ർമനിയിൽ കടുത്ത വംശീയവിവേചനമാണ് നിലനിൽക്കുന്നതെന്നും അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി ജർമൻ സന്ദർശന വേളയിൽ തുർക്കിഷ് പ്രസിഡന്റ് റീകെപ് എർദോഗൻ രംഗത്തെത്തി. ജർമൻ മണ്ണിൽ എത്തി ജർമനിയെ കടുത്ത ഭാഷയിൽ വിമർശിക്കാനാണ് ഇസ്ലാമിക ലോകത്തിന്റെ രക്ഷകനെന്ന് അവകാശപ്പെടുന്ന അദ്ദേഹം ധൈര്യം കാട്ടിയിരിക്കുന്നത്. ജർമനിയിലെ കൊലോഗ്‌നെയിൽ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മോസ്‌ക് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് എർദോഗൻ ഈ വിമർശന ശരം പ്രയോഗിച്ചത്.

മോസ്‌ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാനായി ലക്ഷങ്ങളായിരുന്നു തടിച്ച് കൂടിയിരുന്നത്. ജർമനിയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ എർഡോഗനെതിരെ കടുത്ത പ്രതിഷേധ പ്രകടനവുമായി തീവ്രവലത് വംശീയവാദികൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എർഡോഗൻ ഗോ ബാക്ക് എന്നെഴുതിയ ബാനറുകൾ പിടിച്ച് നിരവധി പേരായിരുന്നു റിനെ നദിക്കരയിലും മറ്റും മാർച്ച് നടത്തിയിരുന്നത്. കൊലോഗ്‌നെ സെൻട്രൽ മോസ്‌കിന് മേൽ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പൊലീസ് സ്നിപർ അടക്കമുള്ള കടുത്ത സുരക്ഷാ സന്നാഹങ്ങളായിരുന്നു പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്നത്.

വിവിധ കാഴ്ചപ്പാടുകളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ അംഗീകരിക്കാൻ തയ്യാറാവണമെന്ന് എർദോഗൻ ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തിരുന്നു. പൊതുവായ താൽപര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. തുർക്കി പ്രസിഡന്റിനെ പിന്തുണക്കുന്നവരുടെ പ്രകടനവും അരങ്ങേറിയിരുന്നു. തുർക്കിഷ് വംശജരായ ജർമനിയുടെ നാഷണൽ ഫുട്ബോൾ ടീമിലെ മെസുട്ട് ഒസിലിനോടും ഇൽകെ ഗൻഡോഗനോടും ജർമനി വംശീയ വിവേചനം പ്രകടിപ്പിച്ചുവെന്ന് പരാമർശിക്കുന്ന വേളയിലായിരുന്നു ജർമനിയിലെ വംശീയത തുർക്കിഷ് പ്രസിഡന്റ് എടുത്ത് കാട്ടിയത്.

ലണ്ടനിൽ വച്ച് ഈ ഫുട്ബോളർമാർ എർഡോഗനൊപ്പം ഫോട്ടോയെടുത്തത് വൻ വിവാദത്തിന് തുടക്കമിട്ടിരുന്നു. അതിനെ തുടർന്ന് ഒസിൽ ടീം വിട്ട് പോവുകയും ചെയ്യേണ്ടി വന്നിരുന്നു. ജർമനിയും ുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കഴിഞ്ഞ രണ്ട് വർഷമായി വീണ വിള്ളൽ ഇല്ലാതാക്കുകയാണ് എർഡോഗൻ തന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

തുർക്കി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും പത്രസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നടപടിയെയും എർഡോഗനെതിരെ പ്രതിഷേധിക്കാനെത്തി ആയിരക്കണക്കിന് പേർ എടുത്ത് കാട്ടിയിരുന്നു. ഇതിന് പുറമെ തുർക്കിയിലെ ന്യൂനപക്ഷമായ കുർദുകളെ അടിച്ചമർത്തുന്ന എർഡോഗന്റെ നിലപാടിനെയും അവർ കുറ്റപ്പെടുത്തിയിരുന്നു.