സൗത്ത്-വെസ്റ്റ് ലണ്ടനിലെ വൗക്സ്ഹാളിൽ നദിയുടെ തീരത്തുള്ള പെന്റ് ഹൗസിന്റെ ജനാല തകർന്ന് തലയിൽ വീണ് ബസ് ഡ്രൈവർ മൈക്ക് ഫെരിസ് (53)തൽക്ഷണം മരിച്ചു. നിറയെ യാത്രക്കാരുമായി പോയ ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ ടോയ്ലറ്റിൽ പോയി മടങ്ങുമ്പോഴായിരുന്നു 27ാം നിലയുടെ മുകളിൽ നിന്നും ജനായ തകർന്ന് ഇദ്ദേഹത്തിന്റെ തലയിൽ വീണിരുന്നത്. 27 നിലയുള്ള ക്രോണിക് ടവറിന് മുകളിലെ ജനാലയാണ് ദുരന്തത്തിന് ഇടയാക്കിയിരിക്കുന്നത്. 250 അടി ഉയരത്തിൽ നിന്നായിരുന്നു ജനാല ഇദ്ദേഹത്തിന്റെ ശിരസിലേക്ക് പതിച്ചത്.

റിവർ ബാങ്ക് പ്ലാസ ഹോട്ടലിലെ ടോയ്ലറ്റ് ഉപയോഗിച്ച ശേഷം തിരിച്ച് ബസിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ഫെരിസിനെ തേടി അപ്രതീക്ഷിതമായി മരണമെത്തിയത്.ഫെരിസ് വളരെ സ്നേഹവും സൗഹൃദവും പ്രകടിപ്പിക്കുന്ന ആളായിരുന്നുവെന്നാണ് അദ്ദേഹം ജോലി ചെയ്യുന്ന ക്ലാർക്സ് ഓഫ് ലണ്ടൻ കോച്ചസിലെ സഹപ്രവർത്തകർ വേദനയോടെ സ്മരിക്കുന്നത്. ക്രോണിക് ടവറിലെ ക്ലീനർ വളരെ ശക്തിയിൽ വിൻഡോ തള്ളിത്തുറന്നതിനെ തുടർന്ന് അത് നിലം പതിച്ചാണ് അപകമുണ്ടാവാൻ വഴിയൊരുക്കിയതെന്നാണ് ഈ സമയത്ത് അവിടെ ജോലി ചെയ്തിരുന്ന ബിൽഡറായ ജെർമെയിൻ ഡേവ്സ് സൂചന നൽകുന്നത്.

അപകടം നടന്നയിടത്ത് ജനൽ ഗ്ലാസ് പൊട്ടിത്തകർന്ന് കിടക്കുന്നുണ്ടായിരുന്നു. ഈ ഡ്രൈവർ പതിവായി റിവർബാങ്ക് പ്ലാസ ഹോട്ടലിലെ ടോയ്ലറ്റ് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ് സമീപത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നത്. വിൻഡോ കെട്ടിടത്തിന്റെ മുകളിൽ നിന്നും ഇത്തരത്തിൽ നിലം പതിച്ചത് എന്തുകൊണ്ടാണെന്ന് പൊലീസും ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പെന്റ്ഹൗസ് കഴിഞ്ഞ വർഷം മാത്രമാണ് പണി തീർന്നത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് പ്രോപ്പർട്ടി ഡെവലപറായ സെന്റ് ജെയിംസ് വെളിപ്പെടുത്തുന്നത്.

തെയിംസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ക്രോണിക് ടവർ ഏവരെയും ആകർഷിക്കുന്ന താമസസ്ഥലമാണ്. രണ്ടും മൂന്നും നാലും ബെഡ്റൂമുകളുള്ള 252 അപാർട്മെന്റുകളാണ് ഇവിടെയുള്ളത്. ഹൗസസ് ഓഫ് പാർലിമെന്റ് അടക്കമുള്ള ലണ്ടനിലെ പ്രധാന ലാൻഡ്മാർക്കുകൾക്ക് സമീപമാണിത് നിലകൊള്ളുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹെഡ്ക്വാർട്ടേർസിനും പ്രശസ്തമായ എംഐ6 ബിൽഡിംഗിനും ഇടയിലാണീ ടവർ നിലകൊള്ളുന്നത്.