മുംബൈ: മദ്യപിച്ച് ലക്കുകെട്ട് പതിരാത്രിയിൽ നടുറോഡിൽ തല്ലുകൂടുകയും അതിലിടപെട്ട പൊലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും അവരെ മർദിക്കുകയും ചെയ്ത നാല് യുവതികളിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടിരക്ഷപ്പെട്ടു. മലയാളിയായ ആഷ പിള്ള (23), മമ്ത മെഹർ (25), കമാൽ ശ്രീവാസ്തവ (22), ജെസ്സി ഡിക്കോസ്റ്റ (22) എന്നിവരാണ് ചൊവ്വാഴ്ച രാത്രി മുംബൈയിലെ ഭയന്ദറിൽ അടികൂടിയത്. മിര റോഡിലെ മാക്‌സസ് മാളിൽ നടന്ന പാർട്ടിക്കുശേഷം പുലർച്ചെ രണ്ടുമണിയോടെയാണ് ഇവർ അലമ്പുണ്ടാക്കിയത്.

മാളിന് സമീപത്തുള്ള ഭഗത്സിങ് ഗ്രൗണ്ടിൽവച്ചാണ് ഇവർ വാഗ്വാദം തുടങ്ങിയത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു നാലുപേരും. ഇതോടെ, ആളുകൾ തടിച്ചുകൂടുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ തുടങ്ങുകയും ചെയ്തു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. പട്രോളിങ് സംഘത്തിലെ വനിതാ പൊലീസ് മനീഷ പാട്ടിൽ, യുവതികളെ പിരിച്ചുവിടാൻ ശ്രമിച്ചു.തുടർന്ന് സംഘം പൊലീസുദ്യോഗസ്ഥയ്ക്കുനേരെ തിരിയുകയും അവരെ മർദിക്കുകയുമായിരുന്നു.

ആളുകൾ ചുറ്റുംകൂടിനിന്ന് ആർപ്പുവിളിക്കുന്നതിനിടെ, വനിതാപൊലീസും മറ്റ് രണ്ടുപേരും ചേർന്ന് യുവതികളെ കീഴ്‌പ്പെടുത്തി. മറ്റുള്ളവരെ വാഹനത്തിലേക്ക് മാറ്റുന്നതിനിടെ, ഡി കോസ്റ്റ ഓടിരക്ഷപ്പെടുകയും ്െചയ്തു. പൊലീസുകാരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് സമ്മതിക്കാതെ മർദിച്ചതിന്റെ പേരിലാണ് യുവതികൾക്കെതിരേ കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. ഡി കോസ്റ്റയ്ക്കായുള്ള തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.