ചുവന്ന സിഗ്നൽ തെളിഞ്ഞുകിടന്ന ജങ്ഷനിലേക്ക് വരവെ ട്രക്ക് ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ മറന്നതിന് വിലകൊടുക്കേണ്ടിവന്നത് 66-കാരിയായ വയോധികയുടെ ജീവൻ. മൊബൈൽ ഫോൺ പരിശോധിച്ചുകൊണ്ടിരുന്ന ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് മിഷണറി പ്രവർത്തകയായ യ്വോൻ ബ്ലാക്ക്മാന്റെ മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയ കോടതി, ട്രക്ക് ഓടിച്ച ഡേവിഡ് ഷീൽഡ്‌സിനെ അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഡംഫ്രീസിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ ഒരുനിമിഷത്തെപോലും അശ്രദ്ധ പാടില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. റെഡ് സിഗ്നലിൽ കാത്തുകിടക്കുകയായിരുന്ന യ്വോന്റെ കാറിലേക്ക് ഡേവിഡ് ഷീൽഡ്‌സ് ഓടിച്ച ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ഫോൺ പരിശോധിക്കുകയായിരുന്ന ഡേവിഡിന് ബ്രേക്ക് ചെയ്യാൻ വേണ്ട സമയം ലഭിച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ട്രക്ക് ഡ്രൈവറായ റാൽഫ് ബ്ലാക്ക്മാന്റെ ഭാര്യയാണ് യ്വോൻ. തന്റെ ഭാര്യയുടെ മരണത്തിനിടയാക്കിയ അപകടം ഓരോ ഡ്രൈവർമാർക്കും പാഠമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡേവിഡിന് കിട്ടിയ തടവുശിക്ഷ ഓരോ ഡ്രൈവർമാരും മനസ്സിലാക്കണം. ഫോൺ ഉപയോഗിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ റോഡിൽ മറ്റുയാത്രക്കാരുണ്ടെന്ന് ഓർക്കണമെന്നും അവർക്കും ജീവിതമുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

40 വർഷമായി താൻ വാഹനമോടിക്കുന്നുവെന്നും ഇതേവരെ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും റാൽഫ് പറഞ്ഞു. വാഹനമോടിക്കുമ്പോൾ ഫോൺ അടിക്കുകയാണെങ്കിൽ അതടിക്കട്ടെ എന്നുകരുതും. ഒരുസെക്കൻഡുനേരത്തെ അശ്രദ്ധപോലും മറ്റൊരാളുടെ ജീവൻ നഷ്ടപ്പെടുത്താമെന്നതിന്റെ തെളിവാണ് തന്റെ ഭാര്യയ്ക്കുണ്ടായ ദാരുണാന്ത്യത്തിന് കാരണമെന്നും റാൽഫ് പറഞ്ഞു. മൊബൈൽ പരിശോധിക്കവെ, 18 സെക്കൻഡോളം ഡേവിഡിന്റെ ശ്രദ്ധ റോഡിൽനിന്ന് പോയതായാണ് പ്രോസിക്യൂട്ടർമാർ കോടതിയിൽ അറിയിച്ചത്.