ഇസ്താംബൂൾ: മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്താൻ പ്രത്യേക കൊളയാളി സംഘത്തെ നിയോഗിച്ചിരുന്നുവെന്ന ആരോപണം ശക്തമായതോടെ, ഇക്കാര്യത്തിൽ സൗദി അറേബ്യയുടെ പങ്ക് കൂടുതലായി പുറത്തുവരുന്നു. ഇസ്താംബുളിലെ കോൺസുലേറ്റിൽനിന്ന് ജമാൽ ഖഷോഗി ജീവനോടെ പുറത്തുപോയെന്നതിന് യാതൊരു തെളിവുകളും വെളിപ്പെടുത്താൻ സൗദിക്ക് ആയിട്ടില്ല. ഇതോടെ, തുർക്കിയിലെ സൗദി എംബസ്സിയിൽ ഖഷോഗി കൊല്ലപ്പെടുവെന്ന ആരോപണം സ്ഥിരീകരിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

അതിനിടെ ജമാൽ ഖഷോഗിയെ കാണാതായതുമായി ബന്ധപ്പെട്ട് 15 സൗദി പൗരന്മാരെ തിരിച്ചറിഞ്ഞതായി തുർക്കി മാധ്യമം. സൗദിയിൽ നിന്നുള്ള 15 അംഗ ഇന്റലിജൻസ് സംഘമാണ് തിരോധാനത്തിനുപിന്നിലെന്നും ഇവരാരൊക്കെയാണെന്ന് തിരിച്ചറിഞ്ഞെന്നും തുർക്കിസർക്കാർ അനുകൂല പത്രമായ 'സബാ' റിപ്പോർട്ട് ചെയ്തു. ഇവരുടെ പേരുകളും ജനനവർഷവുമുൾപ്പെടെയുള്ള വിവരങ്ങളും സബ പുറത്തുവിട്ടു. കോൺസുലേറ്റിനുള്ളിൽവെച്ചോ പുറത്തുവെച്ചോ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് തുർക്കി ആരോപിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണ് തുർക്കിയുടേതെന്നായിരുന്നു സൗദിയുടെ പ്രതികരണം.

ഖഷോഗ്ഗി സൗദികോൺസുലേറ്റിലെത്തിയ ദിവസം സൗദിയിൽനിന്നുള്ള 15 അംഗ സംഘം രണ്ടുവിമാനങ്ങളിലായി ഈസ്താംബൂളിലെത്തിയിരുന്നുവെന്നും തുർക്കി ആരോപിച്ചിരുന്നു. ഈസ്താംബൂൾ വിമാനത്താവളത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് ഇവരെ തിരിച്ചറിഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച പാസ്‌പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് പത്രം പുറത്തുവിട്ടിട്ടുള്ളത്. സംഘാംഗങ്ങളിലൊരാൾ സൗദി ഫൊറൻസിക് വിദഗ്ധനാണെന്നും പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗ്ഗിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ തുർക്കി ടെലിവിഷൻ ചാനലുകൾ ബുധനാഴ്ച പുറത്തുവിട്ടിരുന്നു.

സൗദി പ്രത്യേക സേനയിലെ ഓഫീസർ, റോയൽ ഗാർഡിലെ അംഗങ്ങൾ, ഒരു മുതിർന്ന ഫൊറൻസിക് വിദഗ്ധൻ എന്നിവരുൾപ്പെട്ട 15 അംഗ കൊളയാളി സംഘമാണ് സ്വകാര്യ ജെറ്റ് വിമാനത്തിൽ തുർക്കിയിലേക്ക് ദൗത്യം നടത്താൻ പോയത്. ഒക്ടോബർ രണ്ടിന് പുലർച്ച രണ്ട് സ്വകാര്യ ജെറ്റ് വിമാനങ്ങളിലായി സംഘം അറ്റാത്തുർക്ക് വിമാനത്താവളത്തിലെത്തി. അന്നുച്ചയ്ക്കാണ് ഖഷോഗിയെ കോൺസുലേറ്റിലേക്ക് വിളിച്ചുവരുത്തിയത്. വൈകിട്ടോടെ സംഘം കൃത്യം നിർവഹിച്ച് സൗദിയിലേക്ക് മടങ്ങുകയും ചെയ്തു. സൗദി ആരോപണം നിഷേധിക്കുമ്പോഴും ഇതിനുശേഷം ഖഷോഗി അപ്രത്യക്ഷനായെന്ന കാര്യത്തിന് ഉത്തരം നൽകാനും സാധിച്ചിട്ടില്ല.

ഖഷോഗിയെ പിടികൂടുന്നത് സംബന്ധിച്ച് കൊലയാളി സംഘത്തിന്റെ സംഭാഷണങ്ങളും ആശയവിനിമയങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണവിഭാഗം പറയുന്നു. ഈ സംഘത്തിന്റെ നീക്കത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ തുർക്കിയും പരിശോധിക്കുന്നുണ്ട്. രഹസ്യസ്വഭാവമുള്ള ഉന്നതതല യോഗം നടക്കുന്നതിനാൽ അന്നേദിവസം ഉച്ചയ്ക്കുശേഷം എംബസിയിലെ ജീവനക്കാർക്ക് അവധി നൽകിയതും സംശയം വർധിപ്പിക്കുന്നു.

ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് വ്യക്തമായ ഉത്തരം ലഭിക്കുന്നതിന് സൗദിയിലെ ഉന്നതരുമായി സംസാരിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ശക്തമായ സമ്മർദം ഉയരുന്നുണ്ടെങ്കിലും സൗദി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. സൗദിയിലേക്ക് തിരിച്ചെത്തിയാൽ, ദേശീയ ഉപദേഷ്ടാവിന്റെ പദവി നൽകാമെനന്് സൗദി ഖഷോഗിക്ക് വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, മതപരവും തൊഴിൽപരവുമായ കാരണങ്ങളാൽ അദ്ദേഹം അത് നിരസിച്ചുവെന്നും റി്‌പോർട്ടിൽ പറയുന്നു.

തുർക്കിക്കാരിയായ കാമുകി ഹാത്തിസ് സെൻഗിസുമായുള്ള വിവാഹത്തിനൊരുങ്ങവെയാണ് ഒക്ടോബർ രണ്ടിന് ഖഷോഗി അപ്രത്യക്ഷനാകുന്നത്. ഇസ്താംബുളിലെ എംബസിയിലേക്് അദ്ദേഹം പ്രവേശിക്കുന്നതിന് തെളിവുകളുണ്ട്. പിന്നീടൊരു വിവരവുമില്ല. സൗദി റോയൽ കോടതിയുടെ ഉത്തരവ് നടപ്പാക്കാനെത്തിയ പ്രത്യേക കൊലയാളി സംഘം, ഖഷോഗിയെ ചോദ്യം ചെയ്യുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയും പിന്നീട് കഷ്ണങ്ങളാക്കി മറവുചെയ്യുകയും ചെയ്തുവെന്നാണ് തുർക്കിയുടെ ആരോപണം.

കൊലയാളി സംഘത്തിൽപ്പെട്ട 15 പേരുടെയും പേരുവിവരങ്ങൾ തുർക്കി പത്രമായ സാബാ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഒക്ടോബർ രണ്ടിന് പുലർച്ചെ രണ്ട് സ്വകാര്യ ജെറ്റ് വിമാനങ്ങളിലായി എത്തിയ ഈ സംഘം രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലായാണ് താമസിച്ചത്. മൂവെൻപിക്ക്, വിൻഡാം എന്നീ ഹോട്ടലുകളിൽ താമസിച്ച സംഘം രാവിലെ കോൺസുലേറ്റിൽ എത്തിയത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഖഷോഗി കോൺസുലേറ്റിലേക്ക് എത്തുന്നതും അദ്ദേഹം വന്ന വാഹനം തിരിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കൊലയാളി സംഘം അന്നുവൈകുന്നേരം തന്നെ സൗദിയിലേക്ക് തിരിച്ചുപോവുകയും ചെയ്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായാണ് ഖഷോഗി അറിയപ്പെട്ടിരുന്നത്. അദ്ദേഹം കിരീടാവകാശിയായി മാറിയതോടെ, ഖഷോഗി അമേരിക്കയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തുർക്കി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും സൗദി അധികൃതർ സഹകരിക്കുന്നില്ലെന്ന് മുതിർന്ന അധികൃതരിലൊരാൾ പ്രതികരിച്ചു. ഒക്ടോബർ രണ്ടിനാണ് ഖഷോഗ്ഗി സൗദി കോൺസുലേറ്റിലെത്തിയത്. ആ ദിവസം ഉച്ചയ്ക്ക് 1.14-ന് അദ്ദേഹം കോൺസുലേറ്റ് കെട്ടിടത്തിൽ പ്രവേശിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ടുമണിക്കൂറിനുശേഷം കോൺസുലേറ്റിലേക്ക് വാഹനങ്ങൾ എത്തുന്നതിന്റെയും പിന്നീട് ആ വാഹനങ്ങൾ സമീപത്തെ കോൺസുൽ ജനറലിന്റെ വസതിയിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുൾപ്പെടുന്നു. ഈ വാഹനത്തിലാണ് ഖഷോഗ്ഗിയെ ജീവനോടെയോ അല്ലാതെയോ കടത്തിക്കൊണ്ടുപോയതെന്നാണ് തുർക്കി അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്.

ഒക്ടോബർ രണ്ടിന് രണ്ടുവിമാനങ്ങളിലായി ഈസ്താംബൂളിൽ 15 അംഗ സൗദിസംഘം എത്തിയതിന്റെയും അവർ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യവിമാനത്തിൽ ഖഷോഗ്ഗിയെ വിദേശത്തേക്ക് കടത്താനുള്ള സാധ്യതയുണ്ടെന്നും സബാ ദിനപത്രം റിപ്പോർട്ട് ചെയ്തു. സൗദിയിൽനിന്നുള്ള ഒരു വിമാനം ഈസ്താംബൂളിൽനിന്ന് റിയാദിലേക്കാണ് പോയത്. മറ്റൊന്ന് ദുബായ് വഴി ഈജിപ്തിലേക്കും -സബയുടെ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി കോൺസുലേറ്റിൽ പരിശോധന നടത്താനുള്ള തുർക്കിയുടെ അഭ്യർത്ഥന സൗദി കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു.