച് ട്രംപ് പ്രസംഗത്തിൽ ചോദ്യമുയർത്തിയിരുന്നു. ഇതിന് പുറമെ ലോകത്തിലെ മറ്റ് നിരവധി പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ താൻ സ്വീകരിച്ച് വരുന്ന നിലപാടുകളെയും തന്റെ യുഎൻ പ്രസംഗത്തിൽ ട്രംപ് ന്യായീകരിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം പുച്ഛ ചിരിയടക്കിയായിരുന്നു മിക്ക ലോക നേതാക്കളും ചെവിക്കൊണ്ടിരുന്നത്.