റ്റൊരു പ്രകൃതി ദുരന്തതത്തിന്റെ മുഖാമുഖം കാണുകയാണ് അമേരിക്ക. അമേരിക്കൻ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കൊടുങ്കാറ്റായി വിശേഷിപ്പിക്കപ്പെടുന്ന മൈക്കിൾ കൊടുങ്കാറ്റ് തീരത്തേയ്ക്ക് അടുത്തതോടെ, ഫ്‌ളോറിഡ, തെക്കൻ അലബാമ, ജോർജിയ എന്നീ സംസ്ഥാനങ്ങൾ ഭീതിയുടെ മുൾമുനയിലായി. കാറ്റഗറി 4-ൽപ്പെടുന്ന ഈ കൊടുങ്കാറ്റ് ഇപ്പോഴത്തെ തീവ്രതയോടെ കരയിലേക്ക് കടന്നാൽ, നൂറുവർഷത്തിനിടെ, ഏറ്റവും വലിയ ദുരന്തമായിരിക്കും അമേരിക്ക നേരിടുകയെന്നും കരുതുന്നു.

മണിക്കൂറിൽ 250 കിലോമീറ്ററോളം വേഗത്തിലാണ് കാറ്റ് കരയിലേക്ക് കയറുന്നത്. ഫ്‌ളോറിഡയിലെ പാൻഹാൻഡിലിലേക്കാണ് കാറ്റ് അതിശക്തമായി എത്തുന്നത്. ഇവിടുത്തെ എല്ലാ വീടുകളും കെട്ടിടങ്ങളും തകർത്തെറിയാനുള്ള ശേഷി മൈക്കിളിനുണ്ടെന്നാണ് വിലയിരുത്തൽ. ഫ്‌ളോറിഡയിലും തെക്കൻ അലബാമയിലും ജോർജിയയിലുമായി 38 ലക്ഷം പേർക്ക് അതീവജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാൻഹാൻഡിലിൽനിന്നും മുഴുവൻ പേരെയും സുരക്ഷാമുന്നൊരുക്കങ്ങളുടെ ഭാഗമായി ഒഴിപ്പിക്കുകയും ചെയ്തു.

കൊടുങ്കാറ്റിനെ നേരിടാൻ പഴുതുകളില്ലാത്ത മുന്നൊരുക്കമാണ് ഫളോറിഡ നടത്തിയിട്ടുള്ളത്. പാൻഹാൻഡിലിൽനിന്ന് മുഴുവൻപേരെയും ഒഴിപ്പിച്ച അധികൃതർ ജോർജിയയയിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. പാൻഹാൻഡിലിലെ ആറ് വിമാനത്താവളങ്ങളും അടച്ചു. ഇന്ന് കാറ്റ് തീരത്തെത്തുമെന്നാണ് കരുതുന്നത്. പാൻഹാൻഡിലുടനീളം വലിയതോതിലുള്ള നാശമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ, തെക്കുകിഴക്കൻ ജോർജിയയിലും സൗത്ത് കരോലിനയിലും കാറ്റ് ദുരന്തം ഉണ്ടക്കിയേക്കാം.

അമേരിക്കയിൽ അമ്പതുവർഷത്തിനിടെ വീശിയടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരിക്കും മൈക്കിൾ എന്നാണ് വിലയിരുത്തൽ. മേഖലയിൽനിന്ന് മാത്രമായി മൂന്നേമുക്കാൽ ലക്ഷത്തോളം പേരെ നിർബന്ധിതമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എന്നാൽ, മ്ുന്നറിയിപ്പുകള# അവഗണിച്ച് കുറേപ്പേർ താമസസ്ഥലത്ത് തുടരുന്നത് ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പാനമ സിറ്റിയിൽ കനത്ത നാശം വിതച്ച കാറ്റ് കൂടുതൽ ശക്തിയാർജിച്ചാവും അമേരിക്കൻ തീരത്തെത്തുകയെന്നാണ് കണക്കുകൂട്ടുന്നത്.

അടുത്തിടെയുണ്ടായ ഫ്‌ളോറൻസ് ചുഴലിക്കാറ്റും കനത്തമഴയും വലിയതോതിൽ നാശം വിതച്ചതിന് തൊട്ടുപിന്നാലെയാണ് മൈക്കിൾ കൊടുങ്കാറ്റ് ഫ്‌ളോറിഡയെ ആക്രമിക്കുന്നത്. ഫ്‌ളോറൻസ് കൊടുങ്കാറ്റിന്റെ ദുരിതം പേറേണ്ടിവന്ന ആയിരങ്ങൾ ഇപ്പോഴും ക്യാമ്പുകളിലുണ്ട്. അവരോട് അവിടെത്തന്നെ തുടരാനാണ് ഫ്‌ളോറിഡ ഗവർണർ റിക്ക് സ്‌കോട്ട് ആവശ്യപ്പെട്ടിരുക്കുന്നത്. പാൻഹാൻഡിലിൽ മുന്നറിയിപ്പ് അവഗണിച്ച് തുടരുന്നവർ എന്തുതരത്തിലുള്ള ദുരന്തത്തിനും ഇരയായേക്കാമെന്ന് നേരത്തെ റിക്ക് സ്‌കോട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. അവിടെ തുടരുന്നവർക്കുവേണ്ടി താൻ പ്രാർത്ഥിക്കുന്നുണ്ടെന്നാണ് ഗവർണർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.

തീരത്തേക്ക് 14 അടി ഉയരത്തിൽവരെ തിരയടിച്ചുകയറാമെന്ന് ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ തലവൻ ബ്രോക്ക് ലോങ് പറഞ്ഞു. കൊടുങ്കാറ്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകുന്നുണ്ടെന്നും ഏത് സ്ഥിതിവിശേഷത്തെയും നേരിടാൻ ദുരന്തനിവാരണ ഏജൻസി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. 2001-നുമുമ്പ് നിർമ്മിച്ച കെട്ടിടങ്ങൾക്ക് താങ്ങവുന്നതിലധികം വേഗത്തിലാണ് കാറ്റ് വീശിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.