ഡാൻസ് ഫ്‌ളോറിലെ പങ്കാളികളായ സിയാൻ വാൽഷും കത്യാ ജോൺസും ചുംബനവിവാദത്തിൽപ്പെട്ടതോടെ ഇരുവരുടെയും പങ്കാളികൾ പിണങ്ങിയിറങ്ങി. മദ്യത്തിന്റെ പുറത്ത് പറ്റിയ അബദ്ധമാണിതെന്ന് പറഞ്ഞ് ഇരുവരും മാപ്പപേക്ഷയുമായി രംഗത്തെത്തിയെങ്കിലും അത് ഫലിച്ചിട്ടില്ല. ഒരിക്കൽ മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളൂവെന്നും തങ്ങളുടെ പങ്കാളികളോട് അഗാധമായ സ്‌നേഹമുണ്ടെന്നുമാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടത്.

ബുധനാഴ്ച ലണ്ടനിലെ ഒരു പബ്ബിന് പുറത്തുവെച്ച് വാൽഷും കത്യാ ജോൺസും ചുംബിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. അന്നേദിവസം തന്നെയായിരുന്നു വാൽഷിന്റെ കാമുകിയും നടിയുമായ റെബേക്ക ഹംഫ്രീസിന്റെ ജന്മദിനവും. വീഡിയോ പുറത്തായതോടെ, വാൽഷ് മാപ്പപേക്ഷയുമായി രംഗത്തെത്തി. മാപ്പർഹിക്കുന്ന കാര്യമല്ല ഇതെങ്കിലും മദ്യപിച്ചതിനെത്തുടർന്നുണ്ടായ സംഭവമാണിതെന്നും അതിൽ ഖേദിക്കുന്നുവെന്നും വാൽഷ് ട്വീറ്റ് ചെയ്തു.

സ്ട്രിക്റ്റ്‌ലി ഡാൻസറായ നീൽ ജോൺസണെ 2013-ൽ വിവാഹം കഴിച്ച കത്യായും പിന്നാലെ മാപ്പപേക്ഷ നടത്തി. മദ്യത്തിന്റെ ലഹരിയിലുണ്ടായ സംഭവമാണിതെന്നും തന്റെ ഭർത്താവ് തന്നെ മനസ്സിലാക്കുമെന്നുമായിരുന്നു കത്യായുടെ ട്വീറ്റ്. തങ്ങളുടെ ബന്ധത്തിൽ ഇത് യാതൊരു ഉലച്ചിലും ഉണ്ടാക്കില്ലെന്നും അവർ അവകാശപ്പെട്ടു.

സംഗതി വിവാദമായതോടെ, സിയേൻ വാൽഷ് പരിപാടിയിൽനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തി. പരസ്യമായി മാപ്പുപറയുകയല്ല, പ്രശ്‌നം കുടുംബത്തിൽ പരിഹരിക്കുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. ചിത്രങ്ങൾ പുറത്തുവന്നശേഷം വാൽഷുമായി റെബേക്ക സംസാരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റഗ്രാമിൽ അവർ ഇരുവരും അൺഫോളോ ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, റെബേക്കയുടെ അക്കൗണ്ടിൽ ഇപ്പോഴും വാൽഷം കത്യായുമായൊന്നിച്ചുള്ള നൃത്തത്തിന്റെ ചിത്രങ്ങളുണ്ട്.

നീൽ ജോൺസിന്റെ അക്കൗണ്ടിലും വാൽഷും കത്യായും നൃത്തം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമാണുള്ളത്. വിവാദം തന്നെ ബാധിച്ചിട്ടില്ലെന്ന മട്ടിലുള്ളതാണ് നീലിന്റെ പോസ്റ്റുകൾ. തലേന്നത്തെ സ്ട്രിക്റ്റ്‌ലി ഡാൻസിന്റെ വീഡിയോ പോസ്റ്റ് ചെയ്ത നീൽ, താൻ കത്യായുടെയും വാൽഷിന്റെയും പ്രകടനത്തിൽ അഭിമാനിക്കുന്നുവെന്ന് കമന്റും ചെയ്തിട്ടുണ്ട്.