റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത് യു.എ.ഇയിലാണ്. എന്നാൽ. തീർത്ഥാടന നഗരങ്ങളായ മെക്കയും മദീനയുമുള്ളതുകൊണ്ട് സൗദിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും വളരെക്കൂടുതലാണ്. പശ്ചിമേഷ്യയിലെ പ്രധാന ടൂറിസം ഹബ്ബായി മാറാൻ തയ്യാറെടുക്കുകയാണ് സൗദി അറേബ്യ ഇപ്പോൾ. അതിനായി അവർ ഒരുക്കുന്നത് ഫ്രഞ്ച് റിവിയേറയെ വെല്ലുന്ന ആഡംബര ടൂറിസം റിസോർട്ട്. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അതിസമ്പന്നർക്കുമാത്രം പ്രാപ്യമായ രീതിയിലാകും ഈ റിസോർട്ട് നിർമ്മിക്കുക. മെഡിറ്ററേനിയൻ കടലിലേക്ക് നീണ്ടുനിൽക്കുന്ന രീതിയിലാകും അമാല ഡവലപ്‌മെന്റ് എന്ന റിസോർട്ടിന്റെ നിർമ്മാണം. പശ്ചിമേഷ്യയിലെ റിവിയേറ എന്നാകും ഇതറിയപ്പെടുക. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നേച്ചർ റിസർവിൽ നിർമ്മിക്കുന്ന റിസോർട്ടിൽ സെവൻ സ്റ്റാർ ഹോട്ടലുകൾ, സ്വകാര്യ വില്ലകൾ, യാട്ട് ക്ലബ്ബുകൾ, ആർട്‌സ് അക്കാദമി എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.

എണ്ണവ്യാപാരത്തിൽനിന്ന് പ്രധാനവരുമാന സ്രോതസ്സായി വിനേദ സഞ്ചാരമേഖലയെ വളർത്തുന്നതിന് ലക്ഷ്യമിടുന്ന വമ്പൻ പ്രോജക്ടുകളിലൊന്നാണ് അമാല ഡവലപ്‌മെന്റ്. സിലിക്കോൺവാലിക്ക് സമാനമായി നിർമ്മിക്കുന്ന നിയോം, ഡിസ്‌നിലാൻഡിനെ തോൽപിക്കാൻ ലക്ഷ്യമിടുന്ന ക്വിഡ്ഡിയ എന്നിവയും സൗദിയുടെ വമ്പൻ പദ്ധതികൾക്ക് ഉദാഹരണങ്ങളാണ്. ഇതിന് പുറമെ, പുണ്യനഗരങ്ങളായ മെക്കയെയും മദീനയെയും ബന്ധിപ്പിക്കാനായി ബുള്ളറ്റ് ട്രെയിനുകളും സൗദി വിഭാവനം ചെയ്യുന്നുണ്ട്.

2028-ൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന തരത്തിലാണ് അമാല പദ്ധതിയുമായി സൗദി മുന്നേറുന്നത്. 3800 ചതുരശ്ര കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണിത്. ഇവിടേക്ക് എത്തിച്ചേരുന്നതിന് മാത്രമായി പ്രത്യേക വിമാനത്താവളവും നിർമ്മിക്കുന്നുണ്ട്. സർക്കാർ ഏജൻസിയായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ് തുടക്കത്തിൽ പദ്ധതിക്കാവശ്യമായ നിക്ഷേപം നടത്തുന്നത്. പിന്നീട് സ്വകാര്യ ഏജൻസികളെയും നിക്ഷേപകരെയും ഇവിടേക്ക് ആകർഷിക്കും.