ബ്രിട്ടനിലെ പത്രങ്ങൾ എടുത്താൽ എല്ലാ ദിവസവും ഇന്ത്യയിലെ ബലാംത്സഗത്തിന്റെ വാർത്തകൾ കാണാം. ഇന്ത്യൻ മാധ്യമങ്ങൾ അറിയാത്ത പല വാർത്തകളും ഇവർ പ്രസിദ്ധീരകരിക്കാറുണ്ട്. ഇത്തരം വാർത്തകളിൽ പതലും വെറും ആരോപണങ്ങൾ ആയിരിക്കാം. എന്നാലും ലോകത്തിന്റെ ബലാംത്സഗ തലസ്ഥാനമാണ് ഇന്ത്യയെന്നു വരുത്തി തീർക്കാൻ വലിയ ആവേശമാണ് ഇവിടുത്ത ഇംഗ്ലീഷ് പത്രങ്ങൾക്ക്. എന്നിട്ടും വെള്ളക്കാരുടെ നാട്ടിൽ അതിക്രൂരമായ ഒരു ബലാംത്സഗം ചെയ്തിട്ട് മിക്ക പത്രങ്ങളും അറിഞ്ഞതായി നടിച്ചില്ല. അറിഞ്ഞവർ തന്നെ രണ്ടോ മൂന്നോ പാരഗ്രാഫ് ഉള്ള ഒരു ചെറിയ വാർത്തയാക്കി അവസാനിപ്പിച്ചു.

വെറും രണ്ടാഴ്ച മാത്രം പ്രായമുള്ള കുരുന്നിനെയാണ് ഡൗൺ കൗണ്ടിയിലെ കടലോരപ്രദേശമായ അന്നാലോങ്ങിൽ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് റോയൽ ബെൽഫാസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 25-കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലാത്സംഗവും മനപ്പൂർവം മുറിവേൽപ്പിക്കലുമാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം. ഇയാളെ അർമാഗ് മജിസ്‌ട്രേറ്റ് കോടതിയിൽ ചൊവ്വാഴ്ച ഹാജരാക്കി.

അതിക്രൂരമായ ബലാത്സംഗത്തിനിരയായ കുഞ്ഞിന് ഒട്ടേറെ പരിക്കുകളേറ്റിട്ടുണ്ടെന്ന് നോർത്തേൺ അയർലൻഡ് പൊലീസ് സർവീസ് വക്താവ് വ്യക്തമാക്കി. സീരിയസ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, കേട്ടുകേൾവിയില്ലാത്തതും രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയതുമായ സംഭവം പുറത്തുവിടാതെ പൊലീസ് രഹസ്യമാക്കിവെക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സെപ്റ്റംബർ 29-നാണ് ഈ ക്രൂരകൃത്യം നടന്നതെന്നാണ് കരുതുന്നത്. കുഞ്ഞിനെ ആശുപത്രിയിലാക്കിയതിന് പിന്നാലെ പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി ഇയാളെ മഗാബെറി ജയിലിലേക്ക് റിമാൻഡ് ചെയ്തയച്ചു. ഒക്ടോബർ പത്തുവരെയാണ് റിമാൻഡ്. ന്യൂറി മജിസ്‌ട്രേറ്റ് കോടതിയിലാകും കേസിന്റെ തുടർനടപടികൾ നടക്കുക.