സ്റ്റ് ലണ്ടനിലെ ഹാക്ക്നെ സെൻട്രൽ ഓവർഗ്രൗണ്ട് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ ഞായറാഴ്ച വൈകുന്നേരം 12 ഇഞ്ച് നീളമുള്ള കത്തിയുമായി കയറിയ ഒരാൾ എല്ലാവരെയും കൊല്ലുമെന്ന് ആക്രോശിച്ച് പരക്കം പായുകയും ഒരാളെ കുത്തുകയും ചെയ്തുവെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ കഴിയുന്ന ആളുടെ നില എന്താണെന്ന് വെളിപ്പെട്ടിട്ടില്ല. ഇതേ സമയം ബെർമിങ്ഹാമിലും ഒരാൾ മൂന്ന് പേരെ ഓടിച്ചിട്ട് കുത്തിയെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് യാത്രക്കാർ നൂറ് കണക്കിന് യാത്രക്കാർ സ്റ്റേഷനിലൂടെ പരിഭ്രാന്തിയോടെ പായുന്നതും അവരെ ഒഴിപ്പിക്കുന്നതുമായ ചിത്രങ്ങൾ ഹാക്ക്നെയിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്.

കത്തിക്കുത്തിനെ തുടർന്ന് ഹൈബറിക്കും ഇസ്ലിങ്ണും സ്ട്രാഫോർഡിനും ഇടയിലുള്ള സർവീസ് നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇതേ സമയം ബെർമിങ്ഹാമിലെ കത്തിക്കുത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ബ്രിട്ടനിലെ തെരുവുകളിൽ ഇത്തരം ആക്രമണങ്ങൾ പെരുകുന്നുവെന്നതിന് ഒരിക്കൽ കൂടി അടിവരയിടപ്പെട്ടിരിക്കുകയാണ്. ഹാക്ക്നെയിൽ ട്രെയിനിൽ ഒരാൾക്ക് കുത്തേറ്റുവെന്നറിഞ്ഞ് മറ്റുള്ള യാത്രക്കാരുടെ മുകളിലൂടെ ചവിട്ടിക്കയറി പരിഭ്രാന്തിയോടെ രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഹാക്ക്നെയിലെ ട്രെയിനിൽ യാത്രക്കാരും ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ സ്റ്റാഫുകളും തിങ്ങി നിറഞ്ഞ അവസരത്തിലാണ് കത്തിയുമായി ആക്രമി കൊലവിളി നടത്തി നീങ്ങിയതെന്നത് സംഭവത്തിന്റെ ഭീകരത വർധിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് കുത്തിച്ചെത്തുകയും ഇയാളെ കീഴടക്കി അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹാക്ക്നെ ഒഴിവാക്കി സഞ്ചരിക്കുന്നതായിരിക്കും നന്നായിരിക്കുകയെന്ന മുന്നറിയിപ്പേകി നിരവധി ദൃക്സാക്ഷികൾ ട്വീറ്റിട്ടിരുന്നു. കുത്തേറ്റ ആൾക്ക് നെഞ്ചിൽ നിന്നും രക്തം വന്നിരുന്നുവെന്നാണ് ഒരു സഹയാത്രികൻ സാക്ഷ്യപ്പെടുത്തുന്നത്.

കുത്തേറ്റ വേദനയാൽ ഓടിയ ഇയാൾ അവസാനം തളർന്ന് വീഴുകയും ആശുപത്രിയിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. ഇന്നെ ഉച്ചയ്ക്ക് ശേഷം ബെർമിങ്ഹാം സിറ്റി സെന്ററിലായിരുന്നു മറ്റൊരു കത്തിക്കുത്ത് ആക്രമണം അരങ്ങേറിയത്.ഇവിടെ ഒരാൾ കത്തിയെടുത്ത് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്കാണ് കുത്തേറ്റിരിക്കുന്നത്. ഇന്നലെ വൈകുന്നേരം 5.45നാണ് ഇവിടെ കത്തിക്കുത്ത് നടന്നിരിക്കുന്നതെന്നാണ് വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് വെളിപ്പെടുത്തുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ ചികിത്സിച്ച് വരുന്നുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നുണ്ട്.