ലോപ്പതി ഡോക്ടർമാർ പ്രിസ്‌ക്രൈബ് ചെയ്തിരിക്കുന്ന മരുന്ന് കഴിക്കുന്നതിനൊപ്പം നാട്ടുവൈദ്യ പ്രകാരമുള്ള മരുന്ന് കഴിക്കാൻ പലരും രണ്ടാമതൊന്ന് ആലോചിക്കാറില്ല. എന്നാൽ ഇംഗ്ലീഷ് മരുന്നുകൾക്കൊപ്പം ആയുർവേദമോ പ്രകൃതി ചികിത്സയോ പരീക്ഷിച്ച് അതിന്റെ മരുന്ന് സേവ കൂടി നടത്തുന്നവർക്ക് ഇന്റേണൽ ബ്ലീഡിങ് ഉണ്ടാകുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഫാമിലി ഫിസിഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ. സാറാ ബ്ര്യൂവെറാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

മില്യൺ കണക്കിന് പേരാണ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പച്ച മരുന്നുകളടക്കമുള്ള സപ്ലിമെന്റുകൾ പതിവായി കഴിക്കുന്നത്. എന്നാൽ എന്തെങ്കിലും രോഗം വന്ന് അലോപ്പതി മരുന്ന് കഴിക്കേണ്ട അവസ്ഥ വന്നാലും ഇത്തരം സപ്ലിമെന്റുകൾ കഴിക്കുന്നത് നിർത്തുന്നതിനെ പറ്റി ഇത്തരക്കാർ ആലോചിക്കുക പോലുമില്ല. ഈ രീതി കടുത്ത അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് ഡോ. സാറ മുന്നറിയിപ്പേകിയിരിക്കുന്നത്. അതായത് ഇത്തരം സപ്ലിമെന്റുകൾക്കൊപ്പം പ്രമേഹത്തിനും രക്തസമർദത്തിനുമുള്ള മരുന്നുകൾ പതിവായി കഴിക്കുന്നവരേറെയാണ്. ഇത്തരക്കാർക്കും ഇന്റേണൽ ബ്ലീഡിങ് ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ.

ഇത് പോലെ തന്നെ പതിവായി പെയിൻകില്ലറുകൾ കഴിക്കുന്നവർ ആയുർവേദ മരുന്നുകൾ പോലുള്ളവ കഴിച്ചാലും ഈ പ്രശ്നം നേരിടേണ്ടി വരും. സപ്ലിമെന്റായി കഴിക്കുന്നവ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല. എന്നാൽ ഇവ പ്രിസ്‌ക്രൈബ്ഡ് മെഡിക്കേഷനൊപ്പം കഴിക്കുന്നത് കടുത്ത അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പേകുന്നത്. ഹെർബൽ മരുന്നുകൾ പ്രിസ്‌ക്രിപ്ഷൻ മെഡിക്കേഷനൊപ്പം കഴിക്കുന്നതിനെ പറ്റി കടുത്ത മുന്നറിയിപ്പേകി ഈ ആഴ്ചയാണ് യൂണിവേഴ്സിറ്റി ഓഫ് ഹെർട്ട്ഫോർഡ്ഷെയറിലെ ഗവേഷകർ രംഗത്തെത്തിയിരിക്കുന്നത്.

ഇതിലൂടെ ഇന്റേണൽ ബ്ലീഡിങ്, രക്തത്തിലെ പഞ്ചസാര വർധിക്കൽ, പ്രിസ്‌ക്രൈബ്ഡ് മെഡിസിൻ ശരിയായി ഫലപ്രദമാകാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഇത് മൂലമുണ്ടാകുമെന്നാണ് ഗവേഷകർ താക്കീത് നൽകുന്നത്. എന്നാൽ ഇത്തരം അപകടങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുകൾ പലതും സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമാണെന്നും മറിച്ച് വേണ്ടത്ര തെളിവുകളില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. അല്ലെങ്കിൽ മരുന്നുകളുടെ ഉയർന്ന ഡോസുകൾ കഴിക്കുന്ന വേളയിൽ മാത്രമേ ഇത്തരം പ്രതിസന്ധികളുണ്ടാവുകയുള്ളുവെന്നും അവർ എടുത്ത് കാട്ടുന്നു. എന്തൊക്കെയായാലും പ്രിസ്‌ക്രൈബ്ഡ് ടാബ്ലറ്റുകളും സപ്ലിമെന്റുകളും ഒരുമിച്ച് കഴിക്കുന്നതിന് മുമ്പ് വേണ്ടത്ര പരിശോധനകൾ നടത്തണമെന്നത് നിർണായകമായ കാര്യമാണ്.

സിബിഡി ഓയിൽ മാനസികമായ ആശ്വാസത്തിനും സമ്മർദമൊഴിവാക്കുന്നതിനും വേദന ഇല്ലാതാക്കുന്നതിനും ഫലപ്രദമാണ്. എന്നാൽ ഇതും ചില പ്രിസ്‌ക്രൈബ്ഡ് മെഡിസിനുകളും ഒരുമിച്ച് കഴിക്കുന്നത് അപകടമുണ്ടാക്കും. ചില മരുന്നുകളിൽ പരിണാമമുണ്ടാക്കുന്ന ലിവർ എൻസൈമുകളെ സിബിഡി തടസപ്പെടുത്താറുണ്ട്. അതിനാൽ ഇവയ്ക്കൊപ്പം ചില അലോപ്പതി മരുന്നുകൾ കഴിച്ചാൽ അവയുടെ ഡ്രഗ് ലെവൽ പരിധി വിട്ട് വർധിച്ച് പ്രശ്നങ്ങളുണ്ടാക്കും. ഉറക്കതടസം ഇല്ലാതാക്കുന്നതിന് വലെറിയാൻ കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഉറക്ക ഗുളിക, ബുപ്രെനോർഫിൻ, അല്ലെങ്കിൽ മയക്കമുണ്ടാക്കുന്ന മറ്റേതെങ്കിലും മരുന്ന് എന്നിയവക്കൊപ്പം വലെറിയാൻ കഴിക്കരുത്. ഇതിലൂടെ പാർശ്വഫലങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിൽ ഈ പ്രശ്നത്തിന് ഉദാഹരണങ്ങളേറെ എടുത്ത് കാട്ടാൻ സാധിക്കും.