സ്മാർട്ട്‌ഫോൺ യുഗത്തിൽ ദാമ്പത്യത്തിലെ പ്രധാന വില്ലൻ ഫോണുകളാണ്. ഭർത്താവിന് ഭാര്യയുടെയും ഭാര്യയ്ക്ക് ഭർത്താവിന്റെയും ഫോണുകളിൽ അത്രവിശ്വാസം പോര. എന്നാൽ, ഫോണുകളിലെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചാൽ, നല്ല നിയമങ്ങളുള്ള നാട്ടിൽ അകത്തുപോയതുതന്നെ. യു.എ.ഇയിൽ ഭർത്താവിന്റെ രഹസ്യം ചോർത്തുന്നതിന് അയാളറിയാതെ ഫോണിലെ വിവരങ്ങൾ ശേഖരിച്ചതിന് ഭാര്യക്ക് ലഭിച്ചത് മൂന്നുമാസത്തെ തടവുശിക്ഷ.

തന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഭാര്യ ഫോണിലെ വിവരങ്ങൾ ചോർത്തുന്നുവെന്ന് കാണിച്ച് ഭർത്താവ് പരാതി നൽകുകയായിരുന്നു. റാസൽ ഖൈമയിലെ കോടതി ഭാര്യ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തന്റെ ഫോണിലെ വിവരങ്ങൾ ചോർത്തുകയും അത് മറ്റൊരു ഫോണിലേക്ക് കോപ്പി ചെയ്യുകയും ചെയ്തുവെന്നായിരുന്നു ഭർത്താവിന്റെ പരാതി. താനുറങ്ങിക്കിടന്നപ്പോഴാണ് ഭാര്യ ഇതുചെയ്തതതെന്ന് ഇയാൾ പരാതിയിൽ പറയുന്നു.

എന്നാൽ, തന്റെ സഹോദരങ്ങളെ കാണിക്കുന്നതിനായി ഏതാനും ചിത്രങ്ങൾ പകർത്തുക മാത്രമാണ് താൻ ചെയ്തതെന്ന് ഭാര്യ കോടതിയിൽ പറഞ്ഞു. താൻ ഫോൺ ചോർത്തിയിട്ടില്ലെന്നും ഭർത്താവ് പാസ്‌വേഡ് പറഞ്ഞുതന്നിരുന്നുവെന്നും ഇവർ പറഞ്ഞു. മുമ്പ് സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നത് താൻ കൈയോടെ പിടികൂടിയിട്ടുണ്ടെന്നും ഇവർ വാദിച്ചു. എന്നാൽ, കടുത്ത സൈബർനിയമങ്ങളുള്ള യു.എ.ഇ. കോടതി, ഭാര്യയുടെ വാദങ്ങൾ അംഗീകരിച്ചില്ല.

എന്നാൽ, തന്റെ സ്വകാര്യത ലംഘിച്ചുവെന്ന പേരിൽ സ്വന്തം ഭാര്യയെ ജയിലിലിട്ട ഭർത്താവിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. ഭാര്യയ്ക്ക് ഭർത്താവിൽ സംശയം തോന്നിയാൽ ഇത്തരം പരിശോധനകൾ സ്വാഭാവികമല്ലേയെന്നും വിമർശകർ ചോദിക്കുന്നു. എന്നാൽ, ആധുനികലോകത്ത് ഫോൺ എന്നത് ഒരാളുടെ സർവ രഹസ്യങ്ങളും അടങ്ങിയിട്ടുള്ള ഉപകരണമായതിനാൽ, അത് രഹസ്യമായി ചോർത്തുന്നത് കുറ്റകരമാണെന്ന് വാദിക്കുന്നവരും ഏറെയാണ്.

ഒരാളുടെ സമ്മതമില്ലാതെ ഫോൺ പരിശോധിക്കുന്നത് യു.എ.ഇ.യിൽ കുറ്റകരമാണെന്ന് അഭിഭാഷകരായ റായെദ് അൽ അവ്‌ലകിയും മുഹമ്മദ് ജാദ് അൽ മവ്‌ലയും പറഞ്ഞു. ദമ്പതിമാർ്ക്കിടയിൽപ്പോലും ഈ നിയമം ബാധകമാണ്. ഭാര്യ ഭർത്താവിന്റെയോ ഭർത്താവ് ഭാര്യയുടെയോ ഫോൺ സമ്മതമില്ലാതെ പരിശോധിക്കുന്നത് കുറ്റകകരമാണ്. പങ്കാളിയോ സുഹൃത്തോ ബന്ധുവോ രക്ഷകർത്താവോ സഹപ്രവർത്തകനോ ഫോൺവിവരങ്ങൾ ചോർത്തുന്നത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് നിയമം വിലയിരുത്തുന്നത്.