കുരങ്ങ് പനി അഥവാ മങ്കി പോക്സ് ബ്രിട്ടന് കടുത്ത ഭീഷണിയാകാനൊരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. രാജ്യത്ത് മൂന്നാമത് ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് ഈ ആശങ്ക വർധിച്ചിരിക്കുന്നത്. ഒരു ഹോസ്പിറ്റൽ ഹെൽത്ത്കെയർ അസിസ്റ്റന്റായ ഒരു 40 കാരിക്കാണ് പുതുതായി രോഗബാധയുണ്ടായിരിക്കുന്നത്. ഇവരെ ചൊവ്വാഴ്ച ന്യൂകാസിലിലെ റോയൽ ഇൻഫേമറിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ കുരങ്ങ് പനിയെ പേടിച്ച് ബ്രിട്ടീഷുകാരുടെ ഉറക്കം കെട്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂവിനും പ്ലേഗിനും ശേഷം ഈ നൂറ്റാണ്ടിന്റെ അന്തകനായി മങ്കിപോക്സ് ആഞ്ഞടിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ ഭയക്കുന്നത്.

ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടരാൻ തുടങ്ങിയിരുന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്.ഇപ്പോൾ രോഗം ബാധിച്ചിരിക്കുന്ന ഹോസ്പിറ്റൽ വർക്കറുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും രോഗത്തിനെതിരായ വാക്സിനേഷനെടുക്കാനായിരി കാത്തിരിക്കുകയാണ്. എന്നാൽ ഹോസ്പിറ്റൽ വർക്കർക്ക് രോഗബാധ പ്രകടമാകുന്നതിന് 24 മണിക്കൂർ മുമ്പ് അവരുമായി സമ്പർക്കത്തിലായ ആരെയും ഹെൽത്ത് ഒഫീഷ്യലുകൾ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.

സ്മാൾപോക്സ് വൈറസുമായി അടുത്ത ബന്ധമുള്ള വൈറസാണ് മങ്കി പോക്സിന് കാരണമായിത്തീരുന്നത്. ഇത് പകരാൻ സാധ്യത കുറവാണ്. അപകടവും താരതമ്യേന ചെറിയ തോതിലേ സാധാരണയുണ്ടാകാറുള്ളൂ. ശക്തമായ പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന, തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങളെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. തുടർന്ന് ശരീരമാകമാനം തിണർപ്പുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. മുഖത്ത് തുടങ്ങുന്ന തിണർപ്പുകൾ അധികം വൈകാതെ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും പടരും. തുടർന്ന് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി മാറുകയും ചെയ്യും. ചിലരിൽ ഇത് ചലം നിറഞ്ഞ കുരുവിന്റെ അവസ്ഥയിലാവുകയും ചെയ്യും. സാധാരണയായി 10 ദിവസങ്ങൾക്കം ഇവ ഉണങ്ങിപ്പോകുന്നതാണ്. എന്നാൽ ചിലരിൽ ഇത് ഭേദപ്പെടാൻ മൂന്നാഴ്ച വരെ സമയമെടുക്കാറുണ്ട്.

ആഫ്രിക്കയിലുണ്ടായ പത്ത് ശതമാനം മങ്കി പോക്സ് ബാധയും ഗുരുതരമായിത്തീർന്നിട്ടുണ്ട്. ഇവിടങ്ങളിലുണ്ടായ ഈ രോഗം വളരെ വേഗം പടരുന്ന പ്രവണത കാട്ടി ഭീതിയുയർത്തുകയും ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 1980ൽ നടന്ന ഗ്ലോബൽ ഇമ്മ്യൂണൈസേഷൻ ക്യാമ്പയിനിനെ തുടർന്ന് സ്മാൾപോക്സ് തുടച്ച് നീക്കാൻ സാധിച്ചിരുന്നു. എന്നാൽ സ്മാൾപോക്സ്ന് പകരമായി മങ്കി പോക്സ് ലോകമാകമാനം പടർന്ന് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് ചില ശാസ്ത്രജ്ഞന്മാർ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.

മങ്കി പോക്സിന്റെ ആദ്യ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോൺവാളിലും ബ്ലാക്ക് പൂളിലുമായിരുന്നു. കഴിഞ്ഞ വർഷം നൈജീരിയയിൽ വർധിച്ച തോതിൽ പടർന്ന മങ്കി പോക്സിൽ നിന്നാണ് ഇവർക്ക് രോഗബാധയുണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 40 വർഷങ്ങൾക്ക് ശേഷമായിരുന്നു ബ്രിട്ടനിൽ ആദ്യത്തെ രണ്ട് മങ്കി പോക്സ് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴിതാ മൂന്നാമത്ത കേസും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രോഗ ബാധശേഷി വീണ്ടും വർധിക്കാൻ തുടങ്ങിയെന്ന കടുത്ത ആശങ്കയാണ് ശക്തമായിരിക്കുന്നത്.