ബ്രിട്ടീഷ് രാജകുടുംബം മറ്റൊരു രാജകീയ വിവാഹത്തിന് കൂടി ഈ വരുന്ന ശനിയാഴ്ച സാക്ഷ്യം വഹിക്കാൻ പോവുകയാണ്. എലിസബത്ത് രാജ്ഞിയുടെ പുത്രൻ ആൻഡ്ര്യൂ രാജകുമാരന്റെ പുത്രി യൂജിൻ രാജകുമാരിയുടെയും ജാക്ക് ബ്രൂക്സ്ബാങ്കിന്റെയും വിവാഹണമാണന്ന്. ബ്രിട്ടീഷ് സമയം രാവിലെ 11 മണിക്കാണ് വിൻഡ്സർ കാസിലിലെ സെന്റ്.ജോർജ് ചാപെലിൽ വച്ചാണ് വിവാഹം ആരംഭിക്കുന്നത്. തുടർന്ന് രാജ്ഞി ആതിഥേയത്വം വഹിക്കുന്ന വിരുന്നും അരങ്ങേറും. വിരുന്നിനായി ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖർ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. വിവാഹത്തിനായി വിൻഡ്സർ പാലസ് എല്ലാ അർത്ഥത്തിലും ഒരുങ്ങിക്കഴിഞ്ഞു.

ഇതിനെ തുടർന്ന് അന്ന് രാത്രി യോർക്ക് ഫാമിലി റെസിഡൻസായ റോയൽ ലോഡ്ജിൽ വച്ച് റിസപ്ഷനും നടക്കും. ഈ രാജകീയ വിവാഹം അന്നേ ദിവസം രാവിലെ 9.25 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഐടിവി 1ൽ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. മൂന്ന് മണിക്കൂർ നീളുന്ന ലൈവ് പ്രോഗ്രാം വിൻഡ്സറിൽ നിന്നും നടത്തുന്നതായിരിക്കും. വിൻഡ്സർ കാസിലിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ ദർശിക്കാൻ പൊതുജനങ്ങൾക്ക് ക്ഷണമുണ്ട്. പബ്ലിക്ക് ബാലറ്റിലൂടെ 1200 പൊതുജനങ്ങളെയാണ് വിവാഹം കാണാൻ ക്ഷണിച്ചിരിക്കുന്നത്.

വിവാഹം നേരിട്ട് കാണുന്നതിനുള്ള അവസരം ലഭിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും ഒരു ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നുവെന്നാണ് ബക്കിങ്ഹാം പാലസ് വെളിപ്പെടുത്തുന്നത്. പൊതുജനങ്ങൾക്ക് പുറമെ ചാരിറ്റി പ്രതിനിധികൾ, യൂജിന്റെ പഴയ സ്‌കൂളിൽ നിന്നുള്ള കുട്ടികൾ, രാജകുടുംബത്തിലെ ജീവനക്കാർ തുടങ്ങിയവരും വിവാഹത്തിന് ദൃക്സാക്ഷികളായെത്തും. വിൻഡ്സർ ഹൈ സ്ട്രീറ്റിലൂടെ യൂജിനും വരനും റോയൽ കാരിയേജിൽ സഞ്ചരിക്കുന്നതായിരിക്കും. വിൻഡ്സൽ കാസിലിൽ നിന്നും പുറപ്പെടുന്ന ഈ കാരിയേജ് കാസിൽ ഹില്ലിലൂടെ സഞ്ചരിച്ച് ഹൈസ്ട്രീറ്റിലൂടെ കേംബ്രിഡ്ജ് ഗേറ്റിലൂടെ കാസിലിലേക്ക് തിരിച്ചെത്തും.

ദി ഡീൻ ഓഫ് വിൻഡ്സറായ ഡേവിഡ് കോണെറായിരിക്കും ഇവരുടെ വിവാഹത്തിന് നേതൃത്വം നൽകുന്നത്. പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത് ആർച്ച് ബിഷപ്പ് ഓഫ് യോർക്കായ ജോൺ സെന്റമുവായിരിക്കും. സെന്റ് ജോർജ് ചാപ്പലിലെ ചടങ്ങിന് ശേഷം സെന്റ് ജോർജ് ഹാളിലാണ് രാജ്ഞി ആതിഥേയത്വമരുളുന്ന വിരുന്ന് നടക്കുന്നത്. റിസപ്ഷനായി ഹാരിയും മേഗനും എത്തിച്ചേരും. വിവാഹദിവസം വൈകുന്നേരം ചാൾസ് രാജകുമാരൻ ഫ്രോഗ്മോർ ഹൗസിൽ വച്ച് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഈവനിങ് റിസപ്ഷൻ നടത്തും. ഇത് വൈകീട്ട് ഏഴ് മണിക്കാണ് തുടങ്ങുന്നത്.

യൂജിന്റെ കുടുംബവീടായ വിൻഡ്സർ ഗ്രേറ്റ് പാർക്കിലെ റോയൽ ലോഡ്ജിലാണ് വൈകുന്നേരത്തെ ആഘോഷങ്ങൾ അരങ്ങേറുന്നത്. ഇത് പുലർച്ച വരെ നീളുന്നതായിരിക്കും. പ്രമുഖ രാജകുടുംബാംഗങ്ങളെല്ലാം ചടങ്ങിനെത്തും.