ന്റെ വീട്ടുജോലിക്കാരി ഏഴാം നിലയിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അത് കൂസാതെ ജനാലയ്ക്കുള്ളിൽനിന്ന് അതിന്റെ ദൃശ്യങ്ങൾ പകർത്താൻ നിന്ന വീട്ടമ്മയ്ക്ക് കുവൈത്ത് കോടതി വിധിച്ചത് ഒന്നരവർഷത്തെ തടവ്. ഒറ്റക്കൈയിൽ തൂങ്ങിക്കിടന്ന് രക്ഷയ്ക്കുവേണ്ടി എത്യോപ്യക്കാരിയായ വേലക്കാരി അലറിവിളിക്കുമ്പോഴും കേറിവരൂ എന്ന് പറഞ്ഞുകൊണ്ട് ദൃശ്യങ്ങൾ പകർത്താനാണ് ഇവർ ശ്രമിച്ചത്. താഴെവീണ വേലക്കാരി നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

വീട്ടുവേലക്കാരിയെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ വീഡിയോ പകർത്തിയ വീട്ടമ്മയെ, മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ ദൃശ്യം പകർത്തുകയും സോഷ്യൽ മീഡിയയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കോടതി ഒരുവർഷവും എട്ടുമാസവും ശിക്ഷിച്ചത്. താൻ വേലക്കാരിയെ ഉപദ്രവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വീട്ടമ്മ വാദിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല.

വേലക്കാരി 'എന്നെ രക്ഷിക്കൂ, എന്നെ രക്ഷിക്കൂ' എന്ന് അലറിവിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, അതിന് ശ്രമിക്കാതെയാണ് ഇവർ വീഡിയോ പകർത്തിയത്. പൊടുന്നനെ കൈവിട്ട് താഴേക്ക് പതിച്ച യുവതി താഴെ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഭാഗ്യവശാൽ, തട്ടിത്തടഞ്ഞ് വീണ യുവതിയുടെ ഒരു കൈ ഒടിഞ്ഞതല്ലാതെ അവർക്ക് സാരമായ പരിക്കുകളേറ്റില്ല. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിക്കാനായതോടെ അവരുടെ ജീവൻ രക്ഷിക്കാനായി.

കെട്ടിടത്തിൽനിന്ന് വീഴുമെന്നുറപ്പായിട്ടും അവരെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. ദൃശ്യങ്ങൾ പുറത്തായതോടെ, സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന കുറ്റവും ഇവർക്കെതിരേ ചുമത്തപ്പെട്ടു. എന്തുകൊണ്ടാണ് അവർ വീട്ടിൽനിന്ന് ചാടി രക്ഷപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. ഏഷ്യക്കാരും ആഫ്രിക്കക്കാരുമടക്കം ആറുലക്ഷത്തോളം പേർ കുവൈറ്റിൽ വീട്ടുവേലക്കാരായി ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും കടുത്ത പീഡനങ്ങൾക്ക് ഇരയാകുന്നതായും റിപ്പോർട്ടുണ്ട്.