ബാങ്കോങ്ക്: തായ്ലൻഡിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിനിടെ ഇന്ത്യക്കാരിയടക്കം രണ്ട് വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു. ഗാഘ്രേജർ ധീരജ് (47) ആണ് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. രണ്ട് ഇന്ത്യക്കാരടക്കം അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു.തായ്ലൻഡിലെ രച്തവി ജില്ലയിലെ സെന്റാറ വാട്ടർഗേറ്റ് പവിലിയോൺ ഹോട്ടലിന് പിന്നിലുള്ള തെരുവിലാണ് വെടിവെപ്പ് നടന്നത്. വിനോദ സഞ്ചാരികളുടെ ബസുകൾ നിർത്തിയിട്ടിരുന്നത് ഇവിടെയാണ്.

സഞ്ചാരികൾ ഭക്ഷണം കഴിച്ചശേഷം മടക്കയാത്രയ്ക്കുള്ള ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. തൊട്ടടുത്തുള്ള സ്‌നൂക്കർ ക്ലബിൽ നിന്ന് പുറത്തിറങ്ങിയ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ സംഘട്ടനം ഉണ്ടാവുകയും വെടിവെക്കുകയും ചെയ്തു.ആയുധ ധാരികളായ ഇരുപതോളം യുവാക്കളൈാണ് ഏറ്റുമുട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തും മുമ്പേ അക്രമികൾ സ്ഥലംവിട്ടു. അതിനാൽ ആരെയും പിടികൂടിയിട്ടില്ല. എ.കെ 47 തോക്ക് ഉപയോഗിച്ചാണ് യുവാക്കൾ വെടിവച്ചതെന്ന് കരുതുന്നുവെന്ന് പൊലീസ് പറഞ്ഞു.