ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനായി യൂറോപ്യൻ യൂണിയനുമുന്നിൽ താനവതരിപ്പിച്ച ചെക്കേഴ്‌സ് പ്ലാൻ പാടേ അവഗണിക്കപ്പെട്ടതിന്റെ ക്ഷീണമൊന്നും തെരേസ മേയുടെ മുഖത്തുണ്ടായിരുന്നില്ല. ബ്രെക്‌സിറ്റ് യഥാസമയം നടപ്പാക്കുമെന്ന് ഉറച്ചശബ്ദത്തിൽ പ്രഖ്യാപിച്ച അവർ, കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ പ്രസംഗിക്കവെ ഒരിടത്തുപോലും ചെക്കേഴ്‌സ് എന്ന വാക്ക് പറയാതിരിക്കാനും ജാഗ്രത കാണിച്ചു. ബ്രെക്‌സിറ്റുമായി മുന്നോട്ടെന്ന വിശ്വാസം അണികളിൽ ജനിപ്പിക്കാനായെങ്കിലും വിമർശകർ ഇപ്പോഴും അടങ്ങിയിട്ടില്ല.

നൃത്തം ചെയ്തുകൊണ്ടാണ് തെരേസ കോൺഫറൻസ് വേദിയിലേക്ക് കടന്നുവന്നത്. ശുഭാപ്തിവിശ്വാസക്കാരിയായ പ്രധാനമന്ത്രിയെയയാണ് പരിപാടിയിലുടനീളം കണ്ടത്. എന്നാൽ, തെരേസയുടെ അമിതാത്മവിശ്വാസമാണ് അവരുടെ ശരീരഭാഷയിൽ പ്രകടമാകുന്നതെന്നും ചെക്കേഴ്‌സ് പ്ലാൻ നിരാകരിക്കപ്പെട്ടതിന്റെ ജാള്യ മറയ്ക്കാനാണ് നൃത്തച്ചുവടുകൾ ഉപയോഗിച്ചതെന്നുമുള്ള ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്യുന്നുണ്ട്. അത്രയ്ക്ക് ശുഭകരമല്ല കാര്യങ്ങളെന്ന സൂചനയാണ് ഇതിന് പിന്നിലെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

ഹിതപരിശോധനാഫലത്തെ താൻ വഞ്ചിക്കില്ലെന്ന് കോൺഫറൻസിൽ സംസാരിക്കവെ തെരേസ പറഞ്ഞു. ബ്രെക്‌സിറ്റ് കൃത്യമായി നടപ്പാക്കും. യൂറോപ്യൻ യൂണിയനിൽനിന്ന് കരാറില്ലാതെ പുറത്തുകടക്കേണ്ടിവന്നാലും തനിക്ക് തെല്ലും ഭയമില്ലെന്നും അവർ പറഞ്ഞു. എന്നാൽ, ഇതോടൊപ്പം ബ്രെക്‌സിറ്റ് വാദികളായ ആക്ടിവിസ്റ്റുകൾക്കും രാഷ്ട്രീയക്കാർക്കുംമുന്നിൽ മറ്റൊരു ഉപാധികൂടി തെരേസ വെച്ചു. ആഗ്രഹിക്കുന്നതെല്ലാം അതേപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നതാണ് ആ ഉപാധി. എല്ലാം നടപ്പാക്കാനായില്ലെന്നതിന്റെ അർഥം ബ്രെക്‌സിറ്റ് ഇല്ല ്എന്നല്ലെന്നും പ്രധാനമന്ത്രി അവരെ ഓർമിപ്പിച്ചു.

ചെക്കേഴ്‌സ് പ്ലാൻ യൂറോപ്യൻ യൂണിയൻ നിരാകരിക്കുകയും സ്വന്തം പാർട്ടിയിൽത്തന്നെ വിമതശബ്ദം ശക്തമാവുകയും പ്രധാനമന്ത്രി പദം മോഹിക്കുന്ന മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണിൽനിന്നുള്ള വിമർശനം ശക്തമാവുകയും ചെയ്തത് തെരേസയെ കടുത്ത സമ്മർദത്തിലാഴ്‌ത്തിയിരുന്നു. ചെക്കേഴ്‌സ് എന്ന വാക്കുപോലും പ്രസംഗത്തിൽ കൊണ്ടുവരാതെ വിമർശനങ്ങളെ കഴിയുന്നത്ര മാറ്റിനിർത്താനാണ് തെരേസ കോൺഫറൻസിൽ ശ്രമിച്ചതെന്നത് ശ്രദ്ധേയമാണ്.

ചെക്കേഴ്‌സ് പ്ലാനെ പരിഷ്‌കരിച്ച് പുതിയ പദ്ധതിയായി വീണ്ടും യൂറോപ്യൻ യൂണിയനുമുന്നിൽ അവതരിപ്പിക്കാൻ തെരേസയ്ക്കുമേൽ മന്ത്രിസഭയിൽനിന്ന് സമ്മർദമുയരുന്നുണ്ട്. എന്നാൽ, രാജ്യത്തിന്റെ ഭാവിയിലൂന്നിനിന്നുള്ള പദ്ധതികൾക്കാണ് കോൺഫറൻസിലെ പ്രസംഗത്തിൽ തെരേസ മുൻതൂക്കം നൽകിയത്. ഗ്ലോബൽ ഇമിഗ്രേഷൻ സംവിധാനം, വിദേശത്തുനിന്നുള്ള നിക്ഷേപകരെ നിയന്ത്രിക്കൽ, ഇന്ധന നികുതി നിയന്ത്രണം തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങൾക്കാണ് അവർ കൂടുതൽ ഊന്നൽ നൽകിയത്.