മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ മകൾ ബാർബറ 36-ാം വയസ്സിൽ വിവാഹിതയായി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ എഴുത്തുകാരനായ ക്രെയ്ഗ് ലൂയി കോയ്ൻ ബാർബറയെ മിന്നുകെട്ടി. അഞ്ചാഴ്ച മുമ്പ് നടന്ന വിവാഹനിശ്ചയം മുതൽ കാര്യങ്ങൾ രഹസ്യമാക്കിവെച്ച ബുഷ് കുടുംബം, വിവാഹവും രഹസ്യമായാണ് നടത്തിയത്. മകളുടെ കൈപിടിച്ച് ജോർജ് ഡബ്ല്യു. ബുഷ് മുന്നിൽനിന്നപ്പോൾ, അനുഗ്രഹാശിസ്സുകളുമായി മുൻ പ്രസിഡന്റുകൂടിയായ മുത്തച്ഛൻ ജോർജ് എച്ച്. ഡബ്ല്യു. ബുഷും ഉണ്ടായിരുന്നു.

മെയ്‌നിലെ കെന്നെബങ്ക്‌പോർട്ടിലെ കുടുംബ എസ്‌റ്റേറ്റിലായിരുന്നു വിവാഹച്ചടങ്ങുകൾ. തൂവെള്ള വെറാ വാങ് ഗൗണിൽ തിളങ്ങിനിന്ന ബാർബറയ്ക്ക് തുണയായി അമ്മ ലോറ ബുഷും ഇരട്ടസഹോദരി ജെന്നയും ഉണ്ടായിരുന്നു. ജെന്നയുടെ ഭർത്താവ് ഹെന്റി ചെയ്‌സ് ഹേഗറും മക്കളായ അഞ്ചുവയസ്സുകാരി മിലയും മൂന്നുവയസ്സുകാരി പോപ്പിയും ചടങ്ങിൽ നിറഞ്ഞുനിന്നു. മുത്തശ്ശിയായ ബാർബറ ബുഷ് ആറുമാസംമുമ്പ് മരിച്ചതിനാൽ, അമ്മായി ഡൊറോത്തി ബുഷ് കോച്ചാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

മുത്തശ്ശിയായ ബാർബറയോടുള്ള ആദരസൂചകമായി വിവാഹാഭരണങ്ങൾക്കൊപ്പം 70-ാം വിവാഹവാർഷികത്തിന് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് സമ്മാനിച്ച ബ്രെയ്‌സ്‌ലെറ്റ് ബാർബറ അണിഞ്ഞിരുന്നു. മിലയും പോപ്പിയുമായിരുന്നു ബാർബറയുടെ ഫ്‌ളവർ ഗേൾസ്. ഇരുവരും ചടങ്ങിലുടനീളം ഓടിക്കളിച്ചും മറ്റും അതിഥികളുടെ മനംകവരുകയും ചെയ്തു.

94 വയസ്സുള്ള ജോർജ് എച്ച് ഡബ്ല്യു. ബുഷ് ഇപ്പോൾ യാത്രയൊന്നും ചെയ്യാനാവാതെ വീൽച്ചെയറിലാണ് ജീവിതം. അദ്ദേഹം മെയ്‌നിലാണ് താമസിക്കുന്നതെന്നതിനാലാണ് വിവാഹം അവിടെ നടത്തണെമന്ന് ബാർബറ തീരുമാനിച്ചത്. കുടുംബാഗങ്ങൾ മാത്രമുൾപ്പെട്ട ചെറിയ ചടങ്ങായി നടത്തമെന്നതുകൊണ്ടാണ് വിവാഹം രഹസ്യമായി നടത്തിയതെന്ന് ജെന്ന പറഞ്ഞു. 2008-ലാണ് ജെന്നയും ഹെന്റിയും വിവാഹിതരായത്.

ക്രെയ്ഗിന്റെ ഭാഗത്തുനിന്നും ചുരുക്കം ബന്ധുക്കളേ ചടങ്ങിനുണ്ടായിരുന്നുള്ളൂ. സഹോദരൻ എഡ്വേർഡ് കോയ്‌നായിരുന്നു ചടങ്ങിൽ ക്രെയ്ഗിന്റെ തോഴനായി നിന്നത്. അച്ഛൻ എഡ്വേർഡ് ജയിംസ്, അമ്മ ഡാർലീൻ, സഹോദരിമാരായ കാത്‌ലീൻ, കാറ്റി എന്നിവരും പങ്കെടുത്തു. വിവാഹശേഷം ന്യുയോർക്കിൽ സ്ഥിരതാമസമാക്കാനാണ് ബാർബറയുടെയും ക്രെയ്ഗിന്റെയും തീരുമാനം. ബാർബറ ഇപ്പോൾ ന്യുയോർക്കിലാണ് താമസിക്കുന്നത്. ക്രെയ്ഗ് ലോസ് എയ്ഞ്ചൽസിലും.