മീ ടു ക്യാമ്പെയ്‌നിൽ തിളച്ചുമറിയുകയാണ് ഇന്ത്യയിപ്പോൾ. കേന്ദ്രമന്ത്രി എം.ജെ. അക്‌ബറും മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയും നടൻ മുകേഷും മുതിർന്ന മാധ്യമപ്രവർത്തകരുമൊക്കെ മീ ടൂവിൽ കുരുങ്ങിയിരിക്കുകയാണ്. മുമ്പെന്നത്തേക്കാളും സ്ത്രീകൾ തൊഴിലിടത്ത് നിറയുന്ന ഇക്കാലത്ത് കുരുക്കിൽപ്പെടാതെ ജോലി ചെയ്യുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ജോലി സ്ഥലത്ത് സ്ത്രീയെ സുരക്ഷിതയാക്കുന്നതിന് ഒട്ടേറെ നിയമങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്.

1997-ൽ സുപ്രീംകോടതി കൊണ്ടുവന്ന വിശാല ചട്ടങ്ങൾ അതിനുള്ളതാണ്. 2013 ഡിസംബറിൽ ഈ മാർഗനിർദേശങ്ങൾ ഒന്നുകൂടി ശക്തമാക്കി നിയമമായി. തൊഴിലിടത്ത് സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം (പോഷ് ആക്ട്) നിലവിൽ വരികയും ഇന്ത്യൻ ശിക്ഷാനിയമത്തിൽ 354-ാം വകുപ്പായി അതുൾപ്പെടുത്തുകയും ചെയ്തു. ഓരോതരത്തിലുള്ള അതിക്രമവും അതിനുള്ള ശിക്ഷയും നിശ്ചയിക്കുന്നത് ഈ വകുപ്പനുസരിച്ചാണ്. ഇതിന് പുറമെ, സ്ഥാപനത്തിൽ ഇത്തരമൊരു സംഭവമുണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാൻ തൊഴിലുടമയും ബാധ്യസ്ഥനായി.

ജോലി സ്ഥലത്ത് സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ പലതരത്തിലാണ് നിയമത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ശാരീരികമായ സ്പർശനം, ലൈംഗികച്ചുവയള്ള ആവശ്യങ്ങൾ, അഭ്യർത്ഥനകൾ, പരാമർശങ്ങൾ, നീലച്ചിത്രം കാണിക്കൽ, വാക്കുകൊണ്ടോ നോട്ടംകൊണ്ടോ ആംഗ്യം കൊണ്ടോ ഉള്ള സൂചനകൾ എന്നിവ ഇതിന്റെ പരിധിയിൽവരും. സഹപ്രവർത്തകനിൽനിന്നുള്ള അസുഖകരമായ പെരുമാറ്റം സ്ത്രീക്ക് റിപ്പോർട്ട് ചെയ്യാനാവും.

സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നിനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കുമുണ്ട്. ലൈംഗികാതിക്രമവും ലൈംഗികാധിക്ഷേപവും സംബന്ധിച്ച നിർദേശങ്ങളും മുന്നറിയിപ്പുകളും എല്ലാ തൊഴിലാളികളെയും അറിയിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ഇത്തരം കുറ്റങ്ങൾക്ക് തക്കതായ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും വേണം. പത്തോ അതിലേറെയോ തൊഴിലാളികളുള്ള സ്ഥാപനത്തിൽ ഇത്തരം ആരോപണങ്ങളുയർന്നാൽ, അന്വേഷിക്കാൻ ഇന്റേണൽ സമിതിയെയും നിയോഗിക്കണം.

ഈ സമിതി കമ്പനിയുടെ എല്ലാ യൂണിറ്റുകളിലും ഉണ്ടായിരിക്കണം. ഇതിൽ കുറഞ്ഞത് നാലംഗങ്ങളെങ്കിലും വേണം. അതിൽ പകുതി സ്ത്രീകളായിരിക്കുകയും വേണം. ഇതിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് മുതിർന്ന സ്ത്രീ തൊഴിലാളിയായിരിക്കണം ഉണ്ടാവേണ്ടത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പുറത്തുനിന്നുള്ള ഒരു സന്നദ്ധപ്രവർത്തകയും ഈ സമിതിയിൽ അംഗമായിരിക്കണം. പത്തിൽക്കുറവ് ജീവനക്കാരുള്ള സ്ഥാപനത്തിൽ ഇത്തരമൊരു സമിതിയുടെ ആവശ്യമില്ല. അവിടെയുണ്ടാകുന്ന പരാതികൾ ഒാോ ജില്ലയിലെയും ഉത്തരവാദപ്പെട്ട ഓഫീസറെയാണ് അറിയിക്കേണ്ടത്. തുടർനടപടികൾ അവർ കൈക്കൊള്ളും.