ലാത്സംഗ ആരോപണം നേരിടുന്ന ഫുട്‌ബോൾതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് വീണ്ടും തിരിച്ചടി. ദേശീയ ടീമിന്റെ അടുത്ത രണ്ടുമത്സരങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ, സ്പോർട്സ് ഉത്പന്നരംഗത്തെ വമ്പന്മാരായ നൈക്കി റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. 15 വർഷമായി റൊണാൾഡോയുമായി കരാറിലേർപ്പെട്ടിട്ടുള്ള നൈക്കി അവസാനിപ്പിക്കാനൊരുങ്ങുന്നത് 100 കോടി ഡോളറിനുമേൽ വിലയുള്ള കരാറാണ്.

ക്രിസ്റ്റിയാനോ റൊണാൾഡോയുമായുള്ള കരാറിന്റെ ഭാഗമായി 15 വർഷത്തിനിടെ 70-ലേറെ സ്‌റ്റൈലിലുള്ള ബൂട്ടുകളാണ് നൈക്കി വിപണിയിലിറക്കിയത്. സിആർ7 എന്ന പേരോടുകൂടിയ ബൂട്ടുകൾ കോടിക്കണക്കിന് വിറ്റഴിയുകയും ചെയ്തു. തങ്ങളുടെ ഏറ്റവും വിലപിടിച്ച അംബാസഡർക്കെതിരേ ഉയർന്ന ആരോപണങ്ങൾ വേദനിപ്പിക്കുന്നതാണെന്നും അത്തരമൊരു ആരോപണം നിലനിൽക്കെ, കരാറുമായി മുന്നോട്ടുപോകുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കുന്നു.

2009-ൽ അമേരിക്കയിലെ നെവാദയിലെ ഒരു റിസോർട്ടിൽവെച്ച് തന്നെ റൊണാൾഡോ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി കാതറിൻ മയോർഗയെന്ന യുവതിയാണ് രംഗത്തുവന്നിട്ടുള്ളത്. റിസോർട്ടിൽവെച്ച് ഇരുവരും വളരെ അടുത്തിടപഴകി നൃത്തം ചെയ്യുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആരോപണങ്ങൾ നിഷേധിച്ച റൊണാൾഡോ, തന്റെ ചെലവിൽ പ്രശസ്തയാകാനുള്ള ശ്രമമാണ് കാതറിൻ നടത്തുന്നതെന്നും തിരിച്ചടിച്ചിരുന്നു.

കാതറിന്റെ പരാതിയിന്മേൽ അന്വേഷണം നടത്തുമെന്ന് ലാസ് വേഗസ്സ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് താരം കുടുങ്ങുമോയെന്ന സംശയവും ബലപ്പെട്ടത്. അതിനിടെ, പോർച്ചുഗലിന്റെ അടുത്ത രണ്ടുമത്സരങ്ങൾക്കുള്ള ദേശീയ ടീമിൽനിന്നും ക്രിസ്റ്റിയാനോയെ ഒഴിവാക്കി. റൊണാൾഡോ ആവശ്യപ്പെട്ട പ്രകാരമാണ് ഇതെന്ന് ടീമധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കലെന്നാണ് അണിയറ സംസാരം.

സൂപ്പർത്താരപദവിയിലേക്ക് കുതിച്ചുയർന്ന കാലം മുതൽക്കെ റൊണാൾഡോയ്‌ക്കൊപ്പമുള്ള ബ്രാൻഡാണ് നൈക്കി. 2003 മുതൽ നൈക്കിയുടെ അംബാസഡറാണ് റൊണാൾഡോ. ഇപ്പോൾ വിവാദമുണ്ടായപ്പോൾ ആദ്യം അതിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയതും നൈക്കിയാണ്. നൈക്കിക്ക് പുറമെ ടാഗ് ഹ്യൂവർ, ഹെർബലൈഫ്, അമേരിക്കൻ ടൂറിസ്റ്റർ തുടങ്ങിയവയൊക്കെ റൊണാൾഡോയുമായി കരാറിലുണ്ട്. വീഡിയോ ഗെയിം നിർമ്മാതാക്കളായ ഇഎ സ്‌പോർട്‌സും നൈക്കിയെപ്പോലെ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.