ബ്രിട്ടനിലെ തൊഴിലാളികളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന നിർണായക പരിഷ്‌കാരം നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി ലേബർ പാർട്ടി രംഗത്തെത്തി. ഇത് പ്രകാരം രാജ്യത്തെ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ ഓഫ് അനുവദിക്കാനാണ് പാർട്ടി പദ്ധതി തയ്യാറാക്കുന്നത്. തങ്ങൾ അധികാരത്തിലെത്തിയാൽ തൊഴിലാളികൾക്ക് ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്ത് ഇപ്പോഴത്തെ പോലെ അഞ്ച് ദിവസത്തെ ശമ്പളം വാങ്ങാൻ സാധിക്കുമെന്നാണ് ലേബർ വാഗ്ദാനം ചെയ്യുന്നത്. റോബോട്ടുകൾ ലാഭം ഉണ്ടാക്കുമ്പോൾ വിഹിതം തൊഴിലാളികൾക്ക് നൽകാൻ മൂന്ന് ദിവസത്തെ ഓഫ് വേണമെന്ന നയപ്രഖ്യാപനമാണ് വോട്ട് പിടിക്കാൻ വേണ്ടി ലേബർ നടത്തിയിരിക്കുന്നത്.

ഈ പരിഷ്‌കാരം നടപ്പിലായാൽ തൊഴിലാളികൾക്ക് ത്രീ-ഡേ വീക്കെൻഡായിരിക്കും ലഭിക്കുന്നത്. ഈ ആശയം പാർട്ടിയുടെ എക്കണോമിക് അജണ്ടയുടെ ഭാഗമാക്കുമെന്നാണ് പാർട്ടിയുമായി അടുത്ത ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. രാജ്യത്തെ തൊഴിലാളികൾക്ക് ഗുണകരമായ പരിഷ്‌കാരമായിരിക്കുമിതെന്നും പ്രസ്തുത ഉറവിടങ്ങൾ വിശദീകരിക്കുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന മാറ്റത്തിൽ നിന്നും തൊഴിലാളികൾക്ക് നേട്ടമുണ്ടാക്കുന്ന പരിഷ്‌കാരത്തിന് ട്രേഡ് യൂണിയൻ കോൺഗ്രസ് അംഗീകാരം നൽകുന്നതായിരിക്കും.

ഇത് സംബന്ധിച്ച നയപരമായ അവലോകനം ഈ വർഷം അവസാനത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്നാണ് മുതിർന്ന ലേബർ പാർട്ടി ഉറവിടം വെളിപ്പെടുത്തുന്നത്. ഇതൊരു രാത്രി കൊണ്ട് നടപ്പിലാക്കാൻ സാധിക്കുന്ന മാറ്റമല്ലെന്നും എന്നാൽ ഫോർ ഡേ വർക്കിങ് വീക്ക് എന്നത് പാർട്ടിയുടെ മഹത്തായ ലക്ഷ്യങ്ങളിലൊന്നാണെന്നും തൊഴിലാളിക്ക് ഗുണകരമാകുന്ന വിധത്തിൽ സമ്പദ് വ്യവസ്ഥയെ പുനസന്തുലനം ചെയ്യാൻ ഇതാവശ്യമാണെന്നും പാർട്ടി ഉറവിടം വിശദീകരിക്കുന്നു. പാർട്ടിയുടെ മൊത്തത്തിലുള്ള വ്യവസായ നയത്തിന്റെ പ്രധാന ഘടകമാണിതെന്നും ഉറവിടം എടുത്ത് കാട്ടുന്നു.

ആഴ്ചയിൽ നാല് പ്രവർത്തി ദിവസങ്ങൾ മാത്രമെന്ന ആശയം ലേബർ പാർട്ടിയല്ല ആദ്യമായി മുന്നോട്ട് വയ്ക്കുന്നത്. മറിച്ച് 2017ല തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഗ്രീൻ പാർട്ടിയും ഇതേ വാഗ്ദാനം മുഴക്കി വോട്ടർമാരെ ആകർഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പുതിയ നീക്കത്തെ ലേബറിലെ എല്ലാവരും ഐകകണ്ഠേന അംഗീകരിക്കുന്നില്ലെന്നും സൂചനയുണ്ട്. ഫോർ ഡേ വർക്കിങ് വീക്ക് എന്നത് പാർട്ടിയുടെ നയമല്ലെന്നും അത് പാർട്ടി പരിഗണിക്കുന്നില്ലെന്നുമാണ് ലേബർ വക്താവ് പ്രതികരിച്ചിരിക്കുന്നത്.

രാജ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം നടപ്പിലാക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് ഷാഡോ ചാൻസലറായ ജോൺ മാക് ഡോണൽ കഴിഞ്ഞ ആഴ്ചത്തെ പാർട്ടി കോൺഫറൻസിൽ വച്ച് വിശദീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി യൂട്ടിലിറ്റി സ്ഥാനപങ്ങളിലെ '' മുഖമില്ലാത്ത ഡയറക്ടർമാരിൽ'' നിന്നും '' പ്രോഫിറ്റേർസിൽ'' നിന്നും അധികാരം തിരിച്ച് പിടിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലാളികൾക്ക് കമ്പനി ബോർഡുകളിൽ സ്ഥാനം നൽകുമെന്നും പ്രൈവറ്റ് കമ്പനികളുടെ ഇക്യുറ്റിയുടെ പത്ത് ശതമാനം തൊഴിലാളികൾക്ക് നൽകാനായി ആകർഷകമായ ഓണർഷിപ്പ് ഫണ്ടുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.