സ്ലാമിക് സ്‌റ്റേറ്റ് ഭീകരെ തുരത്താനായെങ്കിലും അവരേപ്പോലെതന്നെ ഭീഷണിയാണ് ഇറാഖിൽ മതമൗലികവാദികൾ. സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ യുവമോഡലിനെ അവരുടെ പോർഷോകാറിൽ സഞ്ചരിക്കവെ അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്നു. ബാഗ്ദാദിലെ ക്യാമ്പ് സാറ ജില്ലയിലാണ് 22-കാരിയായ താര ഫരെസ് വെടിയേറ്റ് മരിച്ചത്.

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ താരയെ യുവാക്കളുടെ ഹരമാക്കി മാറ്റിയിരുന്നു. മുപ്പതുലക്ഷത്തോളം പേരാണ് ഫാഷൻ രംഗത്ത് തരംഗം തീർത്ത താരയെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്. 2015-ൽ സൗന്ദര്യമത്സരത്തിലും അവർ വിജയിച്ചിരുന്നു. പുലർച്ചെ 5.45-ഓടെയാണ് താരയ്ക്ക് വെടിയേറ്റത്. ഉടൻതന്നെ ഷെയ്ഖ് സൈദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇറാഖി കുർദിസ്താന്റെ തലസ്ഥാനമായ എർബിലിലാണ് താര താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണ് ഇവർ ബാഗ്ദാദിലെത്തിയിരുന്നത്. താരയുടെ സന്ദർശന വിവരം മുൻകൂട്ടിയറിഞ്ഞ അക്രമികൾ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് ഇറാഖി ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫാഷൻ-ബ്യൂട്ടി രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കുനേരെ ഇറാഖിൽ മൗലികവാദികൾ ആക്രമണം നടത്തുന്നത് ഇതാദ്യമലല്ല. ബാർബി ബ്യൂട്ടി സെന്റർ ഉടമയായിരുന്ന റഫീഫ് അൽ യസേരി, ഫാഷൻ രംഗത്ത് പ്രവർത്തിച്ചിരുന്ന റാഷ അൽ ഹാസൻ എന്നിവർ ഓഗസ്റ്റിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതും സമാനമായ സംഭവങ്ങളാണെന്ന് കരുതുന്നു.

മനുഷ്യാവകാശ സംഘടന അൽ-വീദ് അൽ അലൈമിയുടെ പ്രധാന പ്രവർത്തകയായ സൗദ് അൽ അലി ബസ്രയിൽ വെടിയേറ്റ് മരിച്ചത് ബുധനാഴ്ചയാണ്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്ന ബസ്രയിൽ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന പ്രവർത്തകയാണ് സൗദ്. ആക്രമണത്തിൽ സൗദിന്റെ ഭർത്താവിന് പരിക്കേറ്റിട്ടുമുണ്ട്.