മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഹൂദന്മാരുമായുള്ള സംഘർഷമാണ് പശ്ചിമേഷ്യയിലെ സമാധാനംകെടുത്തുന്നത്. ഇത് പരിഹരിക്കാൻ ആഗോളതലത്തിൽ ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും വിജയിച്ചിട്ടില്ല. ഇസ്രയേലും ഫലസ്തീനുമായുള്ള തർക്കം പരിഹരിക്കുന്നതിനും സമാധാനശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും പുതിയൊരു ആശയവുമായി രംഗത്തുവന്നിരിക്കുകയാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ അബ്ദുൽ കരീം അലീസ.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും യഹൂദന്മാരും ചേർന്ന് തിരഞ്ഞെടുക്കുന്ന പ്രതിനിധി സംഘം ജറുസലേം സന്ദർശിച്ച് ചർച്ചകൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. മുസ്ലിം വേൾഡ് ലീഗിന്റെ സെക്രട്ടറി ജനറൽകൂടിയാണ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അലീസ. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി സംഘം സൗദി അറേബ്യയെയോ ഏതെങ്കിലും രാഷ്ട്രീയ സംഘടനയെയോ പ്രതിനിധാനം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മതത്തിന്റെയും പ്രതിനിധികൾ ഉൾക്കൊള്ളുന്നതാവണം ഇതെന്നും ജറുസലേമിലെ പുണ്യകേന്ദ്രങ്ങളെല്ലാം സംഘം സന്ദർശിക്കണമെന്നും സൗദി രാജകുമാരൻ ആവശ്യപ്പെട്ടു. ഇസ്രയേലിലെയും ഫലസ്തീനിലെയും നേതാക്കളെ കണ്ട് പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകൾ# ഇവർ ആരായണം. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്ത മത നേതാക്കൾ വിചാരിച്ചാൽ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് സൗദി രാജകുമാരൻ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുമ്പോൾ മതകേന്ദ്രീകൃതവുമായ തന്റെ രാജ്യം പ്രതിനിധി സംഘത്തിലുണ്ടാവരുതെന്ന് അലീസ രാജകുമാരൻ പറഞ്ഞു. പക്ഷേ, സംഘത്തിൽ മുസ്ലിം, ക്രിസ്ത്യൻ, യഹൂദ സമൂഹങ്ങളുടെ പ്രതിനിധികൾ ഉണ്ടാവണം. വിവിധ മതങ്ങൾക്കിടയിലുള്ള യോജിപ്പിന്റേതായ തലം കണ്ടെത്തുവാൻ ഇത്തരമൊരു സംഘത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ജീവിക്കുന്ന രാജ്യത്ത് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാവുന്ന ലോകം പുലരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നയതന്ത്ര തലത്തിൽ സൗദിയും ഇസ്രയേലും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും ഇറാനോടുള്ള ശത്രുതയുടെ പേരിൽ ഇരുരാജ്യങ്ങളും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നുണ്ട്. എന്നാലും, ഫലസ്തീൻ-ഇസ്രയേൽ തർക്കം പരിഹരിക്കുന്നതിന് സൗദി ഇടപെട്ടാൽ അതിന് വേറൊരു മാനം വരുമെന്ന് രാജകുമാരൻ കണക്കുകൂട്ടുന്നു. മാത്രമല്ല, മതകേന്ദ്രീകൃതമായ സൗദിയുടെ ഇടപെടൽ വിമർശനത്തിനുള്ള വഴി തുറക്കാനും ഇടയുണ്ടെന്ന് അദ്ദേഹം കരുതുന്നു.