ർഭാവസ്ഥയിൽ ശിശുവിന്റെ ലിംഗനിർണയം ലോകത്ത് മിക്ക രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് മുൻകൂട്ടിയറിഞ്ഞ് ഭ്രൂണഹത്യ നടത്തുന്നത് തടയുന്നതിനുവേണ്ടിയാണിത്. ഇന്ത്യയിൽ പല സമൂഹങ്ങളിലും പെൺഭ്രൂണഹത്യ വ്യാപകമായതോടെയാണ് ലിംഗനിർണയം കർശനമായി വിലക്കിയിട്ടുള്ളത്. എന്നാൽ, പരിഷ്‌കൃതരെന്ന് അവകാശപപ്പെടുന്ന ബ്രിട്ടനിലും ലിംഗനിർണയം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഏതാനും എൻഎച്ച്എസ് ഡോക്ടർമാർതന്നെയാണ് ലിംഗനിർണയം നടത്തുന്നതിന് സഹായിക്കുന്നതെന്ന് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി നടത്തിയ അന്വേണ റിപ്പോർട്ടിൽ പറയുന്നു. 14,000 പൗണ്ടാണ് ഇതിന് പകരമായി ഈടാക്കുന്നത്. ഹാർലി സ്ട്രീറ്റിലെ ചില ക്ലിനിക്കുകൾ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രാഥമിക വിശകലനങ്ങൾ നടത്തുന്നത്. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി വിദേശത്തെ ആശുപത്രികളെ ഇവർ ബന്ധപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.

നൂറുകണക്കിന് ബ്രിട്ടീഷ് ദമ്പതിമാർ ഇത്തരത്തിൽ ശിശുവിന്റെ ലിംഗനിർണയം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലിംഗനിർണയവും പെൺഭ്രൂണഹത്യയും നടക്കുന്നുണ്ടെന്ന സൂചനകൾ ഞെട്ടിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു. ലിംഗനിർണയം യുകെയിൽ നിയമവിരുദ്ധമാണെന്നിരിക്കെ, ഇത്തരം കാര്യങ്ങൾക്ക് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും കൂട്ടുനിൽക്കുന്നുവെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് റോയൽ കോളേജ് ഓഫ് ജിപീസ് വ്യക്തമാക്കി.

ഇന്ത്യൻ വംശജരാണ് ഇത്തരത്തിൽ ഭ്രൂണാവസ്ഥയിൽത്തന്നെ ശിശുവിന്റെ ലിംഗനിർണയം നടത്താനായി എത്തുന്നവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ട്. സ്വത്തുക്കൾ കൈമോശം വരാതിരിക്കുന്നതിന് ആൺകുട്ടികളോട് കൂടുതൽ താത്പര്യം പുലർത്തുന്ന ഇവർ, പെൺകുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയിൽ ഇല്ലാതാക്കുന്നതിന് വിദേശത്തേക്ക് പോകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ലിംഗനിർണയത്തിനെത്തുന്ന ബ്രിട്ടീഷ് ദമ്പതിമാരിൽ പത്തിൽ ഒമ്പതുപേരും പെൺകുട്ടികളോട് താത്പര്യം കാട്ടുന്നവരാണെന്നും റിപ്പോർട്ട് തുടരുന്നു.

2008-ലെ ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി നിയമപ്രകാരമാണ് ലിംഗനിർണയം ബ്രിട്ടനിൽ വിലക്കിയിട്ടുള്ളത്. ഗർഭത്തിലുള്ള കുഞ്ഞ് ഏതുലിംഗത്തിലുള്ളതാണെന്ന് മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന ഏതെങ്കിലും തരം പരിശോധനകൾ നടത്തുന്നത് ഈ നിയമം തടയുന്നു. എന്നാൽ, വിദേശത്തുപോയി ഗർഭഛിദ്രം നടത്തുന്നതിന് ദമ്പതിമാരെ സഹായിക്കുന്ന ഇടനിലക്കാരെന്നോണമാണ് ഡോക്ടർമാർ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.