ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോച്ച്ഡെയിലിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിൽ ഷോപ്പിംഗിന് എത്തിയ ഏഷ്യൻ വംശജനായ നാസിർ ഹുസൈനും ഭാര്യ മഹിറ ഹുസൈനുമുണ്ടായ ദുരനുഭവം ബ്രിട്ടനിലെ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇവർ പത്ത് കുപ്പിയിൽ കൂടുതൽ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പത്ത് കുപ്പിയിൽ കൂടുതൽ വിൽക്കില്ലെന്ന് ടെസ്‌കോ ജീവനക്കാർ കടുംപിടിത്തം പിടിക്കുകയും അതിനെ ചോദ്യം ചെയ്ത ഏഷ്യൻ ദമ്പതികളെ പൊലീസെത്തെി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവിടേക്ക് കുതിച്ചെത്തിയ പൊലീസ് ദമ്പതികളെ ക്രിമിനലുകളെ പോലെ ആക്രമിച്ച് കീഴടക്കുകയായിരുന്നു. ഇത് വെളിപ്പെടുത്തുന്ന വീഡിയോ വൈറലായിട്ടുണ്ട്.

സൂപ്പർമാർക്കറ്റിന്റെ ചെക്കൗട്ടിൽ വച്ച് ജീവനക്കാരനുമായി തർക്കിച്ച ദമ്പതികളെ പൊലീസെത്തി അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഓൾഡ്ഹാമിലുള്ള ദമ്പതികൾക്ക് മേൽ ആക്രമണക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വെളിപ്പെടുത്തുന്നു. ദമ്പതികൾ 20 ബോട്ടിൽ മിനറൽ വാട്ടർ ആവശ്യപ്പെട്ടപ്പോൾ ടെസ്‌കോ ജീവനക്കാരൻ പത്ത് ബോട്ടിലിൽ കൂടുതൽ വിൽക്കാൻ സാധ്യമല്ലെന്ന് തറപ്പിച്ച് പറയുകയും അതിനെ ദമ്പതികൾ ചോദ്യം ചെയ്യുകയും തുടർന്ന് ജീവനക്കാർ പൊലീസിനെ വിളിക്കുകയുമായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

നാസിർ ടെസ്‌കോ ജീവനക്കാരനുമായും പൊലീസുമായും തർക്കിക്കുന്നതിന്റെയും അവസാനം പൊലീസ് ഓഫീസർ നാസിറിനെ പിടിച്ച് വലിക്കുന്നതിന്റെയും ദൃശ്യങ്ങൾ മഹിറ ക്യാമറയിൽ പകർത്തിയിരുന്നു. തുടർന്ന് മഹിറ ഈ തർക്കത്തിൽ പങ്ക് ചേരാൻ ശ്രമിച്ചപ്പോൾ അവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ടെസ്‌കോ ജീവനക്കാരൻ ഈ സമയത്ത് ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുന്നതും വീഡിയോയിൽ കാണാം. ട്രോളിയിൽ നിറയെ വെള്ളവുമായി ഇവർ ചെക്കൗട്ടിലെത്തി വീണ്ടും വെള്ളം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തർക്കം ആരംഭിച്ചിരുന്നത്.

വോൽവിക് ബോട്ടിലുകൾ മറ്റ് ടെസ്‌കോ സ്റ്റോറുകളിൽ നിന്നും തങ്ങൾ ഇഷ്ടം പോലെ വാങ്ങാറുണ്ടെന്നും എന്നാൽ മാഞ്ചസ്റ്ററിലെ ടെസ്‌കോ സ്റ്റോർ ഇത് പത്തെണ്ണം മാത്രമേ നൽകുകയുള്ളുവെന്ന കടുംപിടിത്തം പിടിക്കുന്നുവെന്നും നാസിർ ക്യാമറയെ നോക്കി പറയുന്നുണ്ട്. തങ്ങൾ റീട്ടെയിലർമാരോ ഹോൽസെയിലർമാരോ അല്ലെന്നും വീട്ടിലെ ആവശ്യത്തിനാണ് ഇത് ആവശ്യപ്പെട്ടതെന്നും എന്നിട്ടും ഇത് നിഷേധിച്ചുവെന്നും നാസിർ ആരോപിക്കുന്നു. തുടർന്ന് പൊലീസ് ഓഫീസർ വന്ന് കാര്യം തിരക്കുന്നുണ്ട്. താനടക്കമുള്ളവരെ സ്ത്രീ ക്യാമറയിൽ പകർത്തുന്നത് തിരിച്ചറിഞ്ഞ പൊലീസുകാരൻ മഹിറയോട് ക്യാമറ ഓഫ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മഹിറ ഇത് അനുസരിക്കാൻ തയ്യാറാവുന്നില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തോട് സഹകരിക്കുമെന്നാണ് ടെസ്‌കോ വക്താവ് പ്രതികരിച്ചിരിക്കുന്നത്.